തിരുവനന്തപുരം: ഭർത്താവിന്റെ സുഹൃത്തുക്കൾ, സ്വന്തം സഹപ്രവർത്തകർ, ജോലി സ്ഥലത്ത്, അതും എഷ്യാനെറ്റ് പോലുള്ള ഒരു പ്രോഗ്രാം ചാനലിൽ പെൺവേട്ടക്കാരായി മാറുമ്പോൾ അബലയായ ഒരു പെൺകുട്ടിക്ക്, ഒരു സ്ത്രീയ്ക്ക് എത്ര കാലം പിടിച്ച് നിൽക്കാൻ കഴിയും? നീണ്ട പതിനാലു വർഷം ഈ വേട്ടയെ അതിജീവിച്ച്, വെല്ലുവിളികൾ തരണം ചെയ്ത് മുന്നോട്ട് പോയി. ഒടുവിൽ പ്രതികാര നടപടികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ജോലി രാജിവെച്ച് പുറത്തിറങ്ങി. ഏഷ്യാനെറ്റിലെ ഉന്നതർക്കെതിരെ മീ ടൂ ആരോപണങ്ങളുമായി രംഗത്ത് വന്ന മുൻ പ്രൊഡ്യൂസർ നിഷാ ബാബു മറുനാടനോട് പറഞ്ഞു. നീണ്ട പതിനെഴ് വർഷമാണ് ഏഷ്യാനെറ്റിൽ ഞാൻ ചിലവഴിച്ചത്. അത് ഒരു ചെറിയ കാലഘട്ടമല്ല. എന്റെ യൗവനകാലം മുഴുവൻ ഏഷ്യാനെറ്റിൽ കണ്ണീരോട് കൂടി കുഴിച്ചിട്ട വ്യക്തിയാണ് ഞാൻ. എന്റെ സ്‌കൂൾ പഠനകാലമല്ല ഇത്. മലയാളികളുടെ ഒരു കൺസെപ്റ്റ് ഉണ്ടല്ലോ. കല്യാണം കഴിച്ച്, ഭാര്യയായി, കുട്ടികളുമായി കഴിയുന്ന ഒരു യൗവനഘട്ടം. ആ ഘട്ടമാണ് പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങി ഹോമിക്കപ്പെട്ടത്.

ഏഷ്യാനെറ്റിലെ മേലാളന്മാരുടെ ഇഷ്ടക്കാരിയായി മാറാത്തതുകൊണ്ട് നീണ്ടു നിന്ന പീഡനങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. പ്രോഗ്രാമുകളിൽ നിന്ന് ഒഴിവാക്കി. ശമ്പള വർദ്ധനവ് നൽകിയില്ല. റിപ്പോർട്ട് ചെയ്യാൻ വരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന മാനസിക പീഡനങ്ങൾ അനവധി. അങ്ങിനെ ഒരു ഘട്ടത്തിലാണ് ഇനി എനിക്ക് ഏഷ്യാനെറ്റിന്റെ കാശ് വേണ്ട എന്ന് പറഞ്ഞു കണ്ണീരോടെ മടങ്ങുന്നത്. പത്ത് തവണ ഞാൻ വർക്ക് ചെയ്യുന്നില്ലാ എന്ന് ആവർത്തിച്ച് പറയുമ്പോൾ അതൊരു സത്യമായി മാറും. എന്ത് വർക്ക് ചെയ്താലും അത് കാണുകയുമില്ല. അതെല്ലാം ഹൈഡ് ചെയ്യാൻ നിരന്തര ശ്രമങ്ങൾ നടന്നു.

എനിക്ക് നേരെ തുടർച്ചയായി ലൈംഗിക അതിക്രമങ്ങൾക്ക് മുതിർന്ന എം.ആർ.രാജനോ ദിലീപോ പത്മകുമാറോ അല്ല എന്റെ ലക്ഷ്യം. ഇവർക്ക് നേരെയുള്ള വ്യക്തിപരമായ പ്രതികാരത്തിനുള്ള പ്ലാറ്റ്‌ഫോമല്ല എനിക്ക് ഈ മീ ടൂ വെളിപ്പെടുത്തൽ. മീ ടൂ വിൽ നിന്ന് പെൺകുട്ടികൾക്ക്, സ്ത്രീകൾക്ക് കവചമൊരുക്കലാണ് എന്റെ ലക്ഷ്യം. ഇപ്പോൾ ഏഷ്യാനെറ്റിൽ തുടരുന്ന, മറ്റ് സ്ഥാപനങ്ങളിൽ തുടരുന്ന പെൺകുട്ടികളുടെ സുരക്ഷ അതാണ് എന്റെ ലക്ഷ്യം. ഇനി വരുന്ന ജനറേഷന് മീ ടൂവിൽ നിന്നും രക്ഷവേണം. വീട്ടുജോലിക്കാരി സ്ത്രീ ആണെങ്കിൽ പോലും അവർക്ക് രക്ഷ വേണം. തൊഴിൽ ചെയ്ത് സുരക്ഷിതമായി മടങ്ങിപ്പോകാനുള്ള അവസരം ഉണ്ടാക്കണം.

ഭർത്താവിന്റെ മരണശേഷം ഏഷ്യാനെറ്റിലെ ചിലർ എന്നോടു ചോദിച്ചത് കാര്യങ്ങൾ എങ്ങിനെ പോകുന്നു എന്നാണ്. എന്താണ് അവർ അർത്ഥമാക്കുന്നത്. തിരികെ നിന്ന് ഞാൻ ചോദിച്ചു: എന്ത് കാര്യങ്ങൾ? എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞാൻ തിരിച്ചു ചോദിച്ചു. അല്ല കല്യാണം ഒക്കെ കഴിഞ്ഞതല്ലേ, പല പല ആഗ്രഹങ്ങൾ കാണുമല്ലോ? ഞാൻ തിരിച്ചു ചോദിച്ചു: നിന്റെ പെങ്ങൾക്ക് ആണ് ഈ ഗതി വന്നതെങ്കിൽ നീ ഇത് അവളോട് ചോദിക്കുമോ? നിന്റെ പെങ്ങളുടെ ഭർത്താവ് ആണ് മരിച്ചതെങ്കിൽ പെങ്ങളുടെ കാമഭ്രാന്ത് തീർക്കാൻ ഇത് നീ അവളോട് ചോദിക്കുമോ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ഇതോടെ അവന്റെ കഥ കഴിഞ്ഞു. മിനിമം ബോൾഡ് ആയി സംസാരിക്കുന്ന എന്നോടു ആണ് എഷ്യാനെറ്റിലെ ഒരുത്തൻ ഇങ്ങിനെ ചോദിച്ചത്. അപ്പോൾ അവിടെ ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്ന പാവം പെൺകുട്ടികളുടെ അവസ്ഥ ഏത് വിധമായിരിക്കും. ആലോചിക്കേണ്ട കാര്യമാണ്.

മീ ടൂ വെളിപ്പെടുത്തൽ ഏഷ്യാനെറ്റിലെ ഉന്നതർക്കെതിരെ നടത്തി മുന്നോട്ട് പോകുമ്പോൾ എന്റെ ദേഹത്തും ചെളി തെറിപ്പിക്കാൻ ആളുകൾ ഉണ്ടാകും എന്ന് ഞാൻ കരുതുന്നുണ്ട്. ഈ വെളിപ്പെടുത്തൽ എനിക്ക് ഇഷ്ടമുണ്ടായിട്ട് ഞാൻ നടത്തുന്നതല്ല. എന്നിട്ടും ഞാൻ മുന്നോട്ട് പോകുന്നത് ഇത്തരം ദുരനുഭവങ്ങൾ ആർക്കും ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ്. മീ ടൂ വെളിപ്പെടുത്തൽ നടത്തിയതിന്റെ പേരിൽ എന്റെ ജീവിതം തകർന്നാലും ഞാൻ ദുഃഖിക്കുന്നില്ല. കാരണം നാണം കെടാൻ എനിക്ക് ഒരു പിൻതലമുറയില്ല. എനിക്ക് കുട്ടികൾ ഇല്ല. ഞാൻ തുറന്നു പറച്ചിൽ തന്നെയാണ് നടത്തിയിരിക്കുന്നത്. മറ്റു പെൺകുട്ടികൾ, സ്ത്രീകൾ ഈ രീതിയിലുള്ള തുറന്നു പറച്ചിലുകൾ നടത്തിയില്ലെങ്കിൽ ജോലി സ്ഥലത്ത് സുരക്ഷിതയായി നിൽക്കാൻ. ഇനിയും ഒരുപാട് കാലം പെൺകുട്ടികൾക്ക് കാത്തിരിക്കേണ്ടി വരും. എന്റെ വെളിപ്പെടുത്തൽ കേട്ടിട്ടെങ്കിലും മറ്റു പെൺകുട്ടികൾ മീ ടൂ വെളിപ്പെടുത്തലുമായി രംഗത്ത് വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഭർത്താവായിരുന്ന സുരേഷ് പട്ടാളിയുടെ മരണം മുതലെടുത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെയാണ് എന്റെ നേരെ വേട്ടയ്ക്ക് ഇറങ്ങിയത്. പിടിച്ചു നിൽക്കാൻ കഴിയുന്നതിന്റെ അങ്ങേയറ്റം ഞാൻ പിടിച്ചു നിന്നു. എനിക്ക് ലോണുകൾ ഉണ്ടായിരുന്നു. ജീവിക്കാനുള്ള കാശ് വേണ്ടിയിരുന്നു. ഉള്ള ജോലി കളയാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ചെറുത്ത് നിൽപ്പ് എന്റെ ആയുധമായി മാറി. എനിക്ക് മാത്രമല്ല ഏഷ്യാനെറ്റിൽ ലൈംഗിക പീഡനങ്ങൾ നേരിടേണ്ടി വന്നത്. പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഏഷ്യാനെറ്റിൽ തുടർക്കഥയായിരുന്നു.

എന്റെ നേരെ വരുന്ന ലൈംഗിക അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി രണ്ടു പരാതികൾ ആണ് ഞാൻ ഏഷ്യാനെറ്റ് പ്രോഗ്രാം ചാനൽ എച്ച് ആർ വിഭാഗത്തിന് കൈമാറിയത്. ഒരു പരാതിയിൽ പോലും ഒരു നടപടികളും വന്നില്ല. ആ പരാതി എച്ച്ആർ വിഭാഗം തൊട്ടത് പോലുമില്ല. ആ ഘട്ടത്തിൽ ഒരു സ്ത്രീ എന്ത് ചെയ്യും. സ്വന്തമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യും. ലൈംഗിക ആവശ്യങ്ങൾ വരുമ്പോൾ എനിക്ക് താത്പര്യമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറും. അങ്ങിനെയുള്ള ഒഴിഞ്ഞു മാറലാണ് ഏഷ്യാനെറ്റിൽ ഞാൻ നടത്തിയത്. ഔദ്യോഗികമായി പരാതി കൊടുക്കുന്നത് ഞാൻ ഒഴിവാക്കി. കാരണം അപ്പോൾ അത്രയും പ്രതികാര നടപടികൾ കുറച്ച് അഭിമുഖീകരിച്ചാൽ മതിയല്ലോ! പക്ഷെ ലൈംഗിക ആഗ്രഹങ്ങൾക്ക് നേരെ പുറം തിരിഞ്ഞു നിന്നപ്പോൾ ആ ലൈംഗിക ആഗ്രഹം കടുത്ത പ്രതികാരമായി മാറുന്നത് എനിക്ക് കാണേണ്ടി വന്നു. ജീവിതം തന്നെ തകിടം മറിഞ്ഞ പതിനേഴ് വർഷങ്ങൾ ആണ് എനിക്ക് ഏഷ്യാനെറ്റിൽ നേരിടേണ്ടി വന്നത്. അത്രയധികം വ്യക്തിപരമായ ദുരന്തങ്ങൾ എനിക്ക് നേരിടേണ്ടി വന്നു. ഏഷ്യാനെറ്റിൽ നിന്നും ഇറങ്ങിയിട്ടും ഒന്നും വെളിപ്പെടുത്താതെ ഇത്രയും വർഷങ്ങൾ പിന്നെയും ഞാൻ കാത്തിരുന്നു. അന്ന് മീ ടൂ ഉണ്ടായിരുന്നില്ലല്ലോ? ഏഷ്യാനെറ്റിൽ അനുഭവിച്ച പീഡനങ്ങൾ ആരെങ്കിലും വെളിപ്പെടുത്തും എന്ന് ഞാൻ കരുതി. ഈ മീ ടൂ വന്നപ്പോഴും കരുതി. ആരും ഒരു ദുരനുഭവവും വെളിപ്പെടുത്തിയില്ല. എല്ലാവരും ഭയപ്പെടുന്നുണ്ട്. ഒരു പുരുഷനെതിരെ എന്തെങ്കിലും തുറന്നു പറച്ചിൽ വന്നാൽ ഉടൻ വരും. അവൾ ശരിയല്ല. എല്ലാ സ്ത്രീകളും ഇത് ഭയക്കുന്നു.

ആരും വെളിപ്പെടുത്താത്ത ഘട്ടത്തിലാണ് എന്റെ അനുഭവങ്ങൾ ഞാൻ വെളിപ്പെടുത്തുന്നത്. ഏഷ്യാനെറ്റിൽ നിന്നും ഇറങ്ങുമ്പോൾ ഒരു ബുക്ക് എഴുതേണ്ടി വരും എന്ന് ഞാൻ പറഞ്ഞു. അത്രയധികം അനുഭവങ്ങൾ എനിക്കുണ്ട്. അനുഭവങ്ങൾ വെച്ച് ഒരു പുസ്തകം എഴുതിയാൽ പലരുടെയും കുടുംബ ജീവിതങ്ങൾ തകരും എന്നും ഞാൻ പറഞ്ഞിരുന്നു. ഇത് പറഞ്ഞിട്ടാണ് ഞാൻ ഏഷ്യാനെറ്റിൽ നിന്നും ഇറങ്ങുന്നത്.

ജീവിക്കാൻ വേണ്ടിയാണ് ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ്‌റ് ആയി ജോലിക്ക് കയറിയത്. എന്നാൽ അവിടെ തന്നെ പ്രോഡ്യൂസർ ആയിരുന്ന ഭർത്താവ് സുരേഷ് പട്ടാളിയുടെ മരണ ശേഷം സ്ഥിതിഗതികൾ മാറി. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ, എന്റെ സഹപ്രവർത്തകർ ലൈംഗിക ചൂഷണത്തിനുള്ള ഇരയായാണ് എന്നെ കണ്ടത്. ലൈംഗികതയ്ക്കുള്ള ഒരു ഉപകരണമായി ഞാൻ മാറില്ലെന്ന് മനസിലായപ്പോൾ ഞാൻ പ്രതികാരത്തിന്നുള്ള ഇരയായി മാറി. പലവിധത്തിലുള്ള മാനസിക പ്രയാസങ്ങൾ പ്രതികാര നടപടികളുടെ ഭാഗമായി തുടർന്നപ്പോഴാണ് ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിലെ ഉദ്യോഗം രാജിവെച്ച് ഞാൻ പുറത്തിറങ്ങിയത്.

1997 മുതൽ 2000 വരെ ഏഷ്യാനെറ്റിൽ കുഴപ്പമില്ലാത്ത കാലഘട്ടമായിരുന്നു. അന്ന് ഭർത്താവായ സുരേഷ് പട്ടാളി കൂടെയുണ്ടായിരുന്നു. 2000-ൽ ഭർത്താവ് മരിച്ചതിനു ശേഷമുള്ള 2014 വരെയുള്ള കാലഘട്ടം ഈ കാലഘട്ടമാണ് ചൂഷണം നിറഞ്ഞ കാലഘട്ടമായത്. അത് വെല്ലുവിളിയുടെ കാലഘട്ടമായിരുന്നു. അതിജീവനത്തിന്റെ കാലഘട്ടമായിരുന്നു. അതിജീവനം അസാധ്യമായ ഘട്ടത്തിലാണ് 2014 ൽ മനസുമടുത്ത് ഏഷ്യാനെറ്റിൽ നിന്നും ഞാൻ രാജിവെച്ച് ഇറങ്ങുന്നത്. ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് എം.ആർ.രാജൻ, ടെക്‌നിക്കൽ എഞ്ചിനീയർ പത്മകുമാർ, മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപ് എന്നിവരിൽ നിന്നാണ് ലൈംഗിക അതിക്രമങ്ങൾ തനിക്കെതിരെ വന്നത്. ഇതിൽ ദിലീപിന്റെ ലൈംഗിക അതിക്രമങ്ങൾ സഹിക്കാൻ കഴിയാതെ ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിൽ നിന്ന് രണ്ടു പെൺകുട്ടികൾ രാജിവെച്ച് പോയിട്ടുണ്ട്. പിസിആറിൽ നിന്ന് പത്മകുമാർ ലൈംഗിക അതിക്രമങ്ങൾ തുടരുമ്പോൾ പ്രൊഡ്യൂസർമാരായ പെൺകുട്ടികൾക്ക് അത് വെളിയിൽ പറയാനോ പരാതിയായി പറയാനോ ഉള്ള ധൈര്യമില്ലായിരുന്നു. അന്നത്തെ സ്റ്റാഫുകൾക്ക് എല്ലാം ഈ കാര്യം അറിയാമായിരുന്നു. പക്ഷെ എല്ലാവരും അത് മനസ്സിൽ ഒളിപ്പിച്ചു വെച്ചു. അന്ന് മീ ടൂ ഉണ്ടായിരുന്നില്ലല്ലോ?

എനിക്ക് പിടിച്ചു നിൽക്കേണ്ടിയിരുന്നു. ലൈംഗിക അതിക്രമങ്ങൾക്കെതിരെ ഞാൻ പിടിച്ചു നിന്നത് നീണ്ട പതിനാല് വർഷങ്ങൾ ആണ്. ലോണുകൾ അടച്ച് തീരേണ്ടിയിരുന്നു. ജീവിക്കാനുള്ള കാശ് വേണ്ടിയിരുന്നു. അപ്പോൾ ജോലി രാജിവെച്ച് പുറത്തിറങ്ങിയാൽ എന്നെപോലുള്ള ഒരു സ്ത്രീ എന്ത് ചെയ്യും? ജോലിയിൽ തുടർന്നതിന്റെ കാരണങ്ങളിലേക്ക് നിഷാ ബാബു വിരൽ ചൂണ്ടി. ഞാൻ ഒരു സാധാരണ സ്ത്രീയാണ്. ചെറുപ്പകാലത്ത് തന്നെ വിധവയാകാനുള്ള യോഗം വന്നു. തിരിച്ചടികളുടെ ഒരു പ്രളയമാണ് എനിക്ക് എന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല കാലത്ത് നേരിടേണ്ടി വന്നത്. പലപ്പോഴും തുറിച്ച് നോട്ടങ്ങൾ എന്റെ നേരെ നീണ്ടു വന്നപ്പോൾ ഒന്നും മിണ്ടാതെ പലപ്പോഴും ഏഷ്യാനെറ്റിൽ നിൽക്കേണ്ടി വന്നു. എന്നിട്ടും എന്നെപ്പോലുള്ള സ്ത്രീകൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഇത് ഒരു ദുരന്തമാണ്. തൊഴിലിടങ്ങളിൽ സ്ത്രീ നേരിടുന്ന ദുരന്തം. ഒട്ടനവധി തുറന്നു പറച്ചിലുകൾ ഈ കേരളക്കരയിൽ നിന്നും മീ ടൂ ആയി ഉയരട്ടെ. അത്രയധികം പെൺകുട്ടികൾ മീ ടൂ വിനു ഇരയായിട്ടുണ്ട്. എല്ലാവരും എല്ലാം തുറന്നു പറയട്ടെ. കുറ്റക്കാരായവരുടെ മുഖം മൂടികൾ പിച്ചിച്ചീന്തപ്പെടട്ടെ-നിഷാ ബാബു പറയുന്നു.