തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ഫീസ് കുത്തനേ കൂട്ടിയതിൽ പ്രതിഷേധിച്ചുള്ള സമരം യു.ഡി.എഫ് ഏറ്റെടുത്തതോടെ മൂന്ന് എംഎ‍ൽഎമാർ നിരാഹാരം തുടങ്ങും. നിയമസഭാ കവാടത്തിലായിരിക്കും ഇവർ നിരാഹാരം ഇരിക്കുക. കോൺഗ്രസിൽ നിന്ന് യുവ എംഎ‍ൽഎമാരായ ഷാഫി പറമ്പിൽ, ഹൈബി ഈഡൻ എന്നിവരും കേരള കോൺഗ്രസ് ജേക്കബ് പ്രതിനിധി അനൂപ് ജേക്കബുമാണ് നിരാഹാരമിരിക്കുക. ഇവർക്ക് അനുഭാവം പ്രകടിപ്പിച്ച് മുസ് ലിം ലീഗ് എംഎ‍ൽഎമാരായ കെ.എം ഷാജിയും എൻ ഷംസുദീനും അനുഭാവ സത്യാഗ്രഹം അനുഷ്ഠിക്കാനും ബുധനാഴ്ച രാവിലെ ചേർന്ന യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. 

ബുധനാഴ്ച നിയമസഭ സമ്മേളിച്ചത് പ്രതിപക്ഷ ബഹളത്തോടെയായിരുന്നു. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ അണിനിരന്നു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ നിരസിച്ചു. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്നും കീഴ് വഴക്കങ്ങൾ ലംഘിക്കാൻ കഴിയില്ലെന്നും സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷ പ്രതിഷേധം തുടർന്നു.

പ്രതിപക്ഷ പ്രതിഷേധത്തിന് പരോക്ഷ പിന്തുണ നൽകി കേരള കോൺഗ്രസ് എം എംഎ‍ൽഎമാർ ചോദ്യോത്തരവേളയിൽ പങ്കെടുത്തില്ല. ചോദ്യോത്തരവേളയിൽ റോഷി അഗസ്റ്റിനോട് സ്പീക്കർ ചോദ്യം ഉന്നയിക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയാറായില്ല. ചോദ്യോത്തര വേളയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎമാരുടെ നിരാഹാരം സഭയിൽ പ്രഖ്യാപിച്ചു. ഇതിന് ശേഷം പ്രതിപക്ഷം ബഹളം ശക്തമാക്കി. ഇതോടെ നടപടികൾ പൂർത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു.

ഇന്നലെ സെക്രട്ടറിയേറ്റിൽ നടയിലെ സമരത്തിനെതിരെ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. കാട്ടാക്കടയിൽ കെ.എസ്.ആർ.ടിസി ബസ്സിനു നേരെ കല്ലേറുണ്ടായി. നഗരത്തിൽ ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടില്ല. നഗരത്തിൽ കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഗ്രാമ പ്രദേശങ്ങളിൽ ബസുകൾ സർവ്വീസ് നടത്തുന്നില്ല. ചൊവ്വാഴ്ച വൈകീട്ട് ചേർന്ന അടിയന്തര യു.ഡി.എഫ്. യോഗത്തിലായിരുന്നു ഹർത്താൽ തീരുമാനം. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.

ഹർത്താലിന്റെ സാഹചര്യത്തിൽ ധനാഴ്ച നടത്താനിരുന്ന ഹയർ സെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷ മാറ്റിയിരുന്നു. ഈ പരീക്ഷകൾ ഒക്ടോബർ നാലിന് നടത്തുമെന്ന് ഹയർ സെക്കൻഡറി എക്‌സാമിനേഷൻ ബോർഡ് ഡയറക്ടർ അറിയിച്ചു. ബുധനാഴ്ച രാവിലെ നടത്താനിരുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ കെമിസ്ട്രി വിഷയത്തിന്റെ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബർ നാലിലേക്ക് മാറ്റി. സമയക്രമത്തിൽ മാറ്റമില്ല. ഒക്ടോബർ നാലിന് നടത്താൻ നിശ്ചയിച്ചിരുന്ന ജി.എഫ്.സി/ഇ.ഡി. പരീക്ഷാ നടത്തിപ്പിന്റെ പുതുക്കിയ തീയതിയും സമയക്രമവും പിന്നീട് അറിയിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.