തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം അതിശക്തമായി തന്നെ എതിർക്കും. തിങ്കളാഴ്ചയാണ് സഭാ സമ്മേളനം തുടങ്ങുന്നത്. തുടങ്ങിയ മൂന്നാം ദിനം തന്നെ ലോകായുക്ത ബിൽ അവതരിപ്പിക്കാനാണ് തീരുമാനം. ബിൽ സഭ പാസാക്കിയാലും ഉടൻ ഗവർണ്ണർ അതിൽ ഒപ്പുവയ്ക്കാൻ സാധ്യതയില്ല. അതുകൊണ്ടു തന്നെ ബിൽ നിയമമാകാൻ വൈകും.

മുഖ്യമന്ത്രി, മന്ത്രിമാർ, അധികാര സ്ഥാനങ്ങളിലുള്ള പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർക്കിടയിലെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരം ഗവർണറിലേക്കും മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറിയിലേക്കും നിക്ഷിപ്തമാക്കുന്നതാണ് ബിൽ. ഇതിന്റെ കരട് രേഖ തയാറായി. ഗവർണർക്കോ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഹിയറിങ് നടത്തി ലോകായുക്തയുടെ വിധി പുനഃപരിശോധിക്കാമെന്നും വിധി തള്ളിക്കളയാമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഓർഡിനൻസിന്റെ കാലാവധി കഴിഞ്ഞിട്ട് ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചിരുന്നു. ഇതോടെയാണ് നിയമസഭ വിളിച്ച് ബില്ലായി അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം തിങ്കളാഴ്ച തുടങ്ങുകയാണ്. സഭ 10 ദിവസം സമ്മേളിച്ചശേഷം സെപ്റ്റംബർ 2ന് പിരിയും. ആദ്യദിവസം പ്രത്യേക സമ്മേളനമായിരിക്കും. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക യോഗം ആ ദിവസം നടത്തും. ഓഗസ്റ്റ് 23, 24 തീയതികളിൽ 6 ബില്ലുകൾ അവതരിപ്പിക്കും.

അവതരിപ്പിക്കുന്ന ബില്ലുകൾ: 2022ലെ കേരള സഹകരണസംഘ (രണ്ടാം ഭേദഗതി) ബിൽ, 2022-ലെ കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ, 2021-ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ, ദി കേരള ലോക് ആയുക്ത (ഭേദഗതി) ബിൽ, ദി കേരള പബ്ലിക് സർവീസ് കമ്മിഷൻ (അഡിഷണൽ ഫങ്ഷൻസ് ആസ് റെസ്‌പെക്റ്റ്‌സ് സെർട്ടൻ കോർപ്പറേഷൻസ് ആൻഡ് കമ്പനീസ്) അമെന്റ്‌മെന്റ് ബിൽ, 2022ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ. തുടർന്നുള്ള ദിനങ്ങളിലെ നിയമനിർമ്മാണത്തിനായുള്ള സമയക്രമം കാര്യോപദേശക സമിതി തീരുമാനിക്കും.

സഭ ചേരുമ്പോൾ ല നിർണ്ണായക വിഷയങ്ങളും ചർച്ചയ്ക്കുണ്ട്. ലോകായുക്താ സർവ്വകലാശാല നിയമഭേദഗതിക്കൊപ്പം കെടി ജലീൽ വിഷയവും കുഴിയും എല്ലാം പ്രതിപക്ഷം ആയുധമാക്കും. ഈ ചർച്ചകളിൽ സ്പീക്കർ എംബി രാജേഷ് എടുക്കുന്ന നിലപാടും നിർണ്ണായകമാണ്. പല വിഷയങ്ങളിലും പ്രതിപക്ഷം ബഹിഷ്‌കരണത്തിന് വരും. പ്രതിഷേധവും കടുപ്പിക്കും. സ്വർണ്ണ കടത്തിലെ മുഖ്യമന്ത്രി കുടുംബവുമായി ബന്ധപ്പെട്ട അവകാശ ലംഘനത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല. ഇതിൽ സ്പീക്കറുടെ റൂളിംഗും നിർണ്ണായകമാകും. ജലീലിന്റെ പാക് അനുകൂല കാശ്മീർ പ്രസ്താവന വിവാദവും ചർച്ചകളിൽ എത്തും. ജലീലിനെതിരെ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടും സഭയിൽ അറിയാം. അതുകൊണ്ടു തന്നെ സമ്മേളനം പ്രക്ഷുബ്ദമാകാനാണ് സാധ്യത. കുഴി വിവാദവും സഭയിൽ സജീവമാകും.

പ്രതിപക്ഷ ബഹളം അതിരുവിട്ടാൽ എല്ലാ ബില്ലും പെട്ടെന്ന് പാസാക്കി നിയമസഭ പിരിയും. ഇതും സർക്കാർ ആലോചനകളിലുണ്ട്. ജലീലും കുഴിയുമാകും ഇത്തവണ സഭയിലെ പ്രധാന വിഷമാകുക എന്ന വിലയിരുത്തിലാണ് സർക്കാരും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ കടന്നാക്രമിക്കാനുള്ള ശ്രമത്തെ എന്തു വില കൊടുത്തും ചെറുക്കും. ദേശീയ പാതയിലെ കുഴയിലേക്ക് ചർ്ച്ച കൊണ്ടു വരാനാകും ശ്രമം. ഈ വിഷയത്തിൽ സ്പീക്കർ എടുക്കുന്ന നിലപാട് നിർണ്ണായകമാകും.

മുഖ്യമന്ത്രിക്കെതിരായ അവകാശ ലംഘനത്തിൽ അടക്കം സ്പീക്കർ എന്തു പറയുമെന്നതാണ് നിർണ്ണായകം. നിയമസഭാ സമിതിയുടെ ഭാഗമായിട്ടായിരുന്നു ജലീലിന്റെ കാശ്മീർ സന്ദർശനം. അതുകൊണ്ട് ചട്ട ലംഘനം 'ആസാദി കാശ്മീർ' പരാമർശത്തിലുണ്ടെന്നാണ് വിലയിരുത്തൽ. ജലീലിനെതിരെ സ്പീക്കർക്ക് നടപടികൾ എടുക്കേണ്ട സാഹചര്യമുണ്ട്. സഭാ ചട്ടങ്ങളുടെ ലംഘനം ഉണ്ടായി എന്നാണ് പൊതുവേയുള്ള നിരീക്ഷണങ്ങൾ.