കഹലാൽപുർ :വെടിവെയ്‌പ്പിൽ കൊല്ലപ്പെട്ടന്ന വാർത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ രംഗത്ത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ലൈവ് വീഡിയോ പങ്കുവച്ചാണ് താരം വ്യാജ വാർത്തക്കെതിരേ പ്രതികരിച്ചത്. ഒളിമ്പിക്സ് വെങ്കല മെഡൽ ജേത്രി സാക്ഷി മാലിക്കിനൊപ്പമാണ് നിഷ വീഡിയോ പങ്കുവെച്ചത്.

നേരത്തെ നിഷ ദഹിയയും സഹോദരൻ സൂരജും ഹരിയാനയിലെ സോനാപതിലെ ഹലാൽപുരിലുള്ള സുശീൽ കുമാർ റെസ്ലിങ് അക്കാദമിയിൽ വെച്ച് കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.ദേശീയ തലത്തിൽ തന്നെ വാർത്ത പ്രചരിക്കുകയും ചെയ്തിരുന്നു. അജ്ഞാതരുടെ വെടിയേറ്റാണ് നിഷയും സഹോദരനും കൊല്ലപ്പെട്ടതെന്നും അമ്മ ധൻപതിക്കും വെടിവെയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നുമായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നത്.

വാർത്തകൾ പ്രചരിക്കുകയും സത്യവസ്ഥ അറിയാനായി കായികതാരങ്ങൾ ഉൾപ്പടെ പരിശ്രമിക്കുന്നതിനിടെയാണ് താൻ കൊല്ലപ്പെട്ടിട്ടില്ലെന്നും സുരക്ഷിതയായി ഇരിക്കുന്നുവെന്നും വീശദീകരിച്ച് നിഷ തന്നെ ലൈവായി രംഗത്ത് വന്നത്.വാർത്ത എങ്ങിനെ ഉണ്ടായി എ്ന്നു അറിയില്ലെന്നും ആരും ആശങ്കപ്പെടെണ്ടതില്ലെ്ന്നും താരം വിശദീകരിച്ചു.

 

 
 
 
View this post on Instagram

A post shared by Nisha Dahiya (@nisha_dahiya_07)

കഴിഞ്ഞ വെള്ളിയാഴ്‌ച്ച സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന അണ്ടർ-23 ചാമ്പ്യൻഷിപ്പിൽ 65 കിലോഗ്രാം വിഭാഗത്തിൽ നിഷ വെങ്കലം നേടിയിരുന്നു. 2014-ൽ ശ്രീനഗറിൽ നടന്ന കേഡറ്റ് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് നിഷ ശ്രദ്ധാകേന്ദ്രമാകുന്നത്. അതേവർഷം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 49 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടി ആദ്യ അന്താരാഷ്ട്ര മെഡൽ കഴുത്തിലണിഞ്ഞു. അടുത്ത വർഷം നേട്ടം വെള്ളിയിലെത്തി. 2015-ലെ ദേശീയ ചാമ്പ്യൻഷിപ്പിൽ വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്.

എന്നാൽ ഈ നേട്ടത്തിന് ശേഷം താരം ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. ലോക ഉത്തേജക വിരുദ്ധ ഏജൻസി നിരോധിച്ച മെലഡോനിയം ഉപയോഗിച്ചതായി കണ്ടെത്തി. തുടർന്ന് നാല് വർഷത്തെ വിലക്ക് നേരിട്ടു. ഇതോടെ റെയിൽവേസിൽ ലഭിക്കേണ്ട ജോലിയും യുവതാരത്തിന് നഷ്ടപ്പെട്ടു.

ഇതോടെ ഗുസ്തിയിൽ നിന്ന് വിരമിക്കുന്നത് വരെ നിഷ ആലോച്ചിരുന്നു. എന്നാൽ സുഹൃത്തുക്കൾ നൽകിയ പിന്തുണയിൽ പരിശീലനം തുടരുകയായിരുന്നു. റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേത്രി സാക്ഷി മാലിക് ഉൾപ്പെടെയുള്ളവർ നിഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. റോതക്കിൽ സാക്ഷിക്കൊപ്പം താരം പരിശീലനവും നേടി. തുടർന്ന് 2019-ൽ അണ്ടർ-23 ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഗുസ്തിക്കളത്തിലേക്ക് തിരിച്ചെത്തി.