കട്ടപ്പന: ഞള്ളാനി ഏലത്തിന്റെ ഉപജ്ഞാതാവും പ്രശസ്ത ഏലം കർഷകനുമായിരുന്ന കട്ടപ്പന സ്വദേശി ഞള്ളാനിയിൽ സെബാസ്റ്റ്യൻ ജോസഫി(കൊച്ചേപ്പ്-75)ന്റെ മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം രണ്ടാഴ്ചക്കുള്ളിൽ കല്ലറയിൽനിന്നു പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കേസ് അന്വേഷിക്കുന്ന കട്ടപ്പന ഡിവൈ എസ് പി ബി ഹരികുമാർ, സെബാസ്റ്റ്യന്റെ മകനടക്കം എട്ടു പേരിൽനിന്നു മൊഴിയെടുത്തു.

2011 ഫെബ്രുവരി 14-നുരാവിലെയാണ് സെബാസ്റ്റ്യനെ തനിയെ താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഞള്ളാനി ഏലം കണ്ടുപിടിച്ചതുൾപ്പെടെയുള്ള സെബാസ്റ്റ്യന്റെ കാർഷിക മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് സ്‌പൈസസ് ബോർഡ് ആറു ലക്ഷം രൂപയുടെ അവാർഡ് സമ്മാനിച്ചതിന്റെ പിറ്റേന്നു രാവിലെയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടത്. പുറ്റടി സ്‌പൈസസ് പാർക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് അവാർഡ് കൈമാറിയത്. അവാർഡ് തുകയുടെ അവകാശത്തെ ചൊല്ലി സെബാസ്റ്റ്യനും മകൻ റെജിയും തമ്മിൽ അന്ന് രാത്രിയിൽ കട്ടപ്പനയിലെ ഹോട്ടലിൽവച്ച് വാക്കുതർക്കമുണ്ടായെന്നു ആരോപണമുയർന്നിരുന്നു. റെജിയാണ് പിതാവിനെ വീട്ടിൽ കൊണ്ടുപോയി വിട്ടത്.

പിറ്റേന്നു രാവിലെ റെജിതന്നെയാണ് പിതാവിനെ മരിച്ച നിലയിൽ ആദ്യം കണ്ടതെന്നും മറ്റുള്ളവരെ ഫോണിൽ വിവരമറിയിച്ചതെന്നുമാണ് പൊലിസിന് ലഭിച്ച വിവരം. സാധാരണ ഗതിയിൽ ഇളയ മകൻ റോയിയുടെ വീട്ടിൽനിന്നാണ് സെബാസ്റ്റ്യന് പ്രഭാതഭക്ഷണം എത്തിക്കാറുള്ളത്. പതിവിന് വിപരീതമായി സംഭവ ദിവസം റെജി ഭക്ഷണം കൊണ്ടുവന്നുവെന്നും തുടർന്ന് അച്ഛൻ മരിച്ചു കിടക്കുകയാണെന്ന വിവരം മറ്റു മക്കളെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നെന്നുമാണ് പറയുന്നത്. സ്വാഭാവിക മരണമെന്ന നിലയിൽ സംസ്‌കാരം നടത്തുകയായിരുന്നു.

സെബാസ്റ്റ്യന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് അടുത്ത ദിവസങ്ങളിൽ കട്ടപ്പനയിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. എന്നാൽ ആരും മരണത്തിൽ സംശയമുന്നയിച്ച് പരാതി നൽകിയിരുന്നില്ല. ആറു മാസം മുമ്പ് ആക്ഷൻ കൗൺസിലിന്റെ പേരിൽ പത്തോളം പേർ നൽകിയ പരാതിയെ തുടർന്നാണ് സംഭവം അന്വേഷിക്കാൻ തീരുമാനിച്ചത്. എറണാകുളം റേഞ്ച് ഐ ജി അജിത്കുമാറിന്റെ നിർദേശപ്രകാരം സ്‌പെഷൽ ബ്രാഞ്ച് ഡിവൈ എസ് പി വി എൻ സജി നടത്തിയ പ്രാഥമികാന്വേഷണത്തിൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കണ്ടെത്തി. സെബാസ്റ്റ്യന്റെ മകൻ റെജിയുടെ മൊഴിയുടെ വിശദാംശങ്ങൾ പരിശോധിച്ചതിൽ വൈരുധ്യമുണ്ടെന്നു വ്യക്തമായതായി ഡിവൈഎസ്‌പി റിപ്പോർട്ട് ചെയ്തു. സ്വാഭാവിക രീതിയിൽ അച്ഛനെ വീട്ടിലെ കട്ടിലിൽ മരിച്ച നിലയിൽ കാണപ്പെട്ടുവെന്ന റെജിയുടെ മൊഴിയും, ജഡം കട്ടിലിൽനിന്നു താഴെ വീണ നിലയിലും നാക്ക് പുറത്തേക്ക് തള്ളി കടിച്ചുപിടിച്ച അവസ്ഥയിലുമായിരുന്നെന്ന മറ്റുള്ളവരുടെ മൊഴികളുമാണ് ദുരൂഹതയുയരാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കാൽമുട്ടുകൾ മടക്കിയ നിലയിലെ മൃതദേഹത്തിനു സമീപത്തു ലാൻഡ് ഫോണിന്റെ റിസീവർ തൂങ്ങിക്കിടക്കുകയുമായിരുന്നെന്നും മൊഴി ലഭിച്ചിരുന്നു. ദുരൂഹത നീക്കാൻ കേസെടുത്തു തുടരന്വേഷണം നടത്തണമെന്നാണ് വി എൻ സജി റിപ്പോർട്ട് നൽകിയത്. തുടർന്നാണ് കട്ടപ്പന സി. ഐയെ കേസ് അന്വേഷിക്കാൻ നിയോഗിച്ചത്. കട്ടപ്പന പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

മൃതദേഹം കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽനിന്ന് പുറത്തെടുത്തു പോസ്റ്റ് മോർട്ടം ചെയ്യണമെന്ന നിലപാടിലേയ്ക്ക് പ്രാഥമിക ഘട്ടത്തിൽതന്നെ സി. ഐ ബി ഹരികുമാർ എത്തിയിട്ടുണ്ട്. മരണം കൊലപാതകമാണെന്നു സൂചിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ ദുരൂഹത സ്പഷ്ടവുമാണ്. ആ നിലയ്ക്ക് പോസ്റ്റ്‌മോർട്ടം നടത്തിയേ മതിയാകൂ. മരണ ദിവസം എടുത്ത ചിത്രങ്ങൾ പരിശോധിച്ചതിൽ സെബാസ്റ്റ്യൻ നാക്ക് പിടിച്ചതായാണ് കാണുന്നത്. സ്വാഭാവിക മരണത്തിലും ഇങ്ങനെ സംഭവിക്കാവുന്നതാണെങ്കിലും മൊഴികളിലെ വ്യത്യസ്തതയും ഇതുവരെയുള്ള അന്വേഷണവും മരണത്തിൽ ദുരൂഹതയുണ്ടെന്നു വെളിപ്പെടുത്തുന്നതാണ്. മരണം ദുരൂഹമാണെന്നു സെബാസ്റ്റ്യന്റെ ഇളയ മകൻ റോയി മൊഴി നൽകുകയും ചെയ്തു.

ഞള്ളാനി ഏലം കണ്ടുപിടിച്ചത് താനാണെന്നും പിതാവും മറ്റും സഹായിക്കുക മാത്രമേ ചെയ്തുള്ളൂവെന്നുമാണ് റെജിയുടെ വാദം. എന്നാൽ സെബാസ്റ്റ്യൻ ജീവിച്ചിരിക്കുമ്പോൾ ഇത് അംഗീകരിക്കപ്പെട്ടിരുന്നില്ലെന്നതിന് തെളിവാണ് അദ്ദേഹത്തിന് മാത്രമായി സ്‌പൈസസ് ബോർഡ് നൽകിയ പുരസ്‌കാരം മരണത്തിന്റെ തലേന്ന് ഏറ്റുവാങ്ങിയത്. അവാർഡ് വാങ്ങിയശേഷം സെബാസ്റ്റ്യനും റെജിയും രാത്രി കട്ടപ്പനയിലെ ഹോട്ടലിൽ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിനിടെ അവാർഡ് തുകയെ ചൊല്ലി ഇരുവരും തർക്കമുണ്ടാക്കിയതായി പരാതിയുണ്ട്. ഇക്കാര്യത്തിൽ സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്.

കുടുംബവഴക്ക് പരാതിക്ക് പിന്നിലുണ്ടോയെന്നും പരിശോധിക്കുന്നു. ഞള്ളാനി ഏലത്തിന്റെ അവകാശവും പേറ്റന്റ് എടുക്കുന്നതും സംബന്ധിച്ചു കുടുംബത്തിൽ തർക്കമുണ്ടായിരുന്നുവെന്ന വിവരം കിട്ടിയിട്ടുണ്ട്. ഞള്ളാനി ഏലത്തിന്റെ പ്രചാരണത്തിനും നാഷണൽ ഇന്നൊവേഷൻ ഫൗണ്ടഷന്റെ അംഗീകാരമുൾപ്പെടെയുള്ള നേട്ടങ്ങൾക്കുമായി പ്രവർത്തിക്കാൻ മുന്നിട്ടുണ്ടായിരുന്നത് റെജിയാണ്. സെബാസ്റ്റ്യനും റെജിക്കുമായി നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷൻ ബഹുമതിയും അംഗീകാരവും നൽകിയിരുന്നു. പിതാവിന്റെ കാലശേഷം ഏലത്തിന്റെ നേട്ടങ്ങൾ പൂർണമായും റെജിയുടേതായി മാറുമോയെന്ന ഭയത്താൽ റെജിയെ കുടുക്കാൻ കുടുംബാംഗങ്ങൾതന്നെ ശ്രമിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇതേസമയം കത്തോലിക്കാ സഭയിലെയും പുരോഹിതരുടെയും ന്യായരഹിത പ്രവൃത്തികളെ ചോദ്യം ചെയ്തതിലുള്ള വിരോധം തീർക്കാൻ സഭക്കുള്ളിലെ ചിലർ ശ്രമിക്കുകയാണെന്നാണ് റെജി പറയുന്നത്. തന്നെ കേസിൽപെടുത്തുകയാണ് ലക്ഷ്യം. കട്ടപ്പന പള്ളിയുടെ പാരീഷ് ഹാൾ നിർമ്മാണത്തിന് സംഭാവനയായി ഒരു ലക്ഷം രൂപ ചോദിച്ചത് നൽകാഞ്ഞതാണ് ഒടുവിലത്തെ സംഭവമെന്നും തന്റെ കൂട്ടിയെ ഇതിന്റെ പേരിൽ സ്‌കൂളിൽനിന്നും ഇറക്കിവിട്ടതായും റെജി ആരോപിക്കുന്നു.

സെബാസ്റ്റ്യനെ സംസ്‌കരിച്ച കുടുംബക്കല്ലറയിൽ പിന്നീട് ഇദ്ദേഹത്തിന്റെ ഭാര്യയെയും അടക്കിയിരുന്നു. സാധാരണ ഗതിയിൽ ആദ്യം സംസ്‌കരിച്ചയാളുടെ ജഡാവശിഷ്ടങ്ങൾ മാറ്റിയശേഷമാണ് അടുത്ത സംസ്‌കാരം നടത്തുക. സെബാസ്റ്റ്യന്റെ ജഡാവശിഷ്ടങ്ങൾ മാറ്റാതെയാണ് ഭാര്യയെ അടക്കിയത്. ഇതിനാൽ പോസ്റ്റ്‌മോർട്ടത്തിനായി ജഡാവശിഷ്ടം പുറത്തടുക്കുക എളുപ്പമാകുമെന്നാണ് പൊലിസ് നിഗമനം. ഇതേസമയം മരണത്തിനു നാലുവർഷം കഴിഞ്ഞു നടത്തുന്ന പോസ്റ്റ്‌മോർട്ടത്തിൽ കാര്യമായ ഫലമുണ്ടാവുകയില്ലെന്ന വിലയിരുത്തലുമുണ്ട്.