തിരുവനനന്തപുരം: നിയമ സഭയിൽ മുൻ എം എൽ എ യും നിലവിൽ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടിയടക്കമുള്ള സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും വിദേശ നിർമ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച കേസിൽ 6 പ്രതികളും കുറ്റം ചുമത്തലിന് ഹാജരാകാൻ തലസ്ഥാന വിചാരണ കോടതിയുടെ അന്ത്യശാസനം.തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ആർ.രേഖയാണ് പ്രതികൾക്ക് അന്ത്യശാസനം നൽകിയത്. കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്താൻ സെപ്റ്റംബർ 14 ന് ഹാജരാകാനാണ് അവസാന അവസരം നൽകിയിരിക്കുന്നത്. ഹാജരാകാൻ വീണ്ടും കൂടുതൽ സമയം തേടിയതാണ് കോടതിയെ ചൊടിപ്പിച്ചത്. വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ വിടുതൽ ഹർജി തള്ളിയത് ചോദ്യം ചെയ്തുള്ള റിവിഷൻ ഹർജി േൈഹക്കാടതിയും തള്ളിയ സാഹചര്യത്തിലാണ് വിചാരണ കോടതിയുത്തരവ്. ജട്ടിക്കേസിൽ 22 തവണ വിചാരണയ്ക്ക് ഹാജരാകാതെ കേസ് മന്ത്രിയായ ആന്റണി രാജു നീട്ടിക്കൊണ്ടു പോയിരുന്നു. ഇതിന് സമാനമായി കേസിലെ വിധി വൈകിപ്പിക്കാനാണ് ശിവൻകുട്ടിയുടേയും സംഘത്തിന്റേയും നീക്കം.

പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി വിചാരണ കോടതി തള്ളിയത് ചോദ്യം ചെയ്തുള്ള റിവിഷൻ ഹർജി േൈഹക്കാടതിയുടെ പരിഗണനയിലായതിനാലാണ് കേസ് പല തവണ മാറ്റി വച്ചത്. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തലിനായി എല്ലാ പ്രതികളും ഹാജരാകാൻ സിജെഎം ആർ. രേഖ 2021 ഡിസംബർ മുതൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളിയിരുന്നു. എല്ലാപ്രതികളും വിചാരണ നേരിടാനും ഉത്തരവിട്ടു. പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകളുള്ളതിനാൽ പ്രതികളെ വിചാരണ ചെയ്യാൻ പ്രഥമ ദൃഷ്ട്യാ മതിയായ തെളിവുകളുണ്ടെന്ന് വിടുതൽ ഹർജി തള്ളിയ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. പൊലീസ് റിപ്പോർട്ടും സാക്ഷിമൊഴികളും കേസ് റെക്കോർഡുകളും പരിശോധിച്ചതിൽ പൊലീസ് കുറ്റപത്രത്തിന് അടിസ്ഥാനമുണ്ട്.

വിടുതൽ ഹർജിയുടെ പരിഗണനാ വേളയിൽ കേസ് ശിക്ഷയിൽ കലാശിക്കുമോ അതോ പ്രതികളെ വെറുതെ വിടുമോ എന്ന് ഈ ഘട്ടത്തിൽ തെളിവുകൾ ചികഞ്ഞ് പരിശോധിക്കേണ്ടതില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. സാക്ഷി വിസ്താര വിചാരണയ്ക്കു ശേഷമാണ് തെളിവു മൂല്യം വിലയിരുത്തുന്നത്. പ്രതികൾ പ്രഥമദൃഷ്ട്യാ കൃത്യം ചെയ്തതായി അനുമാനിക്കാൻ അടിസ്ഥാനമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമുള്ള വിടുതൽ ഹർജി തള്ളിക്കൊണ്ടാണ് വകുപ്പ് 240 പ്രകാരം പ്രതികൾക്ക് മേൽ കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടത്. കുറ്റ സ്ഥാപനത്തിൽ 2 വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാൽ പൊലീസ് കുറ്റപത്രവും സാക്ഷിമൊഴികളും അനുബന്ധ റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കോർട്ട് ചാർജ് (കോടതി കുറ്റപത്രം) പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നത്.

മാധ്യമങ്ങളിൽ പ്രചരിക്കുന്ന നിയമസഭാ കൈയാങ്കളി ദ്യശ്യങ്ങൾ വ്യാജമെന്നതടക്കമുള്ള പ്രതികളുടെ ഡിഫൻസ് വാദങ്ങൾ തള്ളി കൊണ്ടാണ് കോടതി ഉത്തരവ്. ഇത്തരം വാദങ്ങളെല്ലാം വിചാരണയിൽ പരിഗണിക്കേണ്ട വിഷയങ്ങളാണെന്നും കോടതി വ്യക്തമാക്കി. നേരത്തേ കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച പിൻവലിക്കൽ ഹർജി തള്ളിക്കൊണ്ട് പ്രതികൾ വിചാരണ നേരിടാൻ ഉത്തരവ് പുറപ്പെടുവിച്ച മുൻ സിജെഎമ്മും നിലവിൽ പോക്‌സോ കോടതി ജഡ്ജിയുമായ ആർ. ജയകൃഷ്ണൻ 2020 സെപ്റ്റംബർ 22 ൽ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതിയും സുപ്രീം കോടതിയും ശരി വച്ച് പ്രതികൾ വിചാരണ നേരിടാൻ ഉത്തരവിട്ടിരുന്നു.

അതേസമയം നാശനഷ്ടം വരുത്താൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലായിരുന്നെന്ന് ആണ് വിടുതൽ ഹർജിയിൽ പ്രതികൾ വാദിച്ചിരുന്നത്. സുരക്ഷാ ജീവനക്കാരായ വാച്ച് ആൻഡ് വാർഡ് ബലം പ്രയോഗിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. തങ്ങൾ മാത്രമല്ല സ്പീക്കറുടെ ഡയസിൽ കയറിയതെന്നും എം എൽ എ മാരായ സുനിൽ കുമാർ , ബി.സത്യൻ , തോമസ് ഐസക്ക് എന്നിവരടക്കം 20 ഓളം എം എൽ എ മാരും കയറിയെന്ന് പ്രതികൾ വാദിച്ചിരുന്നു. അന്വേഷണത്തിൽ പാളീച്ചകളുള്ളതിനാലും തങ്ങളെ വിചാരണ കൂടാതെ വിട്ടയക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇതാണ് തള്ളിയത്.

തങ്ങൾക്കെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നാണ് കുറ്റവിമുക്തരാക്കൽ ഹർജിയിൽ പ്രതികൾ പറയുന്നത്. തങ്ങൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ല. തങ്ങൾക്കെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകളില്ല. വാച്ച് ആൻഡ് വാർഡും പൊലീസുകാരുമായ ഔദ്യോഗിക സാക്ഷികളല്ലാതെ 140 എം എൽ എ മാരെയും 21 മന്ത്രിമാരെയും സാക്ഷികളാക്കിയിട്ടില്ല. സി സി റ്റി വി ദൃശ്യങ്ങൾ ശരിയായും നിയമ പരമായ രീതിയിലും സാക്ഷ്യപ്പെടുത്തിയിട്ടില്ല.ഇൻഫോർമേഷൻ ടെക്‌നോളജി നിയമത്തിലെ 65 ബി പ്രകാരം തൊണ്ടിമുതലായ ദൃശ്യ സിഡികൾ ഏത് ഡിവൈസിൽ നിന്നാണെടുത്തതെന്ന സാക്ഷ്യപത്രം ഫോറൻസിക് റിപ്പോർട്ടിനൊപ്പം ക്രൈംബ്രാഞ്ച് ഹാജരാക്കിയിട്ടില്ല. അതിനാൽ തങ്ങളെ വിചാരണ കൂടാതെ വിട്ടയക്കണമെന്നും പ്രതികൾ കോടതിയിൽ ബോധിപ്പിച്ചത്.

സർക്കാരിന്റെ കേസ് പിൻവലിക്കൽ ഹർജി തള്ളിയ സിജെഎം കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജി തള്ളിയ ഹൈക്കോടതിയും സുപ്രീം കോടതിയും പ്രതികൾ വിചാരണ നേരിടാൻ ഉത്തരവിട്ടിരുന്നു. സഭയിലെ കൈയാങ്കളിക്ക് സാമാജികർക്ക് പരിരക്ഷയില്ലെന്നും വിചാരണ നേരിടണമെന്നും ചൂണ്ടിക്കാട്ടി സർക്കാർ അപ്പീൽ തള്ളിക്കൊണ്ട് 2020 ജൂലൈ 28 ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. പിൻവലിക്കൽ ഹർജി തള്ളിയ സിജെഎം കോടതി വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്താൻ പ്രതികളോട് ഹാജരാകാൻ അന്ത്യശാസനം നൽകിയ സാഹചര്യത്തിലാണ് പ്രതികൾ വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചത്.

അതേ സമയം സർക്കാർ ക്രിമിനൽ റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെയും തുടർന്ന് സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും പരാജയപ്പെട്ടു. സംസ്ഥാന സർക്കാർ പ്രതികൾ പറയേണ്ട വാദമാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. 2015 മാർച്ച് 13 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2011-16 ലെ ഇടത് എംഎൽഎ മാരായ കെ.അജിത് , കുഞ്ഞമ്പു മാസ്റ്റർ , മുൻ കായിക മന്ത്രിയായ ഇ.പി.ജയരാജൻ , സി.കെ.സദാശിവൻ , നിലവിൽ സംസ്ഥാന വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടി , മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.റ്റി. ജലീൽ എന്നിവരാണ് നിയമസഭക്കകത്ത് സ്പീക്കറുടെ ഡയസ് കൈയേറി നാശനഷ്ടം വരുത്തിയ കേസിലെ ഒന്നു മുതൽ അറു വരെയുള്ള പ്രതികൾ. മന്ത്രി ജയരാജനടക്കമുള്ള പ്രതികൾ ചെയ്തത് ഏഴേകാൽ വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണ്.

കൂടാതെ 2, 20, 093 രൂപയുടെ നഷ്ടോത്തരവാദിത്വം ഒറ്റക്കും കൂട്ടായും കെട്ടി വക്കേണ്ട കുറ്റവും. കുറ്റ സ്ഥാപനത്തിൻ മേൽ 1984 ൽ നിലവിൽ വന്ന പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 3 (1) പ്രകാരം അഞ്ചു വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴശിക്ഷയും കോടതിക്ക് വിധിക്കാവുന്നതാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 427 (ദ്രോഹം ചെയ്യുന്നത് വഴി നാശനഷ്ടം വരുത്തൽ) പ്രകാരം 2 വർഷത്തെ കഠിന തടവിനും പരിധിയില്ലാത്ത പിഴ തുകക്കും ശിക്ഷാർഹരാണ്.കൂടാതെ വകുപ്പ് 447 ( വസ്തു കൈയേറ്റം) പ്രകാരം മൂന്നു മാസത്തെ തടവിനും അഞ്ഞൂറ് രൂപ പിഴക്കും ശിക്ഷാർഹരാണ്.