കണ്ണൂർ: പ്രവർത്തനം തുടങ്ങാനിരിക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ 'ഉദ്ഘാടകനെ' പോലെയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറന്നിറങ്ങിയത്. വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞായി അവരോട് പറഞ്ഞേക്കാനും ഷാ പറയുകയുണ്ടായി. ഇതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും വിമാനത്താവളത്തിലെ ഇന്ന് കണ്ണൂർ വിമാനത്താവളത്തിലെ യാത്രക്കാരനായി വന്നിറങ്ങി. മുഖ്യമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും വിമാനത്താവളത്തിൽ വന്നിറങ്ങിയിരുന്നു. എന്നാൽ, ഒരേ വിമാനത്തിൽ വിമാനത്താവളത്തിൽ എത്തിയെങ്കിലും സ്വീകരണം ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് മാത്രമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ തിരിച്ചുവിളിച്ചു സ്വീകരണം നൽകി.

മട്ടന്നൂർ വിമാനത്താവളത്തിൽ ഒരേ വിമാനത്താവളത്തിൽ ഇരുവരും വന്നിറങ്ങിയപ്പോൾ മുതലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മുഖ്യമന്ത്രിയും കേന്ദ്രന്ത്രിയും എത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ സിപിഎം, ബിജെപി പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. നേതാക്കളെ പ്രതീക്ഷിച്ച് എല്ലാവരും കാത്തുനിന്നതു ഡിപ്പാർച്ചർ ഗേറ്റിലായിരുന്നു. എന്നാൽ ഇവർ എത്തിയതാകട്ടെ ഫയർ എക്‌സിറ്റ് ഗേറ്റ് വഴിയും. ഇതേക്കുറിച്ച് മുൻകൂട്ടി അറിവ് കിട്ടിയ സിപിഎം പ്രവർത്തകർ മാത്രം ഇവിടെയെത്തി. ഇക്കാര്യം ബിജെപിക്കാർ അറിഞ്ഞിരുന്നില്ല.

ഫയർ എക്‌സിറ്റ് ഗേറ്റ് വഴി ആദ്യമെത്തിയ മുഖ്യമന്ത്രി കാറിൽ കയറി. പ്രവർത്തകർക്കായി കാർ നിർത്തിയപ്പോൾ ഷാളിട്ടു പിണറായിയെ സ്വീകരിച്ച പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. മുഖ്യമന്ത്രിക്ക് തൊട്ടു പിന്നിലയി കാറിലുണ്ടായിരുന്നത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയായിരുന്നു. അദ്ദേഹത്തെ സിപിഎമ്മുകാർ അവഗണിക്കുകയാണ് ഉണ്ടായത്. കേന്ദ്രമന്ത്രിയെ സ്വീകരിക്കാൻ നിന്നിരുന്ന ബിജെപിക്കാർ വിവരമറിഞ്ഞപ്പോഴേക്കും ഗഡ്കരിയുടെ കാർ പുറത്തിറങ്ങി. ഇതോടെ കാറിൽ ഒപ്പമുണ്ടായിരുന്ന വി.മുരളീധരൻ എംപിയെ വിളിച്ചു നേതാക്കൾ പരാതിപ്പെട്ടു.

ഇതോടെ കേന്ദ്രമന്ത്രിയുടെ കാർ ഡിപ്പാർച്ചർ ഗേറ്റിനു സമീപത്തേക്കു തിരിച്ചുവിട്ടു. അവിടെ സി.കെ.പത്മനാഭൻ, ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. കേന്ദ്രമന്ത്രിയെ സിപിഎം അപമാനിച്ചെന്നു ബിജെപി ആരോപിച്ചു. മുഖ്യമന്ത്രിയും നിതിൻ ഗഡ്കരിയും ഒരേ വിമാനത്തിലാണെത്തിയത്. മുഖ്യമന്ത്രിക്കായി ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ ഇതിനു മുൻപായി മന്ത്രി കെ.കെ.ശൈലജയെത്തി. അമിത് ഷായ്ക്കു ശേഷം മട്ടന്നൂർ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരിയായി കെ.കെ.ശൈലജ.

ഈ സംഭവങ്ങളൊക്കെ നടന്നെങ്കിലും കണ്ണൂരിൽ ദേശീയ പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങിൽ പരസ്പരം പ്രശംസ ചൊരിയുകയാണ് ഇരു നേതാക്കളും ചെയ്തത്. ഗെയിൽ, ദേശീയ പാത പദ്ധതികൾ കേരളം വേഗത്തിൽ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നിതിൻ ഗഡ്കരി പറഞ്ഞു. കേരളത്തിൽ ഭൂമി ഏറ്റെടുക്കൽ പ്രതിസന്ധിയുണ്ടെന്നും എന്നാൽ സർക്കാർ അതു മറികടക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രളയാനന്തര അവസ്ഥ കണക്കിലെടുത്ത് കേരളത്തിന് പ്രത്യേക പരിഗണന നൽകി റോഡ് വികസനത്തിന് 450 കോടി രൂപ അനുവദിച്ചുവെന്നും വികസനത്തിന് രാഷ്ട്രീയ വ്യത്യാസം തടസമാവില്ലെന്നും ഗഡ്കരി ഉറപ്പ് നൽകി. അതേസമയം ഗഡ്കരിയെ മാൻ ഓഫ് ആക്ഷൻ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചത്.