തൃശൂർ : ചന്ദ്രബോസ് കൊലക്കേസ് പ്രതിയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിയുമായ മുഹമ്മദ് നിസാം കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ പരാതി പിൻവലിക്കാനുള്ള സഹോദരങ്ങളുടെ നീക്കം പൊളിഞ്ഞു. നിയമ നടപടി തുടങ്ങിയ സ്ഥിതിക്കു പരാതി പിൻവലിക്കാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ പരാതിക്കാർക്ക് ഇക്കാര്യം ഉന്നയിക്കാമെന്നും പറഞ്ഞു പൊലീസ് അവരെ മടക്കിയയച്ചു. റൂറൽ പൊലീസ് മേധാവി ആർ.നിശാന്തിനിക്കു മുന്നിലാണു പരാതി ഒത്തുതീർന്നെന്നു പറഞ്ഞു മൂന്നു സഹോദരങ്ങളും എത്തിയത്.

കണ്ണൂർ ജയിലിൽ നിന്നു ബംഗളൂരുവിലേക്കുള്ള യാത്രാമ?ധ്യേ ബസിൽ നിന്നു ഫോൺ ചെയ്ത നിസാം വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായാണു സഹോദരങ്ങൾ പരാതിപ്പെട്ടിരുന്നത്. നിസാം ഭീഷണി മുഴക്കുന്ന ശബ്ദരേഖയും സഹോദരങ്ങൾ പൊലീസിനു കൈമാറിയിരുന്നു. ഇതേത്തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് നിസാം പൊലീസ് കസ്റ്റഡിയിൽ ഫോൺ ചെയ്തതായി കണ്ടെത്തി. മൂന്നു സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ ഇതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങൾ നടത്തിയ ചർച്ചയെ തുടർന്നാണു നിസാമിനെതിരെയുള്ള പരാതി പിൻവലിക്കാൻ തീരുമാനിച്ചത്. എന്നാൽ അധോലോക ഇടപെടലുകളാണ് ഇതിന് കാരണമെന്ന വിലയിരുത്തലുമുണ്ട്.

അതിനിടെ കണ്ണൂർ ജയിലിലെ അനധികൃത ഫോൺ ഉപയോഗിച്ചത് നിസാം മാത്രമല്ലെന്നു സൂചനയും പൊലീസിന് ലഭിച്ചു. ആയിരക്കണക്കിന് കോളുകളാണ് രണ്ടു നമ്പറുകളിൽനിന്നായി ആറുമാസത്തിനിടെ പോയിരിക്കുന്നത്. പുറത്തുനിന്നുള്ള വിളികളും ഒട്ടേറെ മെസേജുകളും ഈ നമ്പറുകളിലേക്കു വന്നിട്ടുമുണ്ട്. സംശയാസ്പദമായ വിളികളും ഇതിലുൾപ്പെടുന്നു. ജയിൽപ്പുള്ളികൾ ഉപയോഗിച്ചിരുന്ന രാജസ്ഥാൻ സ്വദേശിയുടെ പേരിലുള്ള സിം കാർഡ് 2012 മുതൽ ഉപയോഗിക്കുന്നതായാണ് വിവരം. അന്നുമുതൽ ഈ നമ്പർ ജയിലിൽത്തന്നെയായിരുന്നോ എന്നു വ്യക്തമല്ല. എന്നാൽ, കാസർകോട് സ്വദേശിയുടെ പേരിലുള്ള നമ്പർ ഒരുവർഷം മുമ്പാണ് ഉപയോഗിച്ചുതുടങ്ങിയത്. വിവിധ ജില്ലകളിലെ ഗുണ്ടാസംഘങ്ങളുടെ നമ്പറുകളിലേക്ക് വിളികളും മെസേജുകളും ഇതിൽനിന്ന് പോയിട്ടുണ്ട്. ഇവർ തിരിച്ചുവിളിച്ചതായും കണ്ടെത്തി.

നിസാം ജയിലിൽനിന്ന് ഫോൺവഴി നാട്ടിലെ ബിസിനസ് സാമ്രാജ്യം നിയന്ത്രിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദാന്വേഷണം നടത്തിയശേഷം റിപ്പോർട്ട് നൽകണമെന്ന് ജയിൽ ഐ.ജി.യോട് കമ്മിഷൻ ആക്ടിങ് ചെയർപേഴ്‌സൺ പി. മോഹനദാസ് ഉത്തരവിട്ടു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. നവംബറിൽ കണ്ണൂരിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ഇതോടെ നിസാം കേസ് കൂടുതൽ കുരുക്കിലേക്ക് എത്തുകയാണ്. ജയിലിൽനിന്ന് വിളികൾപോയ പല നമ്പറുകളും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചിലതു പ്രാഥമികപരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതെല്ലാം മനുഷ്യാവകാശ കമ്മീഷനും പരിഗണിക്കുന്നുണ്ട്. ഇതോടെ നിസാമിന്റെ സഹോദരങ്ങൾ പരാതി പിൻവലിക്കാൻ തയ്യാറായെങ്കിലും അന്വേഷണത്തിന് പുതുമാനം വരികയാണ്.

കമ്പനിയുടെ സാമ്പത്തിക കാര്യങ്ങൾ നിസാമിനോട് ആലോചിക്കാതെ നടത്തുന്നു എന്നായിരുന്നു സഹോദരന്മാർക്കെതിരെ നിസാമിന്റെ പരാതി. ഇത് മനസ്സിലാക്കിയായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. ഈ കേസിൽ ഇനി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഇവർക്കു പരാതിയില്ലെന്നു പറയാം. അതിനുശേഷം കോടതിയെ അറിയിക്കും. അതൂം പൂർത്തിയായാലേ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കുകയുള്ളൂ. എന്നാൽ ഇത് കോടതി അംഗീകരിക്കണമെന്നില്ല. ഇതേസമയം, നിസാമിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ ബന്ധുക്കൾ നിയമസഭാ മന്ദിരത്തിലെ ഓഫിസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേസിൽ അഭിഭാഷകനായി സി.പി.ഉദയഭാനുവിനെ തന്നെ തുടർന്നും നിയോഗിക്കണമെന്ന് അവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിസാമിനു ജയിലിൽ സുഖസൗകര്യങ്ങൾ ലഭിക്കുന്നതിനെക്കുറിച്ചും നിസാമിന്റെ മൊബൈൽ ഫോൺ വിളികളെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നിവേദനം നൽകി. ഇതേസമയം, നിസാം ജയിലിൽ കിടന്നു മൊബൈൽ ഫോൺ വഴി നാട്ടിലെ സാമ്രാജ്യം നിയന്ത്രിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു ജയിൽ ഐജി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ആക്ടിങ് ചെയർമാൻ പി.മോഹൻദാസ് ഉത്തരവിട്ടു.

ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. നിസാം ബിസിനസ് നടത്തുന്നതു ജയിൽ അധികൃതരുടെ ഒത്താശയോടെയാണെന്നു വാർത്തകളിൽ നിന്നു മനസ്സിലാക്കുന്നതായി കമ്മിഷൻ ചൂണ്ടിക്കാട്ടി.