തിരുവനന്തപുരം: തീരസംരക്ഷണത്തെച്ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്‌പോര്. പി.സി.വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തര പ്രമേയമാണ് ചൂടേറിയ ചർച്ചയ്ക്ക് വേദിയൊരുക്കിയത്.

ശംഖുമുഖം റോഡ് പൂർണമായി തകർന്നു. നാലു കൊല്ലം കഴിഞ്ഞിട്ടും ഇവിടെ റോഡ് നിർമ്മാണത്തിന് സർക്കാർ ഒന്നും ചെയ്തില്ല. അധികാരികളുടെ കൺമുന്നിലാണ് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

ചെല്ലാനത്തും സ്ഥിതിരൂക്ഷമാണ്. തീരം സംരക്ഷിക്കാൻ പരമ്പരാഗത മാർഗങ്ങൾ പോര. കടൽ ഭിത്തി കൊണ്ടോ പുലിമുട്ട് കൊണ്ടോ പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും അടിയന്തിര പ്രമേയത്തിന് അനുമതി തേടി വിഷ്ണുനാഥ് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷം മുഖ്യമന്ത്രി തീര സംരക്ഷണത്തിന് എന്താണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. വീട് നഷ്ടപെട്ട തീരവാസികൾക്ക് പ്രത്യക പാക്കേജ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീരദേശത്ത് അഞ്ചു വർഷം കൊണ്ട് 5000 കോടി രൂപയുടെ സംരക്ഷണ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ച് വർഷം കൊണ്ട് കടലാക്രമണം കൊണ്ടുള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്.

സംസ്ഥാനത്ത് പത്ത് ഇടങ്ങളിൽ കടൽത്തീരം ശോഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തീരങ്ങളിൽ ടെട്രാപാഡ് സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തീരത്തെ പ്രശ്‌നം ദീർഘകാലമായി നിലനിൽക്കുന്നതാണ്. ഗൗരവമായ ഇടപെടൽ ഉണ്ടാകും. ശംഖുമുഖത്തോട് അവഗണന ഇല്ലെന്നും മത്സ്യത്തൊഴിലാളികളുടെ ഏതൊരു വിഷമവും സംസ്ഥാനത്തിന്റെയാകെ വിഷമമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള പ്രദേശത്ത് തീരത്ത് ആശങ്ക നിലനിൽക്കുന്നുണ്ടെന്ന മന്ത്രി കെ കൃഷ്ണൻകുട്ടി ജലവിഭവ വകുപ്പ് മന്ത്രിക്ക് വേണ്ടി മറുപടി നൽകി. അടുത്തിടെ ഉണ്ടായ യാസ് ചുഴലിക്കാറ്റ് കേരള തീരത്ത് നാശമുണ്ടാക്കി. കിഫ്ബി വഴി തീര സംരക്ഷണത്തിന് വേണ്ടിയുള്ള പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഴ തീർന്നാൽ തീര സംരക്ഷണ നടപടികൾ ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. ഓരോ പ്രദേശത്തെയും പ്രശ്‌നങ്ങൾ പ്രത്യേകം പഠിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ എം.ബി.രാജേഷ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേത്തുടർന്നു പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.