കൊച്ചി: 'ഒരു സ്ത്രീയെ ഇത്രമാത്രം ഉപദ്രവിക്കാൻ ആണുങ്ങൾക്ക് മടിയില്ലെന്ന് മനസ്സിലായത് എനിക്ക് ഉപദ്രവം ഏറ്റപ്പോഴാണ്. മുഖം റോഡിലിട്ട് ഉരയ്ക്കുക എന്നത് കേട്ടിട്ടേയുള്ളൂ, അതെനിക്ക് അനുഭവിക്കാൻ ഇട വരുമെന്ന് ഒരിക്കലും കഴിഞ്ഞില്ല. ദൈവ ഭാഗ്യം കൊണ്ട് ഇത്രമാത്രമേ സംഭവിച്ചുള്ളൂ എന്ന് സമാധാനിക്കുകയാണ് ഞാനിപ്പോൾ' ആലുവയിൽ വനിതാ ദിനത്തിൽ ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിൽ പരിക്കേറ്റ ആലങ്ങാട് കളപ്പറമ്പത്ത് വീട്ടിൽ ജോസഫ് ജോണിന്റെ ഭാര്യയും നിയമവിദ്യാർത്ഥിനിയുമായ നീത ജോസഫിന്റെ (37) വാക്കുകളാണിത്. ഇത് പറയുമ്പോൾ നീതയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

വനിതാ ദിനത്തിൽ ഉച്ചയ്ക്ക് 2.45നാണ് ഓട്ടോ ഡ്രൈവർ നീതയെ ആക്രമിച്ചത്. പത്താം ക്ലാസ്സുകാരിയായ മൂത്ത മകളുടെ പ്ലസ് വൺ അഡ്‌മിഷനു വേണ്ടി തൃശൂരിൽ പോയിട്ടു വരുമ്പോഴായിരുന്നു സംഭവം. ആലുവ ബൈപാസിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള റെയിൽവെ സ്റ്റേഷനിലേക്ക് ഓട്ടോ വിളിച്ചു. സ്റ്റേഷനിൽ എത്തിയപ്പോൾ ഓട്ടോക്കൂലിയായി ഡ്രൈവർ 40 രൂപ ആവശ്യപ്പെട്ടു.

ചില്ലറയായി 35 രൂപ മാത്രം ഉണ്ടായിരുന്നതിനാൽ 500 രൂപയുടെ നോട്ടു നൽകി. തുടർന്ന് ചില്ലറ മാറ്റാനായി അടുത്ത കലവയിലേക്ക് ഓട്ടോയുമായി പോയ ഡ്രൈവർ ചില്ലറ മാറ്റിയശേഷം 450 രൂപ ബാക്കി തന്നു. തനിക്ക് 10 രൂപ കൂടി കിട്ടാനുണ്ടെന്ന് പറഞ്ഞതോടെ ഓട്ടോ ഡ്രൈവർ അസഭ്യം പറയാൻ തുടങ്ങി. തുടർന്ന് റെയിൽവെ സ്റ്റേഷന്റെ എതിർദിശയിലേക്ക് ഓട്ടോ ഓടിച്ച് പോകാൻ ശ്രമിച്ചു. നീത ബഹളം വച്ചതോടെ ആളൊഴിഞ്ഞ വഴിയിൽ കയറ്റി മർദ്ദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നീത ആശുപത്രിയിൽ ചികിത്സ തേടുകയും ഓട്ടോ ഡ്രൈവർക്കെതിരെ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ ഈസ്റ്റ് പൊലീസ് ഓട്ടോ ഡ്രൈവർ ലത്തീഫിനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

വനിതാ ദിനത്തിൽ തനിക്ക് നേരിട്ട ദുരനുഭവത്തെപ്പറ്റി നീതാ മറുനാടനോട് പറയുന്നത് 

'രാവിലെ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിലാണ് തൃശൂരിലേക്ക് പോയത്. സ്‌കൂട്ടർ സ്റ്റേഷനിൽ പാർക്ക് ചെയ്തു. മൂത്ത മകളുടെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് തൃശൂരിലെ സ്‌കൂളിലേക്കാണ് പോയത്. അതിന് ശേഷം കെ.എസ്.ആർ.ടി.സി ബസിലാണ് തിരികെ ആലുവയിൽ എത്തിയത്. ബൈപാസിൽ ഇറങ്ങി അതുവഴി വന്ന ഒരു ഓട്ടോ വിളിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് പോയി. എന്റെ സ്‌കൂട്ടർ അവിടെ വച്ചിരിക്കുകയാണല്ലോ. സ്റ്റേഷനിലെത്തിയപ്പോൾ ഓട്ടോ ചാർജ്ജ് എത്രയായി എന്ന് ചോദിച്ചു. 40 രൂപയായി എന്ന് അയാൾ പറഞ്ഞു. എന്റെ കൈയിൽ അപ്പോൾ 35 രൂപ മാത്രമേ ചില്ലറയായി ഉണ്ടായിരുന്നുള്ളൂ. പിന്നെയുള്ളത് 500 രൂപയാണ്. ചില്ലറ 35 രൂപ മാത്രമേയുള്ളൂ എന്ന് പറഞ്ഞപ്പോൾ ഓട്ടോക്കാരൻ 500 രൂപ എടുക്ക് ചെയ്ഞ്ച് വാങ്ങിത്തരാം എന്ന് പറഞ്ഞു. സ്റ്റേഷനിൽ നിന്നും പമ്പുജംഗ്ഷനിലെ പെട്രോൾ പമ്പിൽ എത്തുകയും അവിടെ നിന്നും ചില്ലറ വാങ്ങി ബാക്കി 450 രൂപ എന്റെ കൈയിൽ തന്നു.

പത്തു രൂപ കുറവാണെന്ന് ഞാൻ പറഞ്ഞതിന് അയാൾ എന്നെ തെറി പറഞ്ഞു. ഞങ്ങൾ തമ്മിൽ ഇതോടെ വാക്കേറ്റമായി. അയാൾ എന്നോട് മോശമായ വാക്കുകൾ ഉപയോഗിക്കുകയും ആളൊഴിഞ്ഞ വഴിയിൽ എന്നെ തള്ളിയിടുകയുമായിരുന്നു. താഴെ വീണ എന്നെ നിലത്തിട്ട് ചവിട്ടുകയും ഇരു കവിളത്തും മാറി മാറി അടിക്കുകയും ചെയ്തു. മുഖം മാന്തി പൊളിച്ചു, റോഡിലിട്ട് ചവിട്ടി, അടിയുടെ ശക്തിയിൽ പല്ല് ഇളകി. അയാളുടെ വിരലിൽ കടിച്ചതോടെയാണ് അക്രമം അവസാനിപ്പിച്ച് അയാൾ മടങ്ങിയത്.

മർദ്ദിക്കുന്നത് ആരും കണ്ടില്ലേ.. അതിന് ശേഷം എന്നാണുണ്ടായത്?

ഞാൻ ആദ്യം പറഞ്ഞില്ലേ ആളൊഴിഞ്ഞ സ്ഥലമായിരുന്നു. ആരുമില്ലായിരുന്നു. എന്നെ കാണിച്ചു തരാമെന്ന് പറഞ്ഞായിരുന്നു ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയത്. ഓട്ടോ എടുത്ത് അവൻ പോകാൻ നേരം അവന്റെ ഓട്ടോയുടെ താക്കോൽ ഊരിയെടുത്തു പക്ഷേ ഓട്ടോയുമായി പോകുകയാണുണ്ടായത്. അവിടെ നിന്നും മറ്റൊരു ഓട്ടോ വിളിച്ച് നിയമ പഠനത്തിന് സഹായിക്കുന്ന അഡ്വ: ദീപ മാഡത്തിന്റെ ഓഫീസിൽ ചെന്നു. അവിടെയുണ്ടായിരുന്ന ക്ലർക്കുമായി ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തുകയും പരാതി നൽകുകയുമായിരുന്നു. പൊലീസ് വേഗം തന്നെ എന്നെ താലൂക്കാശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകുകയായിരുന്നു.

പൊലീസിന്റെ ഭാഗത്ത് നിന്നുമുള്ള സമീപനം?

വളരെ നല്ല രീതിയിലായിരുന്നു പൊലീസിന്റെ ഇടപെടൽ. അവരാണെന്നെ ആശുപത്രിയിലാക്കിയത്. പരാതി കിട്ടിയയുടൻ തന്നെ പ്രതിയെ പിടിക്കുകയും ചെയ്തു.

വനിതാ കമ്മീഷന്റെ ഇടപെടൽ ?

പത്രവാർത്ത കണ്ടയുടൻ തന്നെ വനിതാ കമ്മീഷൻ കേസെടുക്കുകയും പൊലീസിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇന്നലെ വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫയിൻ വീട്ടിലെത്തി വേണ്ട നിയമ സഹായങ്ങൾ വാഗ്ദാനം ചെയ്തു.

ഇങ്ങനെയൊരു ആക്രമണം നേരിടുന്നവർക്ക് നൽകാനുള്ള ഉപദേശം?

ഏത് സ്ത്രീക്കെതിരെ ആക്രമണം ഉണ്ടായാലും ശക്തമായി പ്രതികരിക്കണം. ഒറ്റപ്പെടുമെന്നുള്ള പേടി മൂലമാണ് പലരും പ്രതികരിക്കാത്തത്. പൊലീസിൽ പരാതിപ്പെടുക. നമ്മുടെ ഭാഗത്താണ് ന്യായമെങ്കിൽ ഉറപ്പായും നീതി കിട്ടും. നമ്മൾ ഒറ്റയ്ക്കല്ലെന്ന് ഈ സംഭവത്തോടെ എനിക്ക് മനസ്സിലായി. അതേ ദിവസം തന്നെയാണ് തമ്മനം ജംഗ്ഷന് സമീപം ഓട്ടോക്കാർ അവശനായ വയോധികനെ കയറ്റാതെ ക്രൂരത കാണിച്ചത്. ഓട്ടോ ഡ്രൈവർമാരുടെ ഇത്തരം ക്രൂരതകൾക്ക് അറുതി വരുത്തേണ്ടതിന് സർക്കാരിന്റെ ഭാഗത്ത് നിന്നും കർശന നടപടികൾ ഉണ്ടാകണമെന്ന് ഓർമ്മപ്പെടുത്തുന്നതാണ് ഇത്തരം സംഭവങ്ങൾ.