റിയാദ്: സൗദി അറേബ്യയിൽ ഈ മാസം പതിനൊന്നിന് നിലവിൽ വരുമെന്ന് പ്രഖ്യാപിച്ചിരുന്ന സന്തുലിത നിതാഖാത് നടപ്പിലാക്കുന്നത് വീണ്ടും നീട്ടിയതായി അധികൃതർ അറിയിച്ചു. സ്വകാര്യ സംരംഭകർക്ക് മതിയായ സാവകാശം ലഭിക്കുന്നതിനാണ് പദ്ധതി നീട്ടിവച്ചതെന്നു തൊഴിൽ, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.

സന്തുലിത നിതാഖത് എന്ന് പേരിട്ട പരിഷ്‌കരിച്ച നിതാഖത് നടപ്പാക്കുന്നതിന് മന്ത്രാലയം എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത് 2013 ലാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്. സ്വകാര്യ സ്ഥാപനങ്ങളുടെ സ്വഭാവം അനുസരിച്ചു നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ.

എന്നാൽ ഈ മാസം 11 ന് നിലവിൽ വരുമെന്നു പ്രഖ്യാപിച്ചിരുന്ന സന്തുലിത നിതാഖാത് പ്രകാരം സ്വദേശിവത്ക്കരണ അനുപാതം, സ്വദേശികളുടെ ശരാശരി വേതനം, തൊഴിലാളികളിൽ സ്വദേശി വനിതകളുടെ എണ്ണം, സ്വദേശികളുടെ തൊഴിൽ സ്ഥിരത, ഉയർന്ന വേതനവും ഉന്നത പദവിയുമുള്ള സ്വദേശി ജീവനക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ തരംതിരിക്കാനാണ് പദ്ധതിയിട്ടിരുന്നത്.

രാജ്യത്തെ വിവിധ ചേംബർ ഓഫ് കോമേഴ്സ് സന്തുലിത നിതാഖാത് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടെങ്കിലും പെട്ടെന്ന് നടപ്പിലാക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.