കൊച്ചി: കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും ഹിറ്റായതോടെ മലയാള സിനിമയിലെ താരമൂല്യം വിണ്ടും ഉയർത്തിയിരിക്കുകയാണ് ജയസൂര്യ. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, അതിന് ശേഷം എത്തിയ ആട് 2 മെഗാഹിറ്റായി മാറുകയായിരുന്നു. രണ്ട് ചിത്രങ്ങളും തുടർച്ചയായി ഹിറ്റായതോടെ താരമൂല്യം ഉയർന്ന നടൻ പ്രതിഫലം ഉയർത്തിയെന്നാണ് പുതിയ റിപ്പോർട്ട്.നിലവിൽ 75 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് ജയസൂര്യയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഒന്നരക്കോടി രൂപ വരെയായി വർദ്ധിപ്പിച്ചെന്നാണ് വാർത്ത പ്രചരിക്കുന്നത്.

ഇപ്പോഴിതാ സൂപ്പർ സ്റ്റാർ പരിവേഷത്തിനപ്പുറം ദേശീയ പുരസ്‌കാരത്തിൽ കണ്ണ് വെച്ച് ട്രാൻസ്‌ജെൻഡർ കഥാപാത്രമായിട്ടാണ് ഞാൻ മേരിക്കുട്ടിയിൽ താരം വേഷമിടുന്നത്. പതിവ് കൊമേർഷ്യൽ ഫോർമുലകൾ വിട്ട് കലാമൂല്യമുള്ള ചിത്രം എന്ന ലക്ഷ്യം മുന്നിൽ വച്ചാണ് ജയസൂര്യ ഇക്കുറി രഞ്ജിത് ശങ്കറുമായി ഒന്നിക്കുന്നത്.

നേരത്തെ ട്രാൻസ്‌ജെൻഡറായി വേഷമിടുന്ന അർദ്ധനാരി എന്ന ചിത്രം ജയസൂര്യ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചിത്രം പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടു. ഞാൻ മേരിക്കുട്ടിയുടെ തിരക്കഥ സംവിധായകന്റേതല്ല. നവാഗത രചയിതാവാകും ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ആദ്യമായിട്ടാണ് തന്റേതല്ലാത്ത തിരക്കഥയിൽ രഞ്ജിത് ശങ്കർ സിനിമ സംവിധാനം ചെയ്യുന്നത്.

ജൂൺ-ജൂലൈ മാസത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശം. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് ട്രാൻസ്‌ജെൻഡറുകളുമൊത്ത് ജീവിക്കാനും അവരുടെ ജീവിതം നേരിൽ കണ്ട് പടിക്കാനുമുള്ള ശ്രമത്തിലാണ് താരം.നേരത്തെ 101 വെഡ്ഡിങ്ങ്‌സ് എന്ന ചിത്രത്തിൽ സ്‌ത്രൈണ സ്വഭാവമുള്ള ഒരു കഥാപാത്രം ജയസൂര്യ അനുഭവിച്ചിട്ടുണ്ട്. ഡാർക്ക് ഷേഡിൽ ഒരുക്കുന്ന ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് താരത്തിനുള്ളത്.

ജയസൂര്യയുടേതായി കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും വലിയ വിജയമായിരുന്നു.ക്രിസ്മസ് റിലീസായി എത്തിയ ആട് 2 ബോക്‌സോഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് ഇപ്പോഴും മുന്നേറുകയാണ്.മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് വിജയ് ബാബു ആണ്. ഏഴേകാൽ കോടി രൂപ മുടക്കി നിർമ്മിച്ച ചിത്രം ഒരാഴ്ച കൊണ്ട് ഒമ്പത് കോടി കളക്ഷൻ നേടി. സാറ്റലൈറ്റ് അവകാശം വിറ്റിട്ടില്ല.

അഞ്ചരക്കോടി രൂപയ്ക്കാണ് പുണ്യാളൻ നിർമ്മിച്ചത്. സംവിധായകനായ രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്നായിരുന്നു നിർമ്മാണം.ചിത്രം ഇതുവരെ 20 കോടി രൂപയോളം കളക്ഷൻ നേടിയതായാണ് വിവരം. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം നാലുകോടി രൂപയ്ക്ക് മുകളിൽ വിൽപ്പന നടന്നതായും അറിയുന്നു.

ദോസ്ത് (2001) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് സിനിമയിലെത്തിയ താരം 2002 ൽ വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് നായക പദവിയിലെത്തിയത്. ഒരു ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ എൻ മാനവനിൽ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടു തമിഴിലും നായകനായി.