തിരുവനന്തപുരം: ബാർ കോഴക്കേസിൽ എക്‌സൈസ് മന്ത്രി കെ ബാബുവിനെ വിജിലൻസ് കുറ്റവിമുക്തനാക്കും. സെക്രട്ടേറിയറ്റിലെ ഓഫീസിൽ മന്ത്രി കെ. ബാബുവിന് 50 ലക്ഷം രൂപ കോഴനൽകിയെന്ന ബാർഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം വ്യാജമാണെന്ന് വിജിലൻസ് എസ്‌പി ആർ. നിശാന്തിനി ദ്രുത പരിശോധനയിൽ കണ്ടെത്തി. വിചിത്രമായ വാദവുമായാണ് ഈ കണ്ടെത്തൽ.

അസോസിയേഷൻ തിരുവനന്തപുരം ജില്ലാസെക്രട്ടറി കാർത്തികേയകുമാർ ശേഖരിച്ചു നൽകിയ 28 ലക്ഷത്തിനൊപ്പം തന്റെ 10 ലക്ഷവും കൂട്ടിച്ചേർത്താണ് 50 ലക്ഷം തികയ്ക്കാനായി അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാറിന് നൽകിയതെന്നാണ് ബിജു രമേശ് വിജിലൻസിന് നൽകിയ മൊഴി. എന്നാൽ ആരോപണമുന്നയിക്കുന്ന കാലയളവിൽ അസോസിയേഷന്റെ അക്കൗണ്ടിൽ ഇത്രയും പണമില്ലെന്നും ബിജു രമേശിന്റെ അക്കൗണ്ടിൽ നിന്ന് 10 ലക്ഷം പിൻവലിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി. അന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതോടെ ബാബുവിന് അനുകൂലമായ നിലപാട് ഹൈക്കോടതി എടുക്കുമെന്നാണ് പ്രതീക്ഷ. ഈ വിഷയത്തിൽ എഫ് ഐ ആർ ഇട്ട് കേസ് എടുക്കാൻ തൃശൂർ വിജിലൻസ് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹൈക്കോടതി നടപടി സ്റ്റേ ചെയ്തു. അതിന് ശേഷം ദ്രൂത പരിശോധന പൂർത്തിയാക്കാൻ ആവശ്യപ്പെടുകയായിരുന്നു. 

ബാർ മുതലാളിമാരെല്ലാം കണക്കിൽപ്പെടുന്ന കാശ് മാത്രമേ കൈവശം വയ്ക്കാറുള്ളൂ എന്ന ധാരണയാണ് അന്വേഷണത്തിന് ആധാരം. മന്ത്രിയെ രക്ഷിക്കുന്നതിനായി കള്ളപ്പണത്തിന്റെ സാധ്യത നിശാന്തിനി കണ്ടില്ലെന്ന് നടിച്ചു. ഈ ന്യായത്തിലൂടെ ബാബുവിനെ രക്ഷിക്കാമെന്നാണ് പ്രതീക്ഷ. ബാബുവിന് 50 ലക്ഷം രൂപയെന്ന വലിയ തുക കൈമാറിയ ദിവസം കൃത്യമായി പറയാൻ ബിജു രമേശിന് കഴിഞ്ഞിട്ടില്ല. 2013 ഏപ്രിൽ ആദ്യവാരമാണ് പണം നൽകിയതെന്നാണ് വിജിലൻസിനോട് ബിജു പറഞ്ഞത്. കെ. ബാബുവിന്റെ നിർദ്ദേശപ്രകാരം പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈയ്ക്ക് തന്റെ മാനേജർ രാധാകൃഷ്ണനാണ് പണം കൈമാറിയതെന്നും താനും വ്യവസായി മുഹമ്മദ് റസീഫും ഇതിന് സാക്ഷികളാണെന്നുമാണ് ബിജു രമേശിന്റെ മൊഴി.

മന്ത്രി കെ. ബാബു, ഭാര്യ ഗീത, മക്കളായ ആതിര, ഐശ്വര്യ, ബിസിനസുകാരായ മരുമക്കൾ എന്നിവരുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും വിജിലൻസ് പരിശോധിച്ചു. ഈ കാലയളവിൽ വലിയ നിക്ഷേപങ്ങളുണ്ടായിട്ടില്ല. പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈ, ഡ്രൈവർ ജോസി, എട്ട് ഗൺമാന്മാർ എന്നിവരെല്ലാം ഒരേ മൊഴികളാണ് വിജിലൻസിന് നൽകിയത്. എന്നാൽ ബിജു രമേശ്, മാനേജർ രാധാകൃഷ്ണൻ, സാക്ഷി മുഹമ്മദ് റസീഫ് എന്നിവരുടെ മൊഴികളിൽ നിറയെ പൊരുത്തക്കേടുകളാണെന്നും വിശ്വാസയോഗ്യമല്ലെന്നും നിശാന്തിനി ചൂണ്ടിക്കാട്ടുന്നു.കള്ളപ്പണത്തിന്റെ സാധ്യതകൾ പരിഗണിക്കാതെയാണ് ഈ റിപ്പോർട്ട്.

2013 ഏപ്രിലിലെ ഒരുദിവസം വൈകിട്ട് നാലരയ്ക്കും അഞ്ചിനുമിടയിലാണ് പണം കൈമാറിയതെന്നാണ് ബിജു രമേശ് സ്വകാര്യ ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. എന്നാൽ വിജിലൻസിന് നൽകിയ മൊഴിയിൽ ഇത് രാത്രി എട്ടുമണിയെന്നായി. കന്റോൺമെന്റ് ഗേറ്റ് കടന്ന് വലതുവശത്തെ ആദ്യകെട്ടിടത്തിൽ ചുവന്ന കാർപെറ്റ് വിരിച്ച തടികൊണ്ടുള്ള ഗോവണി കയറിയാണ് മന്ത്രിയുടെ ഓഫീസിലെത്തിയതെന്നാണ് രാധാകൃഷ്ണന്റെയും മുഹമ്മദ് റസീഫിന്റെയും മൊഴി. എന്നാൽ കന്റോൺമെന്റ് ഗേറ്റിന് 300 മീറ്റർ അകലെ നാല് കെട്ടിടങ്ങൾക്കപ്പുറത്ത് സൗത്ത്‌ബ്ലോക്കിലാണ് മന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്നത്. മൂന്നാം നിലയിലെ മന്ത്രിയുടെ ഓഫീസിലേക്ക് കയറാൻ ഒരിടത്തും തടിഗോവണിയില്ലെന്നും സെക്രട്ടേറിയറ്റിൽ പരിശോധന നടത്തി നിശാന്തിനി കണ്ടെത്തി. കോഴ കൈമാറിയെന്ന് പറയുന്ന സ്ഥലം തിരിച്ചറിയാൻ സാക്ഷികൾക്ക് കഴിയാത്തതിനാൽ ഇവർ മന്ത്രിയുടെ ഓഫീസിലെത്തിയിട്ടില്ലെന്നാണ് മനസിലാക്കേണ്ടതെന്നും നിശാന്തിനിയുടെ റിപ്പോർട്ടിലുണ്ട്.

201213 വർഷത്തെ എക്‌സൈസിന്റെ പ്രീബഡ്ജറ്റ് യോഗത്തിൽ നിശ്ചയിച്ച 30 ലക്ഷമെന്ന ബാർലൈസൻസ് ഫീസ് 23 ലക്ഷമാക്കാനാണ് 2013 ഏപ്രിൽ മാസത്തിൽ ബാബുവിന് 50 ലക്ഷം കോഴ നൽകിയതെന്നാണ് ബിജു രമേശിന്റെ ആരോപണം. എന്നാൽ ലൈസൻസ് ഫീസ് 23 ലക്ഷമായി നിശ്ചയിച്ച് മാർച്ചിൽ തന്നെ എക്‌സൈസ് കമ്മിഷണർ ഉത്തരവിറക്കിയെന്നും അതുകഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് കോഴനൽകിയെന്ന ആരോപണമെന്നും നിശാന്തിനിയുടെ റിപ്പോർട്ടിലുണ്ട്. കോഴയിടപാട് നടന്ന ദിവസം മന്ത്രിയുടെയും ആരോപണമുന്നയിക്കുന്നവരുടെയും മൊബൈൽ ടവർ ലൊക്കേഷൻ ബി.എസ്.എൻ.എല്ലിനോട് ആവശ്യപ്പെട്ടെങ്കിലും വിജിലൻസിന് ലഭിച്ചില്ല. ഒരുവർഷം വരെയേ ഈ രേഖകൾ സൂക്ഷിക്കാറുള്ളൂ എന്നാണ് മൊബൈൽ കമ്പനികളുടെ മറുപടി. ഇതും ബാബുവിന് തുണയായി.