കൊച്ചി: ആറുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പേഴ്‌സി ജോസഫ് വിജയം നേടിയത്. ഐ.പി.എസ്. ഉദ്യോഗസ്ഥയുൾപ്പെട്ട പൊലീസിനെതിരേയായിരുന്നു ഇടപെടൽ. പലവിധത്തിലുള്ള ഭീഷണികളുയർന്നു. ഒടുവിൽ തന്നെ ഉപദ്രവിച്ച പൊലീസുകാർക്കെതിരേ വകുപ്പുതല നടപടിക്ക് സർക്കാർ തീരുമാനിച്ചതോടെ പെഴ്സി ജോസഫ് ഡെസ്മണ്ട് ആശ്വാസത്തിലായി. എന്നാൽ എല്ലാ അർത്ഥത്തിലും കോടതിയുടെ തീരുമാനം അട്ടിമറിക്കാനാണ് നീക്കം. വനിതാ ബറ്റാലിയൻ കമൻഡാന്റ്ാമ് നിലവിൽ ആർ.നിശാന്തിനി. തൊടുപുഴ എഎസ്‌പിയായിരുന്നപ്പോൾ ബാങ്ക് മാനേജരെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡയിൽ മർദിച്ചെന്ന പരാതിയിലാണു വകുപ്പുതല അന്വേഷണത്തിനു നടപടി.

യൂണിയൻ ബാങ്ക് പെരുമ്പാവൂർ ശാഖയിൽ ചീഫ് മാനേജരായ ഇദ്ദേഹത്തിനെതിരേ മൂന്നാംമുറ പ്രയോഗിച്ചതിന് ഐ.പി.എസ്. ഉദ്യോഗസ്ഥയായ ആർ. നിശാന്തിനി ഉൾപ്പെടെ ആറുപൊലീസുകാർക്കെതിരേയാണ് നടപടിയെടുക്കാൻ പൊലീസ് മേധാവിയോട് സർക്കാർ നിർദേശിച്ചിരിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ നളിനി നെറ്റോ, കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും നിലപാടുകൾ കേട്ടശേഷമാണ് നടപടിക്ക് ശുപാർശചെയ്തത്. ഹൈക്കോടതി നിർദേശപ്രകാരമാണിത്. എന്നാൽ പേഴ്‌സി ജോസഫിന് ഉണ്ടായ നഷ്ടത്തിന് സമാനമായതൊന്നും കുറ്റക്കാർക്ക് സംഭവിക്കില്ല. വകുപ്പ് തല അന്വേഷണവും നടപടിയും പേരിൽ മാത്രം ഒതുങ്ങും.

വകുപ്പുതല നടപടികൾക്കു മുൻപ് ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ആരോപണങ്ങൾ പരിശോധിക്കും. അന്വേഷണ സമിതിയുടെ ശുപാർശയിലാകും ഐപിഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അന്തിമ തീരുമാനമെടുക്കുക. ഈ റിപ്പോർട്ട് എന്ന് തയ്യാറാകുമെന്നോ അതിൽ എന്ത് നടപടിയെടുക്കുമെന്നോ ആർക്കും വ്യക്തതയൊന്നുമില്ല. താക്കീതോ ശാസനയോ നൽകി ഹൈക്കോടതിയുടെ കണ്ണിൽ പൊടിയിടുന്ന തരത്തിൽ ശിക്ഷ നടക്കാനാകും പൊലീസ് ശ്രമിക്കുക. ഇതിലൂടെ നിശാന്തിനിക്ക് സർവ്വീസിൽ കാര്യമായ പ്രശ്‌നമൊന്നും ഉണ്ടാകില്ല. ശാസനയും സ്ഥലം മാറ്റവും ഇൻക്രിമെന്റ് നഷ്ടവുമെല്ലാം അച്ചടക്ക നടപടിയാണ്. അതിന് അപ്പുറം ഒന്നും ഇവിടെ സംഭവിക്കില്ല,

സ്ത്രീപീഡനം ആരോപിച്ചാണു ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്തത്. ഈ കേസ് പിന്നീട് കോടതി റദ്ദാക്കി. കള്ളക്കേസിൽ കുരുക്കുകയും കസ്റ്റഡയിൽ മർദിക്കുകയും ചെയ്‌തെന്ന മാനേജരുടെ പരാതിയിൽ നേരത്തേ അന്വേഷണം നടന്നിരുന്നു. നിശാന്തിനിയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരും കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടർന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടപടിക്ക് ഉത്തരവും ഇറങ്ങി. പിന്നീട് ആ ഉത്തരവ് മരവിപ്പിച്ചു. ഇതിനെ ചോദ്യംചെയ്ത മാനേജർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ നാലു മാസത്തിനകം തീർപ്പുണ്ടാക്കാൻ സർക്കാരിനു നിർദ്ദേശം നൽകി. സംഭവത്തെക്കുറിച്ച് എറണാകുളം റൂറൽ എസ്‌പി: എ.വി.ജോർജാണ് അന്വേഷണം നടത്തി ആദ്യം റിപ്പോർട്ട് നൽകിയത്. മനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിയും പൊലീസുകാർക്കെതിരെ നടപടിക്കു ശുപാർശ നൽകിയിരുന്നു. ഈ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണു നിശാന്തിനിക്കെതിരെ വകുപ്പതല നടപടിക്ക് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയത്.

പെഴ്സി ജോസഫ് തൊടുപുഴ ബ്രാഞ്ചിൽ ജോലിചെയ്യവേ 2011 ജൂലായ് 26-നാണ് സംഭവം. ബാങ്കിൽ വാഹനവായ്പയ്ക്കെത്തിയ വി.ഡി. പ്രമീള എന്ന പൊലീസുകാരിയുടെ കൈയിൽ കയറിപ്പിടിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അന്ന് തൊടുപുഴ എ.എസ്‌പി.യായിരുന്നു നിശാന്തിനി. ആ ദിവസത്തെക്കുറിച്ച് പെഴ്സി പറയുന്നതിങ്ങനെ: 'നിശാന്തിനി എന്റെ മുഖത്ത് രണ്ടുതവണ അടിച്ചു. പൊലീസുകാർ നന്നായി മർദിച്ചു. തറയിൽ ഇരുത്തിയശേഷം ലാത്തികൊണ്ട് കാൽവെള്ളയിൽ അടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കുമനസ്സിലായില്ല. സ്ത്രീവിഷയമായതിനാൽ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ അപമാനിതനായി. പിന്നീട് ഈ കേസിൽ പോരാട്ടം ആരംഭിക്കുകയായിരുന്നു.

പരാതി നൽകിയതിനെത്തുടർന്ന് അന്നത്തെ ഇടുക്കി എസ്‌പി. ജോർജ് വർഗീസ് അന്വേഷിച്ചെങ്കിലും പൊലീസുകാർക്ക് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. എന്നാൽ, ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങൾ തനിക്ക് തുണയായെന്ന് പെഴ്സി പറയുന്നു. 'ഞാൻ സീറ്റിൽനിന്ന് എഴുന്നേൽക്കുന്നതായിപ്പോലും ഇതിലില്ലായിരുന്നു''. തൊടുപുഴയിലെ ഒരു കോൺഗ്രസ് വനിതാനേതാവിന് തന്നോടുണ്ടായ വിരോധമാണ് ഇതിന് കാരണമെന്ന് പേഴ്‌സി പറയുന്നു.''നേതാവ് ഇടപെട്ട ഒരു കേസിൽ ജപ്തിനടപടി നിർത്തിവെക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. സംഭവദിവസം രാവിലെ ഇവരുടെ ഭർത്താവ് ബാങ്കിലെത്തി ഒരു കാർഷികവായ്പ ആവശ്യപ്പെട്ടെങ്കിലും ഭവനവായ്പയ്ക്ക് കുടിശ്ശികയുണ്ടായിരുന്നതിനാൽ സമ്മതിച്ചില്ല. തുടർന്ന് കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തിയാണ് പോയത്. അന്ന് വൈകീട്ടാണ് സംഭവമുണ്ടായത്.''

മജിസ്ട്രേറ്റ് കോടതി, മനുഷ്യാവകാശകമ്മിഷൻ, ഹൈക്കോടതി, സർക്കാരുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ്... അങ്ങനെ എല്ലാ വാതിലും മുട്ടി. കേസ് നടപടികൾനടക്കെ ഒരു ദിവസം വൈറ്റിലയിലെ പെഴ്സിയുടെ വീടിനുസമീപം രണ്ട് പൊലീസുകാരെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിനെതിരേ മനുഷ്യാവകാശ കമ്മിഷനിൽ പോയപ്പോൾ പൊലീസിനെ ശക്തിയായി ശാസിച്ചു. വി.ഡി. പ്രമീളയുടെ പരാതി സംശയകരമാണെന്നും ഒരു കെണിയാണോയെന്ന് സംശയിക്കണമെന്നുമാണ് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ തൊടുപുഴ മജിസ്ട്രേറ്റ് കോടതി വിധിയിലുള്ളത്. കേസ് നടത്തുന്നതിന് ബാങ്ക് സാമ്പത്തികമായി സഹായിച്ചു. അദ്ധ്യാപികയായ ഭാര്യ ആശ, മകൻ എയർ ഇന്ത്യയിൽ പൈലറ്റായ സ്വരൂപ്, ബാഡ്മിന്റൺ താരമായ മകൾ സിൻഡ പെഴ്സി എന്നിവർ നൽകിയ മാനസികപിന്തുണയും വലുതായിരുന്നുവെന്ന് പേഴ്‌സി പറയുന്നു.