മുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിർദ്ദേശം മറികടന്ന് മാദ്ധ്യമപ്രവർത്തകർക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വിവാദത്തിൽ. തെരഞ്ഞെടുപ്പു വേള പണമുണ്ടാക്കാനുള്ള അവസരമായി കണ്ട് പാരിതോഷികം സ്വീകരിക്കണമെന്നാണ് ഗഡ്കരി ആവശ്യപ്പെട്ടത്.

'അടുത്ത ദിവസങ്ങളിൽ നിങ്ങളെ തേടിയെത്തുന്ന സമ്പദ് ദേവതയെ നിഷേധിക്കരുത്. റിപ്പോർട്ടർമാർക്കും, എഡിറ്റർമാർക്കും ദിനപത്രങ്ങൾക്കും അവയുടെ ഉടമകൾക്കും പ്രത്യേക പാക്കേജുകളുണ്ട്' കൊങ്കൺ തീരപ്രദേശത്തുള്ള സാവന്ത്‌വാടിയിൽ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു ഗഡ്കരിയുടെ വാഗ്ദാനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാദ്ധ്യമപ്രവർത്തകരെ സ്വാധീനിക്കാനുള്ള ശ്രമം നടത്തി വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് ഗഡ്കരി. മാദ്ധ്യമങ്ങളെ വിലയിടിച്ചു കാണിക്കുന്ന പ്രസ്താവനയാണിതെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.

അതിനിടെ നിലെങ്കയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വോട്ടർമാരെ കൈക്കൂലി വാങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗഡ്കരിയോട് വിശദീകരണം തേടി. ഗഡ്കരിയുടെ പ്രസ്താവന പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ ബുധനാഴ്ച വൈകുന്നേരത്തിനകം നോട്ടീസിന് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു. 'എല്ലാവരിൽ നിന്നും പണം സ്വീകരിക്കൂ. പക്ഷെ,? വികസനത്തിന് വോട്ട് നൽകൂ' എന്നായിരുന്നു നിലെങ്കയിലെ റാലിയിൽ ഗഡ്കരി പറഞ്ഞത്.