- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമങ്ങൾ ആദ്യം 'കൊലപ്പെടുത്തി'; തൊട്ടടുത്ത ദിവസം നിഷ ദഹിയ ദേശീയ ചാമ്പ്യനായി; പഞ്ചാബിന്റെ ജസ്പ്രീത് കൗറിനെ 30 സെക്കന്റിനുള്ളിൽ മലർത്തിയടിച്ച് ഗുസ്തി താരം
ലക്നൗ: ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഇന്ത്യൻ ഗുസ്തി താരം നിഷ ദഹിയ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. ഹരിയാനയിലെ സോനപതിൽ നിഷ വെടിയേറ്റ് കൊല്ലപ്പെട്ടെന്നായിരുന്നു മാധ്യമങ്ങൾ തെറ്റായി വാർത്ത നൽകിയത്. എന്നാൽ താൻ കൊല്ലപ്പെട്ടിട്ടില്ലെന്നും സുരക്ഷിതയാണെന്നും വ്യക്തമാക്കി താരം രംഗത്തെത്തി.
ആ ദുഃഖ വാർത്ത മാധ്യമങ്ങളിൽ നിറയുമ്പോൾ ഉത്തർ പ്രദേശിൽ ദേശീയ ഗുസതി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നിഷ. ഇതിന് പിന്നാലെ ദേശീയ ചാമ്പ്യൻഷിപ്പിൽ നിഷ സ്വർണ മെഡൽ നേടി ദേശീയ ചാമ്പ്യനായി മറിയെന്ന എന്ന സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്.
65 കിലോഗ്രാം വിഭാഗത്തിലാണ് 23-കാരി സ്വർണം കഴുത്തിലണിഞ്ഞത്. ഫൈനലിൽ പഞ്ചാബിന്റെ ജസ്പ്രീത് കൗറിനെ 30 സെക്കന്റിനുള്ളിൽ നിഷ മലർത്തിയടിച്ചു. ദേശീയ ചാമ്പ്യൻഷിപ്പിൽ നിഷയുടെ തുടർച്ചയായ രണ്ടാം സ്വർണ മെഡലാണിത്.
'ദേശീയ ചാമ്പ്യൻഷിപ്പിലെ എന്റെ യാത്രക്ക് ഏറ്റവും മികച്ച പരിസമാപ്തി വന്നതിൽ ഏറെ സന്തോഷമുണ്ട്. ഇന്നലെ ഒരുപാട് സമ്മർദ്ദങ്ങളിലൂടെയാണ് കടന്നുപോയത്. രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. എന്നാൽ അതെല്ലാം അതിജീവിച്ച് മെഡൽ നേടാനായി', മത്സരശേഷം വാർത്താ ഏജൻസിയായ പിടിഐയോട് നിഷ പ്രതികരിച്ചു.
ഗുസ്തിയിൽ യൂണിവേഴ്സിറ്റി തലത്തിൽ വിജയിയായ നിഷ ദഹിയ എന്ന താരമാണ് കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹലാൽപുരിലുള്ള സുശീൽ കുമാർ അക്കാദമിയിലാണ് നിഷ ദഹിയയേയും സഹോദരൻ സൂരജിനേയും നിഷയുടെ പരിശീലകൻ പവൻ കുമാർ വെടിവെച്ച് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ടത് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ നിഷ ദഹിയ ആണെന്ന് മാധ്യമങ്ങൾ തെറ്റിദ്ധരിക്കുകയായിരുന്നു. പേരിലെ സാമ്യം കാരണമാണ് മാധ്യമങ്ങൾക്ക് തെറ്റുപറ്റിയത്. ഇതിന് പിന്നാലെ താൻ ജീവിച്ചിരിപ്പുണ്ടെന്നും സുരക്ഷിതയാണെന്നും വ്യക്തമാക്കി നിഷ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.
നേരത്തെ സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന അണ്ടർ-23 ലോക ചാമ്പ്യൻഷിപ്പിൽ 65 കിലോഗ്രാം വിഭാഗത്തിൽ നിഷ വെങ്കലം നേടിയിരുന്നു. 2014-ൽ ശ്രീനഗറിൽ നടന്ന കേഡറ്റ് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് നിഷ ശ്രദ്ധാകേന്ദ്രമാകുന്നത്. അതേവർഷം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 49 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടി ആദ്യ അന്താരാഷ്ട്ര മെഡൽ കഴുത്തിലണിഞ്ഞു. അടുത്ത വർഷം നേട്ടം വെള്ളിയിലെത്തി. 2015-ലെ ദേശീയ ചാമ്പ്യൻഷിപ്പിൽ വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്.
എന്നാൽ ഈ നേട്ടത്തിന് ശേഷം താരം ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. ലോക ഉത്തേജക വിരുദ്ധ ഏജൻസി നിരോധിച്ച മെലഡോനിയം ഉപയോഗിച്ചതായി കണ്ടെത്തി. തുടർന്ന് നാല് വർഷത്തെ വിലക്ക് നേരിട്ടു. അതിനുശേഷം 2019ൽ അണ്ടർ-23 ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഗുസ്തിക്കളത്തിലേക്ക് തിരിച്ചെത്തി.
സ്പോർട്സ് ഡെസ്ക്