ന്യൂഡൽഹി: ബാങ്കുകളെ വെട്ടിച്ച് ലണ്ടനിൽ സുഖജീവിതം നയിക്കുന്ന കിങ്ഫിഷർ മേധാവി വിജയ് മല്യയെ തിരികെ കൊണ്ടുവരാൻ നക്ഷത്ര സൗകര്യങ്ങളുള്ള ജയിലറ ഒരുക്കി കാത്തിരിക്കയാണ് ഇന്ത്യ. മല്യയെ രക്ഷിച്ചത് കേന്ദ്രസർക്കാർ തന്നെയാണെന്ന ആരോപണം ശക്തമാണ്. ധനമന്ത്രി അരുൺ ജെയ്റ്റിലിയുടെ സഹായം ലഭിച്ചുവെന്ന മല്യയുടെ വെളിപ്പെടുത്തലും ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ഇതിനിടെ ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ച് മറ്റൊരു പ്രമുഖൻ കൂടി നാടുവിട്ടു.

സിബിഐ യും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും തെരയുന്ന 5000 കോടി ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി ഗുജറാത്തിലെ സ്റ്റെർലിങ് ബയോടെക്ക് ഉടമ നിതിൻ സന്ദേശരയും സഹായികളും നൈജീരിയയിലേക്ക് മുങ്ങി. നേരത്തേ ദുബായിൽ തടവിലാണെന്ന വാർത്ത പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് ഇവർ യുഎഇയിൽ ഇല്ലെന്നും അവിടെ നിന്നും മുങ്ങിയതായിട്ടുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

ഇന്ത്യയിലെ പ്രമുഖ രണ്ട് അന്വേഷണ ഏജൻസിയുടെയും ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന നിതിൻ സന്ദേശരയും സഹോദരൻ ചേതൻ സന്ദേശരയും അയാളുടെ ഭാര്യ ദീപ്തിബെൻ സന്ദേശരയും നൈജീരിയയിൽ ഒളിവിലാണെന്നാണ്. കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഒരു കരാറും നൈജീരിയയുമായി ഇന്ത്യയ്ക്കില്ല എന്നതിനാൽ ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരിക അസാധ്യമായ കാര്യമാണ്. ഓഗസ്റ്റ് രണ്ടാം വാരം നിതിൻ ദുബായിൽ തടങ്കലിലാണ് എന്ന രീതിയിൽ വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ ഈ വാർത്ത അടിസ്ഥാന രഹിതമാണെന്നും നേരത്തെ തന്നെ ഇവർ നൈജീരിയയിലേക്ക് കടന്നിരിക്കാമെന്നും റിപ്പോർട്ടുകൾ എത്തി.

അതേസമയം ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചാണോ അതോ മറ്റേതെങ്കിലും രാജ്യത്തിന്റെ പാസ്പോർട്ട് ഉപയോഗിച്ചാണോ ഇവർ നൈജീരിയയിലേക്ക് കടന്നതെന്ന് വ്യക്തമല്ല. എന്നിരുന്നാലും സന്ദേശരകളെ കണ്ടുകിട്ടിയാൽ താൽക്കാലിക അറസ്റ്റ് നടത്തി കൈമാറണമെന്ന് ഏജൻസികൾ യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്്. ഇവർക്കെതിരേ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസിന് സമ്മർദ്ദവും ചെലുത്തുന്നുണ്ട്. വഡോദര ആസ്ഥാനമായ സ്റ്റെർലിങ് ബയോടെക് ഉപയോഗിച്ച് ഡയറക്ടർമാരായ നിതിൻ, ചേതൻ, ദീപ്തി, രാജ്ഭൂഷൻ ഓംപ്രകാശ് ദീക്ഷിത്, വിലാസ് ജോഷി, ചാർട്ടേഡ് അക്കൗണ്ടന്റായ ഹേമന്ദ് ഹാതി, മുൻ ആന്ധ്രാ ബാങ്ക് ഡയറക്ടർ അനൂപ് ഗർഗ് എന്നിവരും തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് ഏതാനും പേരും ചേർന്ന് 5000 കോടിയാണ് തട്ടിയെടുത്തെന്നാണ് കേസ്.

ഈ കേസിൽ ഒരു ഫാർമസ്യൂട്ടിക്കലിന്റെ 4,700 കോടി മൂല്യം കാണിച്ച ഡൽഹി ബിസിനസുകാരൻ ഗഗൻ ധവാൻ, ഗർഗ് എന്നിവരെ നേരത്തേ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തിരുന്നു. സന്ദേശര 300 ലധികം ഷെല്ലുകളും ഇന്ത്യയിലും വിദേശത്തുമായി രജിസ്റ്റർ ചെയ്ത ബിനാമി കമ്പനികളും കാണിച്ചായിരുന്നു വായ്പ എടുത്തത്. ഇതിനൊപ്പം കള്ളക്കണക്ക് ചമച്ചുള്ള ബാലൻസ് ഷീറ്റും ലാഭവും ഓഹരി വ്യാപാരവുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവരങ്ങളുമെല്ലാമാണ് നൽകിയത്. സ്റ്റെർലിങ് ഗ്രൂപ്പിലെ വിവിധ കമ്പനികളിലെ ജീവനക്കാരെ ആയിരുന്നു കമ്പനിയുടെ വ്യാജ ഡയറക്ടർമാരായി സദേശര അവതരിപ്പിച്ചത്്.

അതേ സമയം, നിതിൻ നൈജീരിയയിലേക്ക് കടന്നതിൽ സിബിഐക്കും പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ ഒരു വശത്തു നിന്നും ഉയരുന്നുണ്ട്. സിബിഐ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന നിതിന്റെ കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സിബിഐ ഡയറക്ടർ അലോക് വർമ്മ ആരോപിച്ചിരുന്നു.ആന്ധ്രാ ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ നിന്നു സ്റ്റെർലിങ് വായ്പയെടുത്ത 5000 കോടിയിലേറെ രൂപ തിരിച്ചടച്ചില്ലെന്നാണ് നിതിനെതിരായ കേസ്. 2016 ഡിസംബർ 31ലെ കണക്കുപ്രകാരം കമ്പനിയുടെ മൊത്തം കുടിശിക 5383 കോടി രൂപയാണ്.