തിരുവനന്തപുരം: പ്രേമം എന്ന സിനിമ സൂപ്പർഹിറ്റായതോടെ സോഷ്യൽ മീഡിയയിലെ സംസാരം നിവിൻ പോളി സൂപ്പർസ്റ്റാർ ആയോ എന്നാണ്. മോഹൻലാലുമായുള്ള താരതമ്യമാണ് ഈ ചിത്രത്തോടെ നിവിൻ പോളിക്ക് ലഭിച്ചത്. എന്തായാലും നിവിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമായി നടക്കവേ പ്രതിഫല കാര്യത്തിൽ ഈ ആലുവക്കാരൻ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പമെത്തി. തീയറ്ററുകളിൽ കലക്ഷൻ റെക്കോർഡുകൾ തകർത്ത് പ്രേമം മുന്നേറുമ്പോൾ നിവിൻ പോളി പ്രതിഫലം രണ്ട് കോടിയായി ഉയർത്തിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

മോഹൻലാലും മമ്മൂട്ടിയും പ്രതിഫലം രണ്ട് കോടിയായി ഉയർത്തിയിട്ട് കാലങ്ങൾ ഏറെയായി. എന്നാൽ, ചെറിയ പ്രതഫലത്തിൽ തുടങ്ങി തുടർച്ചയായി ഹിറ്റുകളുടെ രാജകുമാരനായപ്പോഴാണ് നിവിന് പോളിയും പ്രതിഫലം ഉയർത്തിയത്. പൃഥ്വിരാജിനെക്കാളും ദിലീപിനേക്കാളും ഉയർന്ന പ്രതിഫലമാണ് നിവിൻ പോളി പറ്റുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ.

ഒരുസമയത്ത് ഹിറ്റുകളുടെ രാജകുമാരനായിരുന്ന ദിലീപും വാങ്ങുന്നത് 1.15 കോടി രൂപയാണ്. പൃഥ്വിരാജും ഒരു കോടി രൂപയ്ക്കടുത്ത് പ്രതിഫലം പറ്റുന്നു. ഒ.കെ കൺമണി മികച്ച അഭിപ്രായം കരസ്ഥമാക്കിയതോടെ ദുൽഖർ സൽമാനും പ്രതിഫലം ഉയർത്തിയിട്ടുണ്ട്. ആസിഫ് അലി നിവിൻ പോളിക്കും പൃഥ്വിരാജിനും തൊട്ടു പിന്നിൽത്തന്നെയുണ്ട്. ഫഹദ് ഫാസിലും ഒരു കോടി ക്‌ളബിൽ അംഗമാണ്. എന്നാൽ താരങ്ങളുടെ പ്രതിഫല കാര്യത്തിൽ ഔദ്യോഗികമായി സ്ഥിരീകരണം ഇല്ലെന്നതാണ് പ്രത്യേകത.