സൗദിയിൽ നിതാഖത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത സ്ഥാപനങ്ങളിലെ അംഗസംഖ്യ അഞ്ചാക്കി കുറച്ച് സ്വദേശിവത്കരണത്തിന്റെ തോത് വർധിപ്പിക്കുവാൻ തൊഴിൽ മന്ത്രാലയം നീക്കങ്ങൾ ആരംഭിച്ചു. നിലവിൽ നിതാഖത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത സ്ഥാപനങ്ങളിലെ അംഗസംഖ്യ ഒൻപതാണ്. ഇത് അഞ്ചാക്കി കുറയ്ക്കുന്നതു വഴി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നത്.

പുതിയ നിയമം അനുസരിച്ച് നിതാഖത്തിൽ ഉൾപ്പെടുന്ന ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അംഗസംഖ്യ ആറു മുതൽ 49 വരെയായിരിക്കും. ഇത്തരത്തിലുള്ള 213347 സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്. കൂടാതെ ഒമ്പത് വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ സ്ഥാപന ഉടമ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മറ്റു സ്വദേശികളെ നിയമിക്കേണ്ടതില്ലെന്ന ഇളവും ഇല്ലാതാവും. സ്വദേശിവൽക്കരണം വ്യാപകമാക്കുക, ബിനാമി ഇടപാടുകൾ തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അംഗസംഖ്യ ചുരുക്കുവാനുള്ള തീരുമാനം തൊഴിൽ മന്ത്രാലയം കൈക്കൊണ്ടത്.

പുതിയ പരിഷ്‌കരണം പ്രാബല്യത്തിലാവുന്നതോടെ അഞ്ചിന് മുകളിൽ തൊഴിലാളികളുള്ള ചെറിയ സ്ഥാപനങ്ങൾ പോലും നിതാഖാത്ത് അനുപാതമനുസരിച്ച് സ്വദേശികളെ നിയമിക്കാൻ നിർബന്ധിതരാവും. നിലവിൽ രാജ്യത്തെ 15 ലക്ഷത്തിലധികം സ്ഥാപനങ്ങളിലാണ് ഒമ്പതിന് താഴെ ജോലിക്കാരുള്ളത്. സൗദിയിലെ മൊത്തം സ്ഥാപനങ്ങളുടെ 85.6 ശതമാനത്തോളം വരുമിത്. അതുകൊണ്ടുതന്നെ സ്വദേശിവൽക്കരണത്തിന്റെ തോതും വളരെ കുറവാണ്.

നിതാഖത്ത് വ്യവസ്ഥയിലെ വെള്ള ഗണത്തിൽ ഉൾപ്പെടുന്ന ഇത്തരം സ്ഥാപനങ്ങളിൽ അംഗസംഖ്യ ഒമ്പതിന് പകരം അഞ്ച് എന്നതിലേക്ക് പരിമിതപ്പെടുത്തുന്നതോടെ ഈ മേഖലയിലെ സ്വദേശിവത്കരണം ഇരട്ടിയിലധികമാക്കാൻ സാധിക്കും. കൂടാതെ നിലവിൽ ചെറുകിട സ്ഥാപനങ്ങളുടെ തോത് ആരംഭിക്കുന്ന പത്തിൽ നിന്നും ആറാക്കി ചുരുക്കുന്നതോടെ ഈ മേഖലയിലും സ്വദേശിവത്കരണത്തിന്റെ തോത് വർധിക്കും. ഇതുവഴി സ്വദേശികൾക്കിടയിലെ 12 ശതമാനം തൊഴിലില്ലായ്മ ആറ് ശതമാനമാക്കി ചുരുക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.