തൃശൂർ: ചന്ദ്രബോസ് വധക്കേസിലെ പ്രതി മ മുഹമ്മദ് നിസാം ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന സഹോദരങ്ങളുടെ പരാതി പിൻവലിക്കാൻ സമ്മർദം. നിസാമിന്റെ സഹോദരന്മാരായ അബ്ദുൾ റസാഖ്, അബ്ദുൾ നിസാർ എന്നിവരാണു നിസാം ഭീഷണിപ്പെടുത്തിയതായി മൊഴി നൽകിയത്. ഇവരുടെ ബന്ധുക്കൾ ഇടപെട്ടാണു പരാതി പിൻവലിക്കാൻ ശ്രമമെന്നറിയുന്നു. അതിനിടെ നിസാം ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് നടപടി തുടങ്ങി. പൊലീസ് പരാതിനൽകിയ സഹോദരന്റെ മൊഴിയെടുത്തു. നിസാം ഉപയോഗിച്ചെന്നുപറയുന്ന ഫോൺ നമ്പറിന്റെ ഉടമയിൽനിന്നു മൊഴിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. നിസാമിന്റെ സുഹൃത്ത് ഷിബിന്റെ നമ്പറാണിതെന്നാണ് സഹോദരൻ നിസാർ നൽകിയ പരാതിയിൽ പറയുന്നത്.

അതിനിടെ കണ്ണൂർജയിലിൽനിന്നു മൊബൈൽഫോണിൽ വിളിച്ചത് മുന്നൂറിലേറെ തവണ. രണ്ടു സിംകാർഡുകൾ ഉപയോഗിച്ചാണ് ഇയാൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും ജീവനക്കാരെയും വിളിച്ചിരിക്കുന്നത്. രാജസ്ഥാൻ, കാസർകോട് സ്വദേശികളുടെ പേരിലുള്ള സിംകാർഡുകളാണ് ജയിലിലുള്ളതെന്നാണ് അറിയുന്നത്. ഒരാൾക്കുമാത്രം 140ഓളം വിളികൾ ഒരുവർഷത്തിനിടെ പോയിട്ടുണ്ട്. അധികൃതരുടെ ഒത്താശയോടെ ജയിലിൽ നിന്ന് നിസാം മൊബൈൽ ഫോണിലൂടെ തന്റെ ബിസിനിസ് നിയന്ത്രിക്കുന്നതിന്റെ തെളിവുകളാണ് ഇവ. കണ്ണൂർ ജയിലിലുള്ള സിപിഐ(എം) തടവുകാരുടെ പിന്തുണയിലാണ് നിസാം ഇതെല്ലാം സാധ്യമാക്കുന്നത്. ടിപി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരുമായി നിസാമിന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.

സഹോദരങ്ങളായ റസാക്കിനെയും നിസാറിനെയും ജയിലിൽനിന്ന് നിസാം ബന്ധപ്പെട്ടു. റസാക്കിന് ജയിലിൽനിന്നു നാലുവിളി വന്നു. നിസാറിന് എസ്.എം.എസ്. സന്ദേശം അയച്ചു. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലുള്ളവരെയും നിസാം ഈ ഫോൺനമ്പറുകൾ ഉപയോഗിച്ചു ബന്ധപ്പെട്ടെന്നാണ് അറിയുന്നത്. നിരവധി അഭിഭാഷകരെയും വിളിച്ചിട്ടുണ്ട്. ഭാര്യ അമലിന്റെ നമ്പറിലേക്ക് നാല്പതോളം വിളികൾ വന്നു. ഒരുദിവസം ഒരാളെത്തന്നെ നാലും അഞ്ചും തവണ വിളിച്ചിട്ടുണ്ട്. സിറാജുദ്ദീൻ എന്ന ആളിന്റെ പേരിലുള്ള നമ്പറിലേക്കാണ് ഇയാൾ സ്ഥിരമായി വിളിച്ചിരുന്നതെന്നാണ് അന്വേഷണത്തിൽ വെളിപ്പെടുന്നത്. ജയിലിലെ നമ്പറുകളിലേക്ക് നിസാമുമായി ബന്ധമുള്ളവർ തിരിച്ചു വിളിച്ചിട്ടുമുണ്ട്. കൂടാതെ എസ്.എം.എസ്സുകളും വന്നിട്ടുണ്ട്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നവരെ ഉപയോഗപ്പെടുത്തി അപായപ്പെടുത്തുമെന്നാണ് നിസാമിന്റെ ഭീഷണിയെന്ന് സഹോദരൻ ആരോപിച്ചിട്ടുണ്ട്. നിസാം ജയിലിൽ സുഖജീവിതം നയിക്കുകയാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നതിന്റെ പേരിൽ അന്വേഷണവും നടന്നിരുന്നു. സർക്കാർ നിർദ്ദേശത്തെത്തുടർന്ന് സെൻട്രൽ ജയിൽ അധികൃതർ ജയിലിൽ പരിശോധന നടത്തി. നിസാം കഴിയുന്ന പത്താം ബ്ലോക്കിൽ ജയിൽ സുപ്രണ്ട് അശോകൻ അരിപ്രയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നാണ് ലഭ്യമായ വിവരം.

8769731302, 9746576553 എന്നീ നമ്പറുകളാണ് നിസാം ജയിലിൽ ഉപയോഗിച്ചത്. ഇത് കണ്ണൂർ സെൻട്രൽ ജയിൽ ഉൾപ്പെടുന്ന ടവർ ലൊക്കേഷനാണെന്ന് വ്യക്തമായിട്ടുണ്ട്. ജയിലിൽവച്ചും കേസാവശ്യത്തിന് പൊലീസ് അകമ്പടിയോടെ ബംഗളുരുവിലേക്കു കൊണ്ടു പോകുന്ന വഴിയുമായിരുന്നു ഫോൺ ഉപയോഗം. രാജസ്ഥാൻ സ്വദേശിയായ തടവുകാരന്റെ പേരിലുള്ളതാണ് ഇതിൽ ഒരു നമ്പർ. മറ്റേതു കാസർഗോഡ് സ്വദേശിയായ സഹതടവുകാരന്റെ ബന്ധുവിന്റെ പേരിലുള്ളതും. ഭാര്യയുമായും നിസാം ഫോണിൽ ബന്ധപ്പെടാറുണ്ടെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്്.

ജയിൽ ഉദ്യോഗസ്ഥർ തന്നെയാണ് നിസാം ഉപയോഗിച്ചിരുന്ന ഫോണുകൾ കൈകാര്യം ചെയ്തിരുന്നതെന്നും കോളുകൾ വരുമ്പോൾ മാത്രമാണു ഫോൺ കൈമാറിയിരുന്നതുമെന്നാണു സൂചന. ബംഗളുവുരിൽ കേസിന്റെ വിചാരണക്ക് കൊണ്ടുപോയ ബസിൽ നിസാമിന്റെ സുഹൃത്തുക്കളും ഓഫീസ് ജീവനക്കാരും യാത്ര ചെയ്തിരുന്നുവെന്നും നിസാമിന്റെ ചെലവിലാണ് പൊലീസ് ബംഗളുരുവിലേക്ക് പോയതെന്നും ആരോപണമുണ്ട്. എന്നാൽ ജയിലിൽ വച്ചു നിസാം മൈാബൈൽ ഫോൺ ഉപയോഗിച്ചുവെന്ന ആരോപണം തെറ്റാണെന്നാണും അതീവ സുരക്ഷയും നിരീക്ഷണവുമുള്ള പത്താം ബ്ലോക്കിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയില്ലെന്നുമാണു ജയിൽ അധികൃതർ പറയുന്നത്.

ബ്ലോക്കിൽ തടവുകാർക്ക് ഉപയോഗിക്കാനായി ലാൻഡ് ഫോണുമുണ്ട്. പരിശോധനയുടെ വിവരങ്ങൾ ഉൾപ്പെടുത്തി ജയിൽ സുപ്രണ്ട് ജയിൽ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.