- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ചു കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങ്; മഹാരാഷ്ട്ര മോഡൽ സർക്കാർ ഉണ്ടാക്കാൻ ബിഹാറിലും നീക്കം നടക്കുമോ? നിതീഷ് കുമാർ മൗനത്തിൽ തന്നെ; സംശയമൊന്നുമില്ല, നിതീഷ് തന്നെ മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ചു ബിജെപി നേതാവ് സുശീൽ മോദിയും
പട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ ഏറ്റവും തിരിച്ചടിയേറ്റത് നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിനാണ്. ഇതിന് ഇടയാക്കിയത് ചിരാഗ് പസ്വാനെ മുന്നിൽ നിർത്തിയുള്ള ബിജെപിയുടെ കളിയായിരുന്നു. ഇതോടെ ഇതുവരെ മുന്നണിയിലെ രണ്ടാം കക്ഷിയായിരുന്ന ബിജെപി ഒന്നാം സ്ഥാനത്തേക്ക് എത്തി നിതീഷിനാകട്ടെ തിരിച്ചടിയാകുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്ര മോഡൽ ബിഹാറിലും ആവർത്തിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. എന്നാൽ, അങ്ങനെ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുമായി ബിജെപിയും രംഗത്തുണ്ട്.
ഇതിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങ് രംഗത്തെത്തി. ബിജെപി ബന്ധം അവസാനിപ്പിച്ച് ബിഹാറിൽ തേജസ്വിയെ പിന്തുണക്കാൻ നിതീഷ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാൻ നിതീഷ് തയ്യാറാകണമെന്നാണ് ദിഗ് വിജയ് സിങ്ങ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപിയും സംഘപരിവാറും ഇത്തിൾക്കണ്ണി പോലെയാണ്. ആശ്രയം കൊടുക്കുന്ന മരത്തെ അത് നശിപ്പിക്കും. ബിഹാറിൽ ജെഡിയുവിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതാണ്. ലാലുപ്രസാദ് യാദവിനൊപ്പം പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചിട്ടുള്ളയാളാണ് നിതീഷ്. ബിഹാറിൽ എൻഡിഎ കേവല ഭൂരിപക്ഷം ഉറപ്പാക്കിയെങ്കിലും ബിജെപി വലിയ കക്ഷിയായതോടെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സഖ്യത്തിൽ ആശയക്കുഴപ്പമുള്ളതായി റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ദിഗ് വിജയ് സിങ്ങിന്റെ ആഹ്വാനം വരുന്നത്.
ബിജെപി വലിയ കക്ഷിയായി മാറിയതോടെ മുഖ്യമന്ത്രിയാകണോ എന്നതിൽ നിതീഷിന് ധാർമ്മികത അനുസരിച്ച് തീരുമാനിക്കാമെന്നാണ് ബിജെപി സംസ്ഥാന ഘടകം പ്രതികരിച്ചത്. അന്തിമഫലം വന്ന് അഞ്ച് മണിക്കൂർ പിന്നിട്ടിട്ടും ഇതുവരെയും മുഖ്യമന്ത്രി നിതീഷ് കുമാർ ഒരു പ്രതികരണത്തിനും തയ്യാറായിട്ടില്ല.
അതേസമയം ബിഹാറിൽ ജെ.ഡി.യു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്നും അക്കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്ന് ബിജെപി നേതാവ് സുശീൽ മോദി വ്യകത്മാക്കി. എൻ.ഡി.എ വിട്ട് മഹാസഖ്യത്തോടൊപ്പം ചേരാൻ കോൺഗ്രസ് നേതാവ് ദിഗ്വിജയ സിങ് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് നിതീഷിനെ ചേർത്തു പിടിച്ചുകൊണ്ട് ബിജെപിയുടെ പ്രഖ്യാപനം.
243 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 74 സീറ്റുകളുമായി ബിജെപി എൻ.ഡി.എ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായി മാറിയിരുന്നു. ഭരണം നിലനിർത്തിയെങ്കിലും 43 സീറ്റുകളിലേക്ക് ഒതുങ്ങിയ ജെ.ഡി.യുവിന് തെരഞ്ഞെടുപ്പ് നിരാശയാണ് സമ്മാനിച്ചത്. സഖ്യത്തിൽ മേൽക്കോയ് മ ലഭിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ആദ്യമായി മുഖ്യമന്ത്രി പദം അലങ്കരിക്കാനുള്ള അവസരം ബിജെപിയുടെ മുന്നിലെത്തിയിരുന്നു. എന്നാൽ തുടർച്ചയായ നാലാം തവണയും നിതീഷിന് മുഖ്യമന്ത്രിയാക്കാൻ ബിജെപി സമ്മതം മൂളുകയായിരുന്നു.
'ഞങ്ങളുടെ പ്രതിബദ്ധത പോലെ നിതീഷ്ജി മുഖ്യമന്ത്രിയായി തുടരും. ഇതിൽ ആശയക്കുഴപ്പമില്ല. ചിലർ കൂടുതൽ വിജയിക്കും ചിലർ കുറച്ചും. എന്നാൽ ഞങ്ങൾ തുല്യരായ പങ്കാളികളാണ്' -ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി ചൊവ്വാഴ്ച പറഞ്ഞു. സ്വന്തം നിലയിൽ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ നിതീഷിന്റെ പിന്തുണ കൂടിയേ തീരൂ. കിങ്മേക്കർ ആകുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന എൽ.ജെ.പിയുടെ ചിരാഗ് പാസ്വാൻ ഒരു സീറ്റിലൊതുങ്ങിയിരുന്നു. നിതീഷുമായി ഉടക്കി ഒറ്റക്ക് മത്സരിച്ച ചിരാഗാണ് ജെ.ഡി.യുവിന്റെ ഫലത്തെ നിർണായകമായി സ്വാധീനിച്ചത്. ബിജെപി മത്സരിച്ച സീറ്റുകളിൽ ചിരാഗ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല.
ഇക്കുറി 76 സീറ്റുകളിൽ വിജയിച്ച് ആർ.ജെ.ഡി ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. വന്മുന്നേറ്റം നടത്തിയ ബിജെപി 73 സീറ്റുമായി എൻ.ഡി.എയിലെ ഏറ്റവും വലിയ കക്ഷിയായി മാറി. വോട്ടുവിഹിതത്തിന്റെ കാര്യത്തിലും ബിജെപി (23.03) മുന്നിലെത്തി. എൻ.ഡി.എയിൽ നിന്ന് മാറി 150 ഇടങ്ങളിൽ ഒറ്റക്ക് മത്സരിച്ച ചിരാഗ് പാസ്വാന്റെ എൽ.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്.
70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റുകൾ കൊണ്ട് തൃപ്ത്തിപെടേണ്ടി വന്നു. 29 സീറ്റുകളിൽ മത്സരിച്ച ഇടതു പാർട്ടികളായ സിപിഐ (എം.എൽ), സിപിഐ, സിപിഎം എന്നിവർ 16 സീറ്റിൽ വിജയിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു. മായാവതിയുടെ ബി.എസ്പിയുമായി സഖ്യത്തിലേർപെട്ടിരുന്ന അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം അഞ്ച് സീറ്റ് നേടി.
മറുനാടന് മലയാളി ബ്യൂറോ