തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ആറ് എൽഡിഎഫ് നേതാക്കളുടെ വിടുതൽ ഹർജി തള്ളിയ കോടതി ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. നിയമസഭ കൈയാങ്കളി കേസിലെ പ്രതികൾ തലേ ദിവസമേ നിയമസഭയിൽ തങ്ങിയിരുന്നു. അതിനാൽ പൊതുമുതൽ നശിപ്പിക്കുന്നതിൽ ദുരുദ്യേശം ഇല്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഡിവിഡി ദൃശ്യങ്ങൾ വ്യാജമല്ലെന്ന് ഫോറൻസിക് റിപ്പോർട്ടുണ്ടെന്നും കോടതി പറയുന്നു. തിരുവനന്തപുരം സിജിഎം കോടതിയുടെ ഉത്തരവിലെ പരാമർശമാണ് പുറത്തുവന്നിരിക്കുന്നത്.

ഡിവിഡിയിൽ നിന്നും ലഭിച്ച തെളിവുകളും സാക്ഷിമൊഴികളും പ്രതികൾ കുറ്റം ചെയ്തുവെന്ന് വ്യക്തമാക്കുന്നുവെന്നും കോടതി പറഞ്ഞു. ഡിവിഡി നിയമസഭ സെക്രട്ടറിക്ക് നേരിട്ട് കൈമാറിയില്ല. നിയമസഭയിലെ ഇലക്ട്രോണിക് വിഭാഗം അസി. എഞ്ചിയർ പകർപ്പാണ് നൽകിയത്. ഇത് വ്യാജമല്ലെന്ന് ഫോറൻസിക് റിപ്പോർട്ടുണ്ടെന്നും സിജെഎം കോടതി ഉത്തരവിൽ പരാമർശിക്കുന്നു.

ബാർ കോഴക്കേസിൽ പ്രതിയായ മുൻ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊതുമുതൽ നശിപ്പിച്ച കേസിലാണ് ഇന്ന് നിർണായക ഉത്തരവ് ഉണ്ടായത്. പ്രതികൾ വിചാരണ നേരിടണമെന്നാവശ്യപ്പെട്ട സിജെഎം കോടതി 22ന് നേരിട്ട് ഹാജരാകാനും നിർദ്ദേശിച്ചു.

ദുരിദ്യേശത്തോടെയാണ് പ്രതികൾ പൊതുമുതൽ നശിപ്പിച്ചതെന്ന് കോടതി ഉത്തരവിൽ പറയുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീലീൽ, എംഎൽഎമരായ സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, കെ അജിത്ത് എന്നിവരാണ് കേസിലെ പ്രതികൾ.

പൊതുമുതൽ നശിപ്പിച്ചതായി പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും വാച്ച് ആൻഡ് വാർഡന്മാരിമായി ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നുമായിരുന്നു വിടുതൽ ഹർജിയിലെ നേതാക്കളുടെ വാദങ്ങൾ.

പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങളുടെ ആധികാരികതയാണ് പ്രതികൾ കോടതിയിൽ ചോദ്യം ചെയ്തത്. പൊതുമുതൽ നശിപ്പിക്കപ്പെട്ടുവെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ ശരിയല്ലെന്നും ഇവർ ഹർജിയിൽ അവകാശപ്പെട്ടിരുന്നു.

എന്നാൽ ദൃശ്യങ്ങൾ വ്യാജമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട് ഉണ്ടെന്ന് കോടതി വ്യക്തമാക്കി. കുറ്റപത്രത്തിൽ ഒരുപാട് അപാകതകളുണ്ട്. അതുകൊണ്ട് കുറ്റപത്രം തള്ളണം എന്ന ആവശ്യമാണ് കോടതിയിൽ ഉന്നയിച്ചത്. എന്നാൽ ഒരിക്കലും ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് ഈ ആറ് പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.

നിയമസഭയിൽ തലേ ദിവസമേ തങ്ങിയ പ്രതികൾ പൊതുമുതൽ നശിപ്പിച്ചത് ദുരുദ്യോശത്തോടെയാണ് വിടുതൽ ഹർജി തള്ളിയ ഉത്തരവിൽ സിജെഎം കോടതി പറയുന്നു. നിയമസഭയിലെ ദൃശ്യങ്ങളടങ്ങി ഡിവിഡി അന്വേഷണ ഉദ്യോഗസ്ഥന് നിയമ സഭ സെക്രട്ടറി കൈമാറിയിരുന്നില്ല. പക്ഷെ നിയമസഭയിലെ അസി. എഞ്ചിനയർ കൈമാറിയ ഡിവിഡി ഫൊറൻസിക് പരിശോധന നടത്തിയിട്ടുണ്ടെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു.

ആറ് പ്രതികളും നവംബർ 22ന് ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി. വിചാരണ നടപടികളിലേക്ക് കടക്കുന്നതിന് മുൻപായി പ്രതികളെ അന്നേ ദിവസം കുറ്റപത്രം വായിച്ച് കേൾപ്പിക്കും.

പ്രതികൾ നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടാൽ വിചാരണ നടപടികളിലേക്ക് കോടതി കടക്കും. സിജെഎം കോടതി വിധിക്കെതിരെ അപ്പീൽ നൽകുമോയെന്ന കാര്യത്തിൽ ഇടതുനേതാക്കാൾ പ്രതികരിച്ചിട്ടില്ല. 2015 മാർച്ച് 13 ന് നിയമസഭയിലുണ്ടായ കൈയാങ്കളിക്കിടെ രണ്ടു ലക്ഷത്തി 20000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കേസ്. കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം തള്ളിയ സുപ്രീംകോടതി വിചാരണ നേരിടാൻ പ്രതികളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.