തൃശൂർ: നിസാമിന്റെ ഭാര്യയെ സാക്ഷിയാക്കിയതിന്റെ പേരിൽ വിമർശനം നേരിടുന്നതോടെ നിസാമും ഭാര്യയും തമ്മിൽ ഉടക്കാണെന്നു വരുത്താൻ പൊലീസിന്റെ തന്നെ ശ്രമം. നിസാമിനെ ഭാര്യയും കൈവിട്ടുഎന്ന തരത്തിൽ ആദ്യം പൊലീസ് വൃത്തങ്ങൾ വാർത്ത പുറത്തുവിട്ടിരുന്നു.

എന്നിട്ടും വിമർശനം കടുത്തതോടെയാണ് നിസാമിന്റെ അവിഹിത ബന്ധത്തിൽ ഭയപ്പെട്ട് ഭാര്യ മൊഴി ചൊല്ലാൻ ശ്രമിച്ചു എന്ന കഥ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. രണ്ട് പേരും തമ്മിൽ ഉടക്കാണ് എന്ന് വരുത്തിയ ശേഷം സാക്ഷിയാക്കി നിസാമിനെ രക്ഷിക്കാനുള്ള ഒത്തുകളിയുടെ ഭാഗമാണ് ഇത്.

ഭാര്യയുമായി ഇപ്പോൾ പെട്ടെന്ന് പിണങ്ങാൻ ഒരു കാരണവും ഇല്ലെന്നാണ് നിസാമിന്റെ സുഹൃത്തുക്കൾ പറയുന്നത്. നിസാമിന്റെ ചെയ്തികൾക്കെല്ലാം ഭാര്യ കൂട്ട് ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ചന്ദ്രബോസിനെ വലിച്ച് കയറ്റി വണ്ടി ഇട്ട് ഡ്രൈവ് ചെയ്തത് ഭാര്യയെയും കയറ്റിക്കൊണ്ടാണ്. മുമ്പ് പല കേസുകൾ ഉണ്ടായപ്പോഴും ഇവർ ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു. ഫെറാറി ഓടിച്ച വിഷയത്തിൽ പുച്ഛത്തോടെ സംസാരിക്കുന്ന വീഡിയോ മുമ്പ് ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയ്‌ക്കൊപ്പം ആ വീഡിയോ വീണ്ടും ആവർത്തിക്കുന്നുണ്ട്.

മുമ്പ് ബംഗളൂരുവിലെ ഒരു യുവതിയുമായി നിസാമിന് അടുപ്പമുണ്ടായപ്പോൾ ആ വിഷയത്തിൽ ഭാര്യ അമൽ വിവാഹമോചനത്തിന്റെ വക്കുവരെ എത്തിയിരുന്നെന്നും മറ്റുമുള്ള കഥകളാണ് ഇപ്പോൾ അന്വേഷണസംഘം പറയുന്നത്. ഈ കഥകളുടെ അടിസ്ഥാനത്തിലാണ് നിസാമിനെതിരെ ശക്തമായ നടപടികൾക്ക ഭാര്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത് സഹായകമാകും എന്ന തരത്തിലാണ് അന്വേഷണ സംഘത്തിന്റെ പറച്ചിൽ. എന്നാൽ നിസാമിനെ രക്ഷിക്കാനുള്ള മറുതന്ത്രത്തിന്റെ ഭാഗമായാണ് കള്ളക്കളി നടത്തുന്നതെന്ന് പകൽപോലെ വ്യക്തമാണ്.

പല സ്ത്രീകളുമായും നിസാമിന് ബന്ധമുണ്ടായിരുന്നെന്നും ബാംഗ്ലൂരിലെ ഫ്‌ളാറ്റിൽ ഒരു യുവതിയുമായി ഒരുമിച്ച് താമസിച്ചുവെന്നുമുള്ള കാര്യങ്ങൾ ഭാര്യയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. തൃശൂരിനടുത്ത് ഒരു കോടി രൂപ വിലയുള്ള ഫ്‌ളാറ്റ് ഈ യുവതിക്കായി നിസാം വാങ്ങിയെന്നാണ് കഥ. ഇതിനു പിന്നാലെ യുവതിക്കായി ഒരു കോടിയിലധികം രൂപ വിലയുള്ള ആഡംബര കാർ വാങ്ങി. പുതിയ കാറിൽ കയറുന്നതിന് തൊട്ടുമുമ്പ് ഇരുവരും ചേർന്നെടുത്ത ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. ഫേസ് ബുക്കിൽ വന്ന ഫോട്ടോ അമലിന്റെ കണ്ണിൽപ്പെട്ടു. നിസാമുമായി ഒത്തുപോകാൻ കഴിയാതെ തൃശൂരിലെ ഫ്‌ളാറ്റിൽ നിന്ന് നിരവധി തവണ സ്വന്തം വീട്ടിലേക്ക് ഇറങ്ങിപ്പുറപ്പെട്ട അമൽ പിന്നീട് തിരിച്ചുവന്നിരുന്നുവെന്നുമാണ് പറയപ്പെടുന്നത്.

ഫേസ്‌ബുക്കിൽ മറ്റൊരു പെണ്ണുമൊത്തുള്ള നിസാമിന്റ ഫോട്ടോ കണ്ടതോടെ ബന്ധം അവസാനിപ്പിക്കാൻ തന്നെ അമൽ തീരുമാനിച്ചതായും പറയുന്നു. ഇക്കുറി താൻ ബന്ധം വേർപെടുത്തുമെന്ന്‌ അമൽ തറപ്പിച്ചു പറഞ്ഞത്രെ. നിസാമിന്റെ ഭൂരിഭാഗം സ്വത്തുക്കളും അമലിന്റെ പേരിലായിരുന്നു. മൊഴി ചൊല്ലി പിരിഞ്ഞാൽ കോടിക്കണക്കിന് രൂപ നഷ്ടമാകുമെന്ന് ബോധ്യമായതിനാലാണ് നിസാം അമലുമായി ഒത്തുതീർപ്പിന് തയ്യാറായതെന്നും പറയപ്പെടുന്നു.

അതേസമയം, ക്രൂരമായ കൊലപാതകത്തിനു ശേഷം ഇത്രയും നാൾ കഴിഞ്ഞിട്ടും നിസാമിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദുചെയ്യാൻ പോലും അധികൃതർ തയ്യാറായില്ല. സമാനമായ കേസിൽ അപകടം നടന്ന ദിവസം തന്നെ ലൈസൻസ് റദ്ദ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിന് പൊലീസ് ശുപാർശ നൽകിയ ചരിത്രമുണ്ട്. നിസാം ഇനി പുറത്തുവന്നാലല്ലേ അയാൾക്ക് ലൈസൻസിന്റെ ആവശ്യമുള്ളുവെന്നായിരുന്നു ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇതേക്കുറിച്ച് പ്രതികരിച്ചത്. ശിക്ഷിക്കപ്പെട്ടാലും നിസാമിന് പരോൾ കിട്ടുമെന്നും അപ്പോൾ വാഹനങ്ങളിൽ ചീറിപ്പായാൻ ലൈസൻസ് വേണമെന്നും ഈ പൊലീസുകാർക്ക് അറിയാം. അത് അറിഞ്ഞുകൊണ്ടാണ് ലൈസൻസ് റദ്ദ് ചെയ്യാതിരിക്കുന്നത്.

കുട്ടിക്കാലത്തുതന്നെ മദ്യം കൊണ്ടു പോയതിന് നിസാമിനെ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. ചന്ദ്രബോസിന്റെ വീട്ടിന് മുന്നിലുള്ള എസ്.എം.ബി. സ്‌കൂളിലായിരുന്നു നിസാമിന്റെ പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് അവിടെ നിന്നു പുറത്താക്കി. വിനോദയാത്രക്ക് പോയപ്പോൾ നിസാം മദ്യം കൊണ്ടുവന്നതായിരുന്നു കാരണം.

സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരോട് പോലും കരുണയോടെ നിസാം പെരുമാറിയിരുന്നില്ല. പരുക്കനായി ഇടപെടുന്ന നിസാമിന് ചില നിബന്ധനകളുണ്ടായിരുന്നു. ചായ കുടിച്ച കപ്പ് സെക്കൻഡുകൾക്കകം എടുത്തു മാറ്റിയിരിക്കണം. അല്ലെങ്കിൽ വലിച്ചെറിയും. സ്ഥാപനത്തിലെ പുരുഷ-വനിതാ ജീവനക്കാർ പരസ്പരം സംസാരിക്കാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ ആണിനും പെണ്ണിനും ജോലി പോവും. അട്ടഹാസവും ബഹളവുമായി സ്വസ്ഥത നശിപ്പിക്കും. എന്നാൽ, ഇതേ നിസാമിന് പുറത്ത് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെതാണ് വിരോധാഭാസം. ജീവനക്കാർ ആരും കൂടുതൽ കാലം നിസാമിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യാത്തതും ഇയാളുടെ ക്രൂര സ്വഭാവം കൊണ്ടാണ്.