പട്‌ന: കൂറുമാറി എൻഡിഎയ്‌ക്കൊപ്പം ചേർന്ന നിതീഷ് കുമാർ നിയമസഭയിൽ വിശ്വാസ വോട്ട് നേടി. ജെഡിയു എൻഡിഎ സഖ്യത്തെ 131 എംഎൽഎമാർ പിന്തുണച്ചു. 108 പേർ എതിർത്തു വോട്ടു ചെയ്തു. ആകെ 243 അംഗങ്ങളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു 122 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ആർജെഡിക്ക് 80, കോൺഗ്രസിന് 27 എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷിനില. ഇതുകൂടാതെ സിപിഐ (എംഎൽ)3, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണു ബാക്കിയുള്ളത്.

അതേസമയം, രാവിലെ വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതു മുതൽ നിയമസഭയിൽ ബഹളത്തിൽ മുങ്ങിയിരുന്നു. രഹസ്യവോട്ടെടുപ്പ് വേണമെന്ന് കോൺഗ്രസും ആർജെഡിയും ആവശ്യപ്പെട്ടു. ബിജെപിക്കൊപ്പം നിൽക്കാനുള്ള നിതീഷിന്റെ തീരുമാനത്തിൽ ജെഡിയുവിനുള്ളിൽനിന്നുതന്നെ എതിർപ്പുയർന്നിരുന്നു.

അപ്രതീക്ഷിത നാടകീയ നീക്കത്തിലൂടെ മുന്നണിമാറി വീണ്ടും മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രംഗത്തെത്തി. സംസാരിക്കാൻ 40 മിനിട്ട് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട തേജസ്വി, ബിജെപിക്കൊപ്പം പോകാൻ നിതീഷ് മുൻപുതന്നെ പദ്ധതിയിട്ടിരുന്നുവെന്നു ആരോപിച്ചു. തനിച്ചു മൽസരിച്ചപ്പോഴെല്ലാം കൂടെ ആരെങ്കിലും വേണമെന്ന് നിതീഷ് തെളിയിച്ചിരുന്നു. ബിജെപിയെയോ ആർജെഡിയെയോ ജെഡിയുവിനെപ്പോഴും വേണമായിരുന്നു. തന്നെ ചതുരംഗക്കളത്തിലെ കാലാളിനെപ്പോലെയാണ് നിതീഷ് ഉപയോഗിച്ചതെന്നും തേജസ്വി പറഞ്ഞു.