കൊച്ചി: കായംകുളം റെയിൽവേ സ്റ്റേഷനിൽ വച്ച് നേത്രാവതി എക്സ്‌പ്രസിലെ ശുചിമുറിക്കുള്ളിൽ തീകൊളുത്തിയ യുവാവ് മരിച്ചു. ദേഹമാസകലം പൊള്ളലേറ്റ് തമിഴ്‌നാട് വെല്ലുർ സ്വദേശി നിവാസ് (24) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ ഉച്ചയോടെയാണ് മരിച്ചത്. യുവാവിന്റെ ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു. അറുപത് ശതമാനം പൊള്ളലേറ്റതാണ് മരണകാരണമെന്നാണ് അനൗദ്യോഗിക വിശദീകരണം. എന്നാൽ നിവാസിനെ പിടികൂടിയപ്പോൾ പുറത്ത് വന്ന ദൃശ്യങ്ങൾ പ്രകാരം ഒരു കൈക്ക് താഴെ മാത്രമേ പൊള്ളലേറ്റിരുന്നുള്ളൂ. അന്ന് ആരോഗ്യത്തിന് കുഴപ്പവുമുണ്ടായിരുന്നില്ല. ഇത്തരത്തിലൊരു വ്യക്തിയുടെ ആരോഗ്യനില എങ്ങനെ പെട്ടെന്ന് വഷളായി എന്നതാണ് ഉയരുന്ന ചോദ്യം.

ബുധനാഴ്ചയായിരുന്നു നത്രാവതി എക്സ്‌പ്രസിലെ ശുചിമുറിക്കുള്ളിൽ തീകൊളുത്തിയ സംഭവം. സഹയാത്രികരുടെ ബാഗ് മോഷ്ടിച്ച് ഓടാൻ ശ്രമിച്ച ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ശുചിമുറിയിൽ കയറി പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. തുടർന്ന് യാത്രക്കാർ ചേർന്ന് ശുചിമുറിയുടെ വാതിൽ ചവിട്ടിപൊളിച്ചാണ് ഇയാളെ പുറത്തിറക്കിയത്. ദേഹമാസകലം പൊള്ളലേറ്റ യുവാവിനെ ആദ്യം വണ്ടാനം മെഡിക്കൽ കോളജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ ഇയാൾക്കെതിരേ പൊലീസ് കേസെടുത്തിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ നിവാസ് കൊച്ചി മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു നിവാസ്. മോഷണ ശ്രമത്തിനിടെ പിടിയിലായ യുവാവ് ഓടി രക്ഷപ്പെട്ട് ട്രെയിനിലെ ബാത്ത് റൂമിൽ കയറി സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. എന്നാൽ പിന്നീട് നിവാസ് ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് വ്യക്തമായി. പൊള്ളലേറ്റ നിവാസിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില ഗുരതരമായി തുടർന്നതോടെയാണ് കൊച്ചി മെഡിക്കൽ സെന്ററിലേക്ക് മാറ്റിയത്. ജനറൽ കമ്പാർട്ട്‌മെന്റിലെ ബാത്‌റൂമിൽ കയറിയായിരുന്നു ആത്മഹത്യാശ്രമം.

കായംകുളം റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിർത്തിയ നേത്രാവതി എക്സ്‌പ്രസിലെ ടോയ്‌ലറ്റിലാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ധരിച്ചിരുന്ന വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ ശേഷം ഇതിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ട്രെയിൻ പുറപ്പെടാൻ തുടങ്ങവെ ടോയ്‌ലറ്റിൽ നിന്ന് പുക ഉയരുന്നതു കണ്ട് യാത്രക്കാർ ബഹളം വയ്ക്കുകയും തുടർന്ന് പൊള്ളലേറ്റ ഇയാളെ ടോയ്‌ലെറ്റിന്റെ കതക് തള്ളിത്തുറന്ന് രക്ഷപെടുത്തുകയുമായിരുന്നു. ഉടൻതന്നെ ലോക്കോ പൈലറ്റ് മറ്റു ബോഗികൾ വേർപ്പെടുത്തിയതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. യാത്രക്കാർ പിടികൂടി ആർ.പി.എഫിന് കൈമാറിയ നിവാസിനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത് ആദ്യം താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.

അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മൊഴിയെടുത്തിരുന്നു. തുടർന്ന് എറണാകുളം റെയിൽവേ പൊലീസാണ് ഇയാളെ എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റിയത്. പിതാവുമായുള്ള വഴക്കിനെ തുടർന്നാണ് നിവാസ് വീടു വിട്ടിറങ്ങിയതെന്നും കടയുടെയും ബൈക്കിന്റെയും താക്കോലുകൾ പിതാവിനെ ഏൽപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. തിരുവനന്തപുരം മുതൽ ഇയാൾ ട്രെയിനിൽ ഉണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു. പലതവണ ചോദ്യം ചെയ്‌തെങ്കിലും പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്.

ബന്ധുക്കളിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ബിരുദവും ആനിമേഷൻ വിദഗ്ധനുമായ നിവാസ് നാട്ടിൽ വീടിനോട് ചേർന്ന് കമ്പ്യൂട്ടർ റിപ്പയറിങ്ങും കമ്പ്യൂട്ടർ ഉപകരണങ്ങളുടെ വിൽപനയും നടത്തിവരികയായിരുന്നു. അഞ്ചു ദിവസം മുമ്പാണ് വീടു വിട്ടിറങ്ങിയത്. യുവാവിന്റെ മരണത്തോടെ നേത്രവാതിക്ക് തീവച്ച സംഭവത്തിലെ അന്വേഷണവും പൊലീസ് അവസാനിപ്പിക്കും.