തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. മണി രാജിവയ്ക്കാതെ സഭയിൽ സഹകരിക്കില്ലെന്നു പ്രതിപക്ഷം അറിയിച്ചു. മന്ത്രിയുടെ പരാമർശം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകി അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെയാണ് സഭയിൽ ബഹളമുണ്ടായത്. ഇതോടെ ഇന്നത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സഭ പിരിയുകയായിരുന്നു. എംഎം മണിയുടെ രാജി ആവശ്യം സർക്കാർ അംഗീകരിക്കാത്തതാണ് ഇതിന് കാരണം.

സ്പീക്കറുടെ ഇരിപ്പിടം മറയ്ക്കുന്ന രീതിയിൽ കറുത്ത ബാനർ പ്രതിപക്ഷം ഉയർത്തിയിരുന്നു. ഇത് അംഗീകരിക്കാൻ അവില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചിരുന്നു. മറ്റ് നിയമസഭകളിൽ ഒന്നും ഇത്തരത്തിലുള്ള പ്രതിഷേധം ഇല്ലെന്നും സ്പീക്കർ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ ഇഎംഎസിന്റെ പാർട്ടിയല്ല, മറിച്ച് എം.എം മണിയുടെ പാർട്ടിയായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ പറഞ്ഞു. ഇഎംഎസിനെ പോലെയുള്ള മഹാന്മാരിരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് പിണറായി വിജയൻ ഓർക്കണം. മണിയുടെ സ്ത്രീവിരുദ്ധ പരാമർശം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ജയരാജന്റെയും ശശീന്ദ്രന്റെയും കാര്യത്തിൽ നടപടിയെടുത്ത മുഖ്യമന്ത്രിക്ക് മണിയുടെ കാര്യത്തിൽ മാത്രം എന്തേ ഗൗരവമില്ലാത്തതെന്ന് ചെന്നിത്തല ചോദിച്ചു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ മണി എന്തിനാണ് ഖേദം പ്രകടിപ്പിച്ചത്. എം എം മണിക്ക് എന്തും പറയാം പക്ഷേ ഒരു മന്ത്രി പറയരുത്. ഇത്രയും അധ:പതിക്കാൻ പാടില്ലായിരുന്നു. മണിയുടെ പ്രസ്താവനയെ സഭ ഒറ്റക്കെട്ടായി അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണി രാജിവെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വരും ദിവസങ്ങളിലും നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമെന്നാണ് സൂചന.

മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കും, മണി പറയുന്നത് നാട്ടുഭാഷ

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളെ സംബന്ധിച്ച് ഈ സർക്കാരിന് വ്യക്തമായ നിലപാടാണുള്ളത്. പ്രകടനപത്രികയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 'നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുകയും സർക്കാർ ഭൂമി കയ്യേറുകയും ചെയ്തിട്ടുള്ള വൻകിട തോട്ടമുടമകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. അവരുടെ കൈവശമുള്ള അത്തരം ഭൂമി പൊതു ആവശ്യങ്ങൾക്കും ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനും ഉപയോഗപ്പെടുത്തും.' '01.01.1977-നു മുമ്പുള്ള മുഴുവൻ കുടിയേറ്റ കർഷകർക്കും റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടുള്ള ഭൂമിയിൽ നാല് ഏക്കർ വരെ ഉപാധിരഹിതമായി പട്ടം നൽകും. പട്ടയം ലഭിക്കാനുള്ള ഒരുലക്ഷത്തോളം കുടുംബങ്ങൾക്ക് പട്ടയം നൽകുവാനുള്ള നടപടി സമയബന്ധിതമായി സ്വീകരിക്കും. ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമിയും അനുബന്ധ രേഖകളും നൽകും.' ഈ നയത്തിനാണ് ജനങ്ങൾ വോട്ട് നൽകിയത്.

ഈ നയം പ്രാവർത്തികമാക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ പ്രഥമ ഉത്തരവാദിത്വം. സമയബന്ധിതമായി ഇത് പൂർത്തീകരിക്കുകയും ഉപാധിരഹിതമായ പട്ടയം ഒരുലക്ഷത്തോളം കുടുംബങ്ങൾക്ക് നൽകാനുള്ള ഉത്തരവാദിത്വവും സർക്കാരിനുണ്ട്. ജനങ്ങൾക്ക് നൽകിയ ഈ ഉറപ്പ് നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 17.04.2017-ന് ദേവികുളത്ത് റവന്യൂ ജീവനക്കാർ, റവന്യൂ ഭൂമിയിൽ കയ്യേറ്റം നടത്തുന്നത് ഒഴിപ്പിക്കുകയുണ്ടായി. ഈ നടപടി ശരി തന്നെയാണ്. ഭൂസംരക്ഷണ സേനയോടൊപ്പമാണ് കയ്യേറ്റം ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ പോയത്. പൊലീസിനെ അറിയിക്കാതെ അവിടേക്ക് പോയ നടപടി ശരിയായില്ല. അതുകൊണ്ടാണ് 21.04.2017 ന് ഉന്നതതല യോഗത്തിൽ വെച്ച് റവന്യൂ-പൊലീസ് ഉദ്യോഗസ്ഥരുടെ ഏകോപന സംവിധാനമുണ്ടാക്കണമെന്നും കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ കൂട്ടായി ശ്രമിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

പാപ്പാത്തിചോലയിൽ വർഷങ്ങൾക്കു മുമ്പ് കയ്യേറിയ ഭൂമിയിൽ ക്രിസ്ത്യൻ ജീസസ് സഭ കുരിശ് സ്ഥാപിച്ചു എന്നതിന്റെ പേരിൽ അർധരാത്രി 1 മണിക്ക് 144 പ്രഖ്യാപിച്ചു. പുലർച്ചെ കുരിശ് തകർക്കുകയും ചെയ്തു. പൊലീസ് അറിയാതെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിയമമനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കുവാൻ കലക്ടർക്ക് അധികാരമുണ്ടെങ്കിലും പൊലീസുമായി കൂടിയാലോചന നടത്തി മാത്രമേ ഇത്തരം അധികാരം സാധാരണ നിലയിൽ ഉപയോഗിക്കാറുള്ളൂ. ഇടുക്കി ജില്ലയിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുടെ കാര്യമെടുത്താൽ പലതും പട്ടയമില്ലാത്ത ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത് എന്ന പ്രശ്‌നം ഉയർന്നുവന്നിട്ടുണ്ട്. ഇക്കാര്യവും കൂട്ടായ അലോചനയുടെ ഭാഗമായി തീരുമാനമെടുത്ത് പോകേണ്ടതാണ്.

റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ഒഴിവാക്കണമെന്ന ഒരു തീരുമാനവും സർക്കാർ സ്വീകരിച്ചിട്ടില്ല. കഴിയുന്നതും സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാനും ജനങ്ങളുടെ പിന്തുണയോടെ ഈ പ്രശ്‌നം പരിഹരിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും അതോടൊപ്പം, യഥാർഥ ജനജീവിതത്തിന് തടസ്സപ്പെടാത്ത വിധത്തിലുള്ള കൈവശാവകാശ രേഖകളുടെ പരിശോധനയിലൂടെ പരമാവധിപേർക്ക് പട്ടയം നൽകുക എന്നതാണ് സർക്കാർ നയം 10 സെന്റിൽ താഴെ മാത്രം ഭൂമി കൈവശം വെച്ച് വീടും കൃഷിയുമായി കഴിയുന്നവരിൽ മറ്റെവിടെയും ഭൂമിയില്ലാത്തവരെ സംരക്ഷിക്കുക തന്നെ ചെയ്യും. ലാന്റ് അസസ്സ്‌മെന്റ് ആക്ടിൽ ഇതിനു വ്യവസ്ഥയുമുണ്ട്. ഒരു കാര്യം വ്യക്തമാണ് ഇടുക്കിയിലെ എല്ലാ വൻകിട കൈയറ്റങ്ങളും യുഡിഎഫ് ഭരണകാലത്താണ്. ഈ സർക്കാരിന്റെ കാലത്ത് ഒരു കയ്യേറ്റവും നടക്കുന്നില്ല. കയ്യേറ്റത്തേയും കുടിയേറ്റത്തേയും രണ്ടായി കണ്ടുകൊണ്ടുള്ള നിലപാടാണ് സർക്കാരിനുള്ളത്.

ഒരു നാട് മുഴുവൻ ഒരുമിച്ച് പ്രവർത്തിക്കേണ്ട ആവശ്യകതയാണ് ഇക്കാര്യത്തിൽ വേണ്ടത്. ജനങ്ങളുടെ പിന്തുണയോടെ അവിടെ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനായാണ് രാഷ്ട്രീയ പാർട്ടി നേതാക്കൾ, മത-സാമുദായിക സംഘടനകളുടെ നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരുടെ യോഗം ചേർന്ന് ഒരു കൂട്ടായ തീരുമാനമെടുക്കണമെന്ന് സർക്കാർ നിശ്ചയിച്ചത്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന നൽകുന്ന ജില്ലയാണ് ഇടുക്കി. തോട്ടം ഉൽപ്പന്നങ്ങളിലൂടെ നമുക്ക് വിദേശനാണ്യം നേടിത്തരുന്നതിലും ടൂറിസം രംഗത്തും വൈദ്യുതി ഉല്പാദന രംഗത്തും എല്ലാം വലിയസംഭാവന നൽകുന്ന ഈ ജില്ലയുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്.

എം.എം. മണി അവിടത്തെ പ്രശ്‌നങ്ങളെക്കുറിച്ച് നേരിട്ടറിവുള്ള വ്യക്തിയാണ്. ആ നാടിന്റെ ശൈലി അദ്ദേഹത്തിന്റെ സംസാരത്തിൽ കടന്നുവരാറുണ്ട്. അത്തരം ചില സന്ദർഭങ്ങളെ പർവ്വതീകരിച്ച് അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. എം.എം. മണിയുടെ പ്രസംഗം ചില മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു എന്ന പ്രശ്‌നവും ഉയർന്നുവന്നിട്ടുണ്ട്. പെമ്പിളൈ ഒരുമൈ സമരം നാം നേരത്തെ വിലയിരുത്തിയതാണ്. തോട്ടം തൊഴിലാളികളുടെ ചില പ്രശ്‌നങ്ങളായിരുന്നു ഇതിനടിസ്ഥാനം. ഇപ്പോൾ ഉയർന്നുവന്ന വിവാദത്തെ സംബന്ധിച്ച് എം.എം. മണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ താൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. ഈ പെമ്പിളൈ ഒരുമൈയുടെ പ്രസിഡന്റ് ഇപ്പോൾ നടത്തുന്ന രാഷ്ട്രീയപ്രേരിത സമരത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നതും കാണേണ്ടതുണ്ട്. ഈ ഗവൺമെന്റിന്റെ കാലത്ത് അർഹതപ്പെട്ട കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനായിരിക്കും മുൻഗണന നൽകുന്നത്. ആ പ്രവർത്തനവുമായി മുന്നോട്ടുപോവുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

ഇത് മാധ്യമ പ്രവർത്തകരുടെ വിരോധം തീർക്കൽ-എംഎം മണി

പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്‌ക്കെതിരെ നടത്തിയ അശ്ലീലച്ചുവയുള്ള പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി എം.എം. മണി നിയമസഭയിൽ പറഞ്ഞു. സ്ത്രീയെന്ന വാക്കോ സ്ത്രീയുടെ പേരോ പ്രസംഗത്തിൽ പറഞ്ഞിട്ടില്ലെന്ന് വിശദമാക്കിയ മന്ത്രി, 17 മിനിറ്റുള്ള പ്രസംഗം മുഴുവനായി സംപ്രേഷണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ചില മാധ്യമപ്രവർത്തകർക്കു തന്നോടു വിരോധമുണ്ട്. തന്റെ വിശദീകരണം കേൾക്കണം. തൂക്കിക്കൊല്ലും മുമ്പ് പോലും വിശദീകരണത്തിന് അവസരമുണ്ട്.

കയ്യേറ്റക്കാരും ഉദ്യോഗസ്ഥരുമായി ചില മാധ്യമപ്രവർത്തകർക്കു ബന്ധമുണ്ടെന്നും അതു ചൂണ്ടിക്കാണിച്ചതാണു തന്നോടുള്ള വിരോധത്തിനു കാരണം. ചില ഉദ്യോഗസ്ഥരെ വിമർശിക്കേണ്ടിവരുമെന്നത് ഭരണ നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. അല്ലെങ്കിൽ ഉദ്യോഗസ്ഥ ഭരണം മാത്രം മതിയല്ലോയെന്നും മന്ത്രി ചോദിച്ചു. സംസാരിച്ചതു മനസിന്റെ ഭാഷയിലാണെന്നും സ്ത്രീകളോട് എന്നും ബഹുമാനത്തോടെയേ പെരുമാറിയിട്ടുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു.