പട്‌ന: മതേതരത്വം അഴിമതി നടത്താനുള്ള മറയല്ലെന്നും ഒരു ആശയമാണെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എന്താണ് സാഹചര്യമെന്ന തനിക്കറിയാമെന്നും തന്റെ മതേതരത്വത്തിൽ ജനങ്ങൾക്ക് സംശയമൊന്നുമില്ലെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു. ജനങ്ങളെ സേവിക്കാനാണ് തനിക്ക് ഭൂരിപക്ഷം ലഭിച്ചിട്ടുള്ളത്. ജനങ്ങളുടെ കോടതിയാണ് ഏറ്റവും വലുത്. അവരെ സേവിക്കുക എന്നതാണ് തന്റെ കർത്തവ്യം. അല്ലാതെ ഏതെങ്കിലും കുടുംബത്തെ സേവിക്കാൻ തനിക്ക് സാധിക്കില്ലെന്നും നിതീഷ്‌കുമാർ പറഞ്ഞു.

ആരും തന്നെ മതേതരത്വം പഠിപ്പിക്കേണ്ടതില്ല. മതേതരത്വമെന്നത് പ്രവൃത്തിയിലൂടെ തെളിയിക്കേണ്ടതാണ്. മതേതരത്വത്തിന്റെ മറവിൽ അഴിമതി നടത്തി സമ്പാദ്യമുണ്ടാക്കിയവരുടെ കൂടെ തനിക്ക് നിൽക്കാൻ സാധിക്കില്ലെന്നും ലാലു പ്രസാദ് യാദവിനെ പരോക്ഷമായി പരാമർശിച്ച് നിതീഷ് കുമാർ വ്യക്തമാക്കി.ബിജെപിയുമായി ചേർന്ന് അധികാരത്തിൽ തിരിച്ചെത്തിയ ശേഷമായിരുന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ പ്രതിപക്ഷത്തെ വിമർശിച്ച് രംഗത്തെത്തിയത്. വിശ്വാസ വോട്ടെടുപ്പിനുശേഷം നടന്ന ചർച്ചക്കിടെയാണ് പ്രതിപക്ഷത്തെ വിമർശിച്ച് നിതീഷ്‌കുമാർ രംഗത്തെത്തിയത്.