തിരുവനന്തപുര: കൊള്ളാവുന്ന ഒരു ഐറ്റി കമ്പനിയിൽ എഞ്ചിനീയറായി കഴിഞ്ഞു ജോലിക്ക് കയറിയാൽ ആദ്യ വർഷം തന്നെ 50, 000 രൂപ ശമ്പളം കിട്ടും. പ്രഗൽഭന്മാരുടെ ശമ്പളം അനുദിനം പെരുകും. കമ്പനി മേധാവികളുടെ കാര്യമോ ഗൂഗിൾ, ഫേസ്‌ബുക്ക് പോലെയുള്ള സ്ഥാപനങ്ങളിലെ ശമ്പളകാര്യവുമോ ആലോചിക്കാനേ പറ്റില്ല. ഇതൊന്നും വേണ്ട, നമ്മുടെ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം എത്രയെന്ന് ആലോചിക്കൂ. ഒരു ക്ലർക്കിന് 21,000-43,000 സ്‌കയിലിൽ ശമ്പളം ലഭിക്കും. ഒരിക്കലും ഇത് തുടക്കകാരന് 28,000 രൂപയിൽ കുറയില്ല. ഹയർ സെക്കണ്ടറി അദ്ധ്യാപകനായി ജോലിക്ക് കയറുമ്പോൾ തന്നെ 39500 രൂപ കിട്ടും

എന്നിട്ടും ഒരു എംഎൽഎയുടെ പ്രതിമാസ ശമ്പളം 1000 രൂപയാണ്. അലവൻസുകളെല്ലാം കൂടി ചേർത്തു പ്രതിമാസം ആകെ ലഭിക്കുന്നത് 39, 500 രൂപ മാത്രമാണ്. ഇതിന് പുറമേ ലഭിക്കുന്നത് നിയമസഭാ നടക്കുമ്പോൾ ലഭിക്കുന്ന സിറ്റിങ് അലവൻസായ 750 രൂപ മാത്രം. ജീവനക്കാരുണ്ടെന്ന് പറയാമെങ്കിലുമത് എംഎൽഎയുടെ കീശയിലേക്ക് എത്തില്ല. എന്നാൽ ഈ ആനുകൂല്യങ്ങൾക്കൊക്കെ വൻ തുകയാണ് എന്ന് മാദ്ധ്യമങ്ങൾ നിരന്തരം പ്രചരിപ്പിക്കുന്നതിനാൽ ശമ്പള വർദ്ധനയ്ക്ക് ശ്രമിക്കാൻ അവർക്ക് ഭയവുമാണ്. എംഎൽഎമാരുടെ ആനുകൂല്യങ്ങൾ അവർ തന്നെ വർദ്ധിപ്പിക്കേണ്ടതുകൊണ്ട് അതിൽ കൈ വച്ചാൽ അതു വിവാദവാകും.

എംഎൽഎമാരുടെ അത്രയും പണിയില്ലാത്ത എംപിമാർക്ക് വാരിക്കോരി കൊടുക്കുമ്പോൾ ആണ് എംഎൽമാരുടെ ഈ ദാരിദ്ര്യം. എംപിമാർക്ക് മണ്ഡലത്തിലെ പരിപാടികളിൽ കാര്യമായി പങ്കെടുക്കേണ്ടതില്ല. ഡൽഹിയിൽ ആയിരുന്നെന്ന് പറഞ്ഞ് ഒഴിയാം. എന്നാൽ എംഎൽഎമാരുടെ സ്ഥിതി അതല്ല. സ്വാശ്രയ സംഘത്തിന്റെ വാർഷികം മുതൽ മരണവും വിവാഹവും വരെ അവർക്കുപേക്ഷിക്കാൻ പറ്റില്ല. അങ്ങനെ ഉപേക്ഷിച്ചാൽ അടുത്ത തവണ പരാജയം ഉറപ്പ്. എന്നാൽ എംപിമാരിൽ നിന്നും ജനമിതൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നിട്ടും ഇവർക്ക് പ്രതിമാസം ലഭിക്കുന്നത് ലക്ഷങ്ങൾ ആണ്. ഒപ്പം സൗജന്യം വിമാന യാത്രയും ലോകം മുഴുവൻ വിസയില്ലതെ യാത്ര ചെയ്യാൻ ഡിപ്ലോമാറ്റിക് പാസ്‌പോർട്ടും.

കേരളത്തിൽ നിയമസഭാംഗമാകുന്നവർക്കു ശമ്പളവും അലവൻസും അടക്കം പ്രതിമാസം 39500 രൂപ ലഭിക്കും. സിറ്റിങ് ഫീ, മെഡിക്കൽ / യാത്രാ ആനുകൂല്യങ്ങൾ വേറെയും. അണ്ടർ സെക്രട്ടറി റാങ്കിൽ കവിയാത്ത സർക്കാർ ജീവനക്കാരനെ സ്റ്റാഫായി നിയമിക്കാം. ഇതിനു പുറമെ 12500 രൂപ ശമ്പളത്തിൽ രണ്ടു പേരെ താൽക്കാലികമായി നിയമിക്കാം. എംഎൽഎ ആയ ശേഷം പരാജയപ്പെട്ടാൽ അടുത്ത മാസം മുതൽ പെൻഷൻ ലഭിക്കും. വീണ്ടും ജയിച്ചാൽ എംഎൽഎയുടെ ശമ്പളം മാത്രം. ശമ്പളവും പെൻഷനും ഒരുമിച്ചു കിട്ടില്ല. എംഎൽഎയക്ക് കിട്ടുന്ന പ്രതിമാസ വേതനം 1000 രൂപയാണ് നിയോജകമണ്ഡല അലവൻസ് 12,000 രൂപയും ഫോൺ അലവൻസ്: 7500 രൂപ, ഇൻഫർമേഷൻ അലവൻസ്: 1000 രൂപ, സംപ്ച്വറി അലവൻസ്: 3000 രൂപ, മിനിമം ടിഎ: 15,000 രൂപ ഇങ്ങനെ പോകുന്നു മറ്റുള്ളവ.

സിറ്റിങ് ഫീനിയമസഭ കൂടുമ്പോഴും നിയമസഭാ കമ്മിറ്റികളിൽ പങ്കെടുക്കുമ്പോഴും കേരളത്തിനകത്ത് 750 രൂപയും കേരളത്തിനു പുറത്ത് 900 രൂപയും. റോഡ് യാത്രയ്ക്ക് ഒരു കിലോമീറ്ററിന് കേരളത്തിനകത്ത് ഏഴുരൂപയും കേരളത്തിനു പുറത്ത് ആറുരൂപയും ബത്തയായി കിട്ടും.റെയിൽവേ യാത്രയ്ക്കു കിലോമീറ്ററിനു 25 പൈസ ഇൻസിഡൻഷ്യൽ എക്‌സ്‌പെൻസ്, പ്രതിവർഷം 2.75 ലക്ഷം രൂപയുടെ യാത്രാ കൂപ്പൺ ലിക്കും. റെയിൽവേ ടിക്കറ്റിനും യാത്രയിൽ ഇന്ധനം അടിക്കാനുമാണ് ഇത്. റെയിൽവേയുടെ ഏതു ക്ലാസിലും എംഎൽഎയുടെ ഭാര്യ/ ഭർത്താവ്, മറ്റൊരു സഹായി എന്നിവർക്കു യാത്ര ചെയ്യാം. കെഎസ്ആർടിസി ബസ്/ ജലഗതാഗത വാഹനങ്ങൾ എന്നിവയിൽ സൗജന്യ യാത്രയുമുണ്ട്. അഞ്ചുലക്ഷം രൂപയുടെ പലിശരഹിത വാഹന വായ്പ. പത്തുലക്ഷം രൂപയുടെ 4 ശതമാനം പലിശനിരക്കിലുള്ള ഭവന വായ്പ. പ്രതിവർഷം 15,000 രൂപയുടെ പുസ്തകങ്ങൾ വാങ്ങാം. ഇതിൽ ഭവന/വാഹന വായ്പ സാമാജികനായിരിക്കുന്ന കാലാവധിക്കുള്ളിൽ അടച്ചുതീർക്കണം എന്നാണ് വ്യവസ്ഥ.

രണ്ടുവർഷത്തിൽ താഴെ എംഎൽഎ ആയിരുന്നവർക്ക് 6,000 രൂപ പെൻഷൻ ലഭിക്കും, രണ്ടുവർഷം വരെ: 7000 രൂപ, മൂന്നുവർഷം വരെ: 8000 രൂപ, നാലുവർഷം വരെ: 9000 രൂപ, അഞ്ചുവർഷം വരെ: 10,000 രൂപ ഇങ്ങനെ പോകുന്നു കണക്ക്. അഞ്ചുവർഷത്തിനു മുകളിൽ ഓരോ വർഷത്തിനും 750 രൂപ രൂപ അധികമായി ലഭിക്കും. 70 വയസ്സ് കഴിഞ്ഞവർക്കു പെൻഷനോടൊപ്പം 2,500 രൂപ കൂടുതൽ ലഭിക്കും. 80 കഴിഞ്ഞവർക്ക് 3,000 രൂപ. 90 കഴിഞ്ഞവർക്ക് 3,500 രൂപ എന്നീ ക്രമത്തിൽ അധികം ലഭിക്കും. എന്നാൽ എല്ലാം കൂടി ഒരാൾക്കു ലഭിക്കാവുന്ന പരമാവധി പെൻഷൻ 35,000 രൂപയായിരിക്കുമെന്നും വ്യവസ്ഥയുണ്ട്.

എട്ടും പത്തും കോടി മുടക്കി തെരഞ്ഞെടുപ്പിൽ ജയിക്കുന്ന എംഎൽഎമാർ അഴിമതിക്കാരാകുന്നതിന്റെ മൂല കാരണം ഇതാണ്. ഇതിന് മാറ്റം വരുത്താൻ സർക്കാർ ശ്രമിച്ചാൽ മാദ്ധ്യമങ്ങൾ അവരെ വെറുതേ വിടുമോ? മാദ്ധ്യമങ്ങളോട് എംഎൽഎമാരുടെ പട്ടിണി കാര്യം വ്യക്തമാക്കി പൊതുജനങ്ങളുടെ പിന്തുണയോടെ വേതനം വർദ്ധിക്കുന്ന പരിഷ്‌കാരത്തിന് മുഖ്യമന്ത്രി തയ്യാറാവുമെന്നാണ് വോട്ടർമാർ കരുതുന്നത്.