കൊച്ചി: നഗരത്തിലെ അംബരചുംബിയായ ഡ്രീംസ് ഹോട്ടലിൽ നടന്ന ഉപരിവർഗ നിശാപാർട്ടിയിലേക്ക് ബുൾഗാൻ താടിയും കൂളിങ് ഗ്ലാസും ജീൻസും ടീ ഷർട്ടുമൊക്കെ ധരിച്ച് ഷാഡോ പൊലീസ് എസ്.ഐ അനന്തലാൽ, ഒപ്പം ഏതാണ്ട് സമാനവേഷത്തോടെ വനിതാ പൊലീസും ചാടിക്കയറിവന്നു. സിറ്റി പൊലീസിന്റെ ചരിത്രത്തിൽ ഇത്തരമൊരു മയക്കുമരുന്നുവേട്ട അതിമൊരു ആഡംബര ഹോട്ടലിൽ അത്യപൂർവം. അറസ്റ്റിനു തൊട്ടുമുൻപ് യൂണിഫോമിൽ എത്തിയ ചെറുപ്പക്കാരിയായ ഓഫീസർ അത് സാങ്കേതികമായി രേഖപ്പെടുത്തുമ്പോൾ പത്രക്കാരുൾപ്പെടെ പൊതുജനം അമ്പരന്നു. പിന്നെ ആർ നിശാന്തിനിയെന്ന ഐ.പി.എസ്സുകാരിയെ വാഴ്‌ത്തിപ്പാടി. ഷാഡോ പൊലീസിനെ ഉപയോഗിച്ചുള്ള ആദ്യ മയക്കുമരുന്നുവേട്ട പൂർണമായും ആർ. നിശാന്തിനിയുടെ തലയിലുദിച്ച ബുദ്ധിയാണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടത് പിന്നീടായിരുന്നു.

മയക്കുമരുന്ന്, പെൺവാണിഭം പോലുള്ള ഉപരിവർഗ കുറ്റകൃത്യങ്ങൾ തടയുക, അത് പരമാവധി മാദ്ധ്യമങ്ങൾക്ക് മുൻപിൽ എത്തിക്കുക, ഭാവിയിൽ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽനിന്നു ചെറുപ്പക്കാരെ തടയുക, അതിലൂടെ ലഭിക്കുന്ന മാദ്ധ്യമശ്രദ്ധ കൃത്യമായി ഉപയോഗിക്കുക, ഇതായിരുന്നു നിശാന്തിനി ലക്ഷ്യമിട്ടത്. ഇങ്ങനെ ഡൽഹി ജവഹർലാൽ നെഹ്രു യൂനിവേഴ്‌സിറ്റിയിൽ നിന്നു പഠിച്ച രാഷ്ട്രീയതന്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു നിശാന്തിനിയുടെ കൊച്ചിയിലെ വളർച്ച. മറ്റ് ഉദ്യോഗസ്ഥർക്ക് ലഭിക്കാത്ത മാദ്ധ്യമപിന്തുണ കൂടിയായപ്പോൾ ഡൽഹിയിൽ കിരൺ ബേദിയെപ്പോലെ കൊച്ചിക്കാരുടെ നിശാന്തിനി മാറുകയായിരുന്നു. പാടേ ഉറങ്ങിക്കിടക്കുകയായിരുന്ന സിറ്റിയിലെ ഷാഡോ പൊലീസിനെ കൃത്യമായ നിയന്ത്രണത്തിൽ ഉണർത്തിയെടുക്കാൻ സാധിച്ചിടത്തായിരുന്നു ഈ യുവ ഐപിഎസ്സുകാരിയുടെ വിജയം.

രണ്ടുവർഷം മുൻപ് ചാർജെടുത്ത ഉടനെ ഷാഡോ പൊലീസിനെ ഉപയോഗിച്ച് നടത്തിയ ആദ്യ ഓപ്പറേഷൻ ഡ്രീംസ് ഹോട്ടലിലെ ഡി.ജെ പാർട്ടിക്കിടെ മയക്കുമരുന്ന് പിടിച്ചെടുത്തതായിരുന്നു. നവമാദ്ധ്യമങ്ങളിലൂടെ പരസ്യം ചെയ്തുള്ള ഈ കച്ചവടം കയ്യോടെ പിടികൂടിയതിൽ തുടങ്ങി പിന്നെ എണ്ണിയാൽ ഒടുങ്ങാത്ത മയക്കുമരുന്ന് വേട്ട അന്നുപിടിയിലായ അന്യസംസ്ഥാനക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തതോടെയാണ് കൊച്ചിയെ ലഹരിക്കച്ചവടത്തിന്റെ തലസ്ഥാനമാക്കി മാറ്റുന്ന കാണാക്കഥകളുടെ ചുരുളഴിയുന്നത്. അറബിക്കടലിന്റെ റാണിയെന്നറിയപ്പെടുന്ന കൊച്ചിയിൽ അടുത്ത ലഹരിമരുന്ന് വേട്ട ആഡംബര നൗകയിലായിരുന്നു.

നിശാന്തിനിക്ക് ലഭിച്ച രഹസ്യവിവരമായിരുന്നു റെയ്ഡിനാധാരം. നിരോധിത അന്യസംസ്ഥാന മയക്കുമരുന്നുൾപ്പെടെ അന്ന് പൊലീസിന് പിടിച്ചെടുക്കാനായതും അന്ന് മാദ്ധ്യമങ്ങളിൽ വാർത്തയായി. പിന്നീടങ്ങാട്ട് ചെറുതും വലുതുമായ ലഹരിമരുന്ന് പിടുത്തം കൊച്ചി പൊലീസ് നടത്തിയത് മുഴുവൻ ഈ യുവ ഐപിഎസ്സുകാരിയുടെ ബുദ്ധിയിൽ ഉദിച്ചതായിരുന്നു. സിറ്റി പൊലീസ് കമ്മീഷണറെയും അതിനു മുകളിലുള്ള ഐജിയെപ്പോലും അറിയിക്കാതെയായിരുന്നു എ.സി.പി റാങ്കിലുള്ള ആർ നിശാന്തിനിയുടെ പലനീക്കങ്ങളും. മയക്കുമരുന്നിനെതിരെ കർശന നടപടിയെന്ന് പ്രഖ്യാപിച്ച ഭരക്കാരും നിശാന്തിനിക്ക് എല്ലാവിധ പിന്തുണയും നൽകി. നിശാന്തിനിയുടെ നീക്കത്തിൽ പലപ്പോഴും പരാതിയുമായി എത്തിയ സാഹചര്യം പോലുമുണ്ടായെങ്കിലും ശരിയുടെ വഴിയിൽ സഞ്ചരിക്കാനായിരുന്നു അവർക്ക് താൽപ്പര്യം.

മയക്കുമരുന്ന് പോലെ തന്നെ നിശാന്തിനിയും ഷാഡോ ടീമും ശ്രദ്ധ പതിപ്പിച്ച മറ്റു മേഖല കൊച്ചിയിലെ അനാശാസ്യ പ്രവർത്തനങ്ങളായിരുന്നു. നവമാദ്ധ്യമങ്ങളിൽ മൊബൈൽ നമ്പരുമിട്ട് പെൺ വാണിഭക്കാർ വിലസുന്നതു മറുനാടൻ മലയാളി ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. നവമാദ്ധ്യമങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന നിശാന്തിനി ഇതിനെ കേന്ദ്രീകരിച്ചു നടത്തിയ സമഗ്ര അന്വേഷണമാണ് പിന്നീട് വ്യാപകമായ റെയ്ഡിലേക്ക് വരെ എത്തിയത്. അന്വേഷണത്തിന്റെ ആഴങ്ങളിലേക്കെത്തിയപ്പോൾ അത് മസാജ് പാർലറുകളുടെയും, അത്യാധുനിക സ്പാകളിലേക്കും നീണ്ടു. ഒറ്റ രാത്രികൊണ്ട് ഷാഡോ പൊലീസ് നടത്തിയ മസാജ് പാർലർ റെയ്ഡുകളും പിന്നീട് നിശാന്തിനിയുടെ അക്കൗണ്ടിൽ വന്നിരുന്നു.

ഏറ്റവും ഒടുവിൽ ഫഌറ്റ് കേന്ദ്രീകരിച്ചുള്ള 'ന്യൂജെൻ' മയക്കുമരുന്ന് വേട്ടയിലും നിശാന്തിനിയുടെ കയ്യൊപ്പുണ്ടെന്നു നിസ്സംശയം പറയാം. ഇങ്ങനെ എല്ലാ വിധത്തിലും കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയുടെ അടിത്തറ ഇളക്കിയെന്ന ചാരിതാർത്ഥ്യത്തോടെയാണ് നിഷാന്തിനി ഐപിഎസ് അറബിക്കടലിന്റെ റാണിയോട് ഇപ്പോൾ വിടപറയാൻ ഒരുങ്ങുന്നത്. ഭർത്താവ് രാജമാണിക്യം കളക്ടറും ഭാര്യ എ.സി.പിയുമായി ഒരേ സിറ്റിയുടെ ഭരണകർത്തവ്യം നടത്തുന്നതിനെപ്പറ്റി സർക്കാർ തലത്തിലും വകുപ്പുതലത്തിലും ഉയർന്നുവന്ന അഭിപ്രായ വ്യത്യാസങ്ങളാണ് ഇപ്പോഴത്തെ സ്ഥലം മാറ്റത്തിനു കാരണമായി പറയപ്പെടുന്നുണ്ടെങ്കിലും അവരോട് അടുത്ത വൃത്തങ്ങൾ പറയുന്നത് ഇത് തെറ്റാണെന്നാണ്. എ.സി.പി സ്ഥാനത്തായിരുന്ന നിശാന്തിനിയെ ഇപ്പോൾ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറായി പ്രേമോഷൻ നൽകിയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. അതിനിടെ കൊക്കെയ്ൻ കേസിലെ അന്വേഷണങ്ങളാണ് ഇവരെ സ്ഥലം മാറ്റത്തിന് കാരണമെന്ന പ്രചരണങ്ങളിൽ അടിസ്ഥാനമില്ലെന്ന് ഇവരോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

കൊച്ചിയിൽ മൂന്നു വർഷത്തെ സേവനത്തിനുശേഷമാണ് സ്ഥലം മാറ്റം നിശാന്തിനിക്കു സൗകര്യപ്രദമായാണ് അയൽജില്ലയായ തൃശൂരിലേക്കു സഥലംമാറ്റം. ഐ ജിക്കും ഒമ്പത് എസ്്. പിമാർക്കും കൂട്ടമായി നല്കിയ സ്ഥലം മാറ്റത്തിനൊപ്പമാണ് നിശാന്തിനിയുടെ മാറ്റവും. ഭർത്താവ് ജോലി ചെയ്യുന്ന എറണാകുളം ജില്ലയ്ക്ക് അടുത്ത ജില്ലയിൽ തന്നെ ഇവർക്ക് ജോലി അനുവദിച്ചത് സർക്കാർ നൽകിയ അംഗീകാരമായും വിലയിരുത്തപ്പെടുന്നു. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തു തന്നെ നിയമിച്ചത് ഇവർക്ക് ലഭിച്ച അംഗീകാരം കൂടിയാണ്.

ആറ് മാസം മുമ്പ് ഇവർ തനിക്ക് പ്രമോഷൻ നൽകണമെന്ന് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. തന്റെ കൂടെയുണ്ടായിരുന്നവർക്ക് എസ്‌പിയായി പ്രമോഷൻ നൽകിയപ്പോൾ തനിക്കും ഇതേ പോസ്റ്റ് ലഭിക്കണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. ഇതുകൂടി പരിഗണിച്ച് കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയെ ഒതുക്കിയ ആഭ്യന്തര മന്ത്രിയുടെ ഗുഡ്‌ലിസ്റ്റിൽ ഇടംപിടിച്ചപ്പോൾ അവരുടെ ഇഷ്ടപ്രകാരം പോസ്റ്റിങ് നൽകുകയാണ് ഉണ്ടായിരിക്കുന്നത്. എറണാകുളം റൂറൽ എസ്‌പിയായി നിയമനം ലഭിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും ഇത് സാധിച്ചില്ല. എന്തായാലും അറബിക്കടലിന്റെ റാണിയായ വ്യാവസായിക നഗരത്തെ ചെറുതായെങ്കിലും പിടിച്ചു കുലുക്കിയെന്ന ആത്മവിശ്വാസത്തോടെ തന്നെയാണ് നിശാന്തിനി ഇവിടെനിന്ന് പടിയിറങ്ങുന്നത്. ഇനി തൃശൂരിലാണ് പൂരം. നിശാന്തിനി അതെങ്ങനെ നടത്തുമെന്നാണ് ഇനി കണ്ടറിയേണ്ടത്.