മുംബൈ: ഫ്ളാറ്റുകളും ക്വാർട്ടേഴ്സുകളും നിർമ്മിക്കാൻ നാവികസേനയ്ക്ക് സൗത്ത് മുംബൈയിൽ ഒരിഞ്ച് സ്ഥലംപോലും നൽകില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നാവികസേനയുടെ സാന്നിധ്യം വേണ്ടത് ഭീകരവാദികൾ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുള്ള അതിർത്തി പ്രദേശങ്ങളിലാണ്. സൗത്ത് മുംബൈയിൽ താമസിക്കണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നത് എന്തിനാണ്. ഒരിഞ്ച് സ്ഥലംപോലും നാവികസേനയ്ക്ക് നൽകില്ല.

ഈ വിഷയത്തിൽ ഇനി തന്നെ കാണാൻ വരേണ്ടതില്ലെന്നും ഗഡ്കരി വ്യക്തമാക്കിയതായി പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. മുംബൈ പോർട്ട് ട്രസ്റ്റും മഹാരാഷ്ട്രാ സർക്കാരും സംയുക്തമായി വികസിപ്പിച്ച സൗത്ത് മുംബൈയിലെ പ്രദേശം ജനങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി മാത്രമെ വിനിയോഗിക്കൂവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പൊതുചടങ്ങിൽവച്ച് വെസ്റ്റേൺ നേവൽ കമാൻഡ് മേധാവി വൈസ് അഡ്‌മിറൽ ഗിരീഷ് ലുത്രയുടെ സാന്നിധ്യത്തിലായിരുന്നു തുറമുഖ മന്ത്രിയുടെ പരാമർശമെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

സൗത്ത് മുംബൈയിൽ ഫ്ളോട്ടിങ് ജെട്ടി നിർമ്മിക്കാനുള്ള പദ്ധതിക്ക് നാവികസേന അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി നാവികസേനയ്ക്കെതിരെ ആഞ്ഞടിച്ചതെന്നത് ശ്രദ്ധേയമാണ്. ഫ്ളോട്ടിങ് ഹോട്ടലും സീ പ്ലെയിൻ സർവീസും വിഭാവനം ചെയ്തിരുന്നിടത്ത് ഫ്ളോട്ടിങ് ജെട്ടി നിർമ്മിക്കാനുള്ള നീക്കത്തിനാണ് നാവികസേന നേരത്തെ അനുമതി നിഷേധിച്ചത്. വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയെന്നത് പതിവായിരിക്കുകയാണെന്നും ഗഡ്കരി കുറ്റപ്പെടുത്തി. നാവികസേനയും പ്രതിരോധ മന്ത്രാലയവുമല്ല രാജ്യം ഭരിക്കുന്നതെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.