പി.കുഞ്ഞിരാമൻ നായരുടെ 'കളിയച്ഛൻ' എന്ന കവിത വായിച്ചതിന്റെ ഹർഷാനുഭൂതി പങ്കുവെച്ച് എൻ.വി.എൻ.വി.കൃഷ്ണവാര്യർ നടത്തിയ വിഖ്യാത പദപ്രയോഗമാണ് 'ഇതാ കുഞ്ഞിരാമൻ നായർ ഒരു കവിതാ പ്രതിഭാസമായിരിക്കുന്നുവെന്ന്'. ഈ വർഷം പുറത്തിറങ്ങിയ കാർബൺ, വരത്തൻ, ഇപ്പോൾ റിലീസായ 'ഞാൻ പ്രകാശൻ' എന്നീ ചിത്രങ്ങളിലെ അഭിനയം കാണാൻ, എൻവി ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ എഴുതുമായിരുന്നു..' ഇതാ ഫഹദ് ഒരു അഭിനയ പ്രതിഭാസമായിരിക്കുന്നു'!

സത്യൻ അന്തിക്കാടിന്റെ സ്ഥിരം നന്മമര പാറ്റേണിലുള്ള ശരാശരിയായി പോവുമായിരുന്ന ചിത്രത്തെ, പലപ്പോഴും ചടുലവും വ്യതിരിക്തവുമാക്കുന്നത് ഫഹദ് ഫാസിൽ എന്ന നടന്റെ നടന പെരുങ്കളിയാട്ടം തന്നെയാണ്. സത്യൻ അന്തിക്കാട് -ഫഹദ് കൂട്ടുകെട്ടിൽ നേരത്തെ ഇറങ്ങിയ 'ഒരു ഇന്ത്യൻ പ്രണയകഥയിലെ' അയ്മനം സിദ്ധാർഥന്റെ ചില ചേഷ്ടകൾ ആവർത്തിക്കുന്നുണ്ടെങ്കിലും ഈ യുവനടന്റെ മുഖത്ത് പൊട്ടിവിടരുന്ന ഭാവങ്ങളും ശരീരഭാഷയും ശബ്ദനിയന്ത്രണവുമൊക്കെ ചലച്ചിത്ര വിദ്യാർത്ഥികൾ കണ്ടുപഠിക്കേണ്ടതാണ്. നർമ്മവേഷങ്ങൾ അധികമൊന്നും ചെയ്തിട്ടില്ലാത്ത ഈ നടൻ, തന്റെ ട്രേഡ്മാർക്കായ അർബൻ ഫ്രീക്ക് മല്ലു ബോഡി ലാംഗ്വേജിൽ നിന്ന് കുതറിച്ചാടി നാട്ടിൽപുറത്തെ ഇത്തിരി അസൂയയും കുശുമ്പും കരുട്ടുബുദ്ധിയുമുള്ള ശരാശരി മലയാളിയുടെ വേഷം അസ്സലാക്കിയിരിക്കുന്നു. പടം എപ്പോഴൊക്കെ ലാഗിങ്ങിലേക്ക് പോകുന്നോ അപ്പോഴൊക്കെ ചിത്രത്തെ തിരിച്ചു പിടിക്കാൻ സംവിധായകനെ സഹായിക്കുന്നത് ഫഹദിന്റെ ഈ വേഷപ്പകർച്ച തന്നെയാണ്. അസൂയയും, പകയും, ഈർഷ്യയും, നിരാശയും, കള്ളവുമൊക്കെ ഈ നടന്റെ മുഖത്ത് നവരസങ്ങളായി മിന്നിമറയുന്നത് കണ്ടിരിക്കാൻ എന്തൊരു ചേല്. ( കാട്ടാക്കട തങ്കപ്പന്റെ ചാക്കിലകപ്പെട്ട പൂച്ച എന്ന നോവലാണെന്ന് പറഞ്ഞ്, കുരുടിയായ ഒരു സ്ത്രീയുടെയും ചട്ടുകാലനായ പുരുഷന്റെയും പ്രണയ കഥ ഒരു കുട്ടിയോട് ഫഹദ് പറയുന്ന സീനുണ്ട്. അഭിനയം കണ്ട് അമ്പരന്നുപോവും)

മലയാളത്തിന്റെ പ്രിയപ്പെട്ട ഷാനുവിനെ മാറ്റിനിർത്തിയാൽ ഈ പടം വെറും വട്ടപൂജ്യമായിപ്പോവും. ശരിക്കും ഒരു വൺമാൻഷോ. നേരത്തെ പറഞ്ഞപോലെ വരത്തനും, കാർബണും കണ്ടശേഷം ഈ പടം വിലയിരുത്തുമ്പോഴറിയാം ഈ നടന്റെ അപാരമായ റേഞ്ച്. ഇന്ത്യയിൽ കമൽഹാസനും മലയാളത്തിൽ മോഹൻലാലിനും മാത്രം അവകാശപ്പെടാവുന്ന അപുർവ സിദ്ധി.

ഇനി പടത്തിന്റെ മൊത്തത്തിലുള്ള അവസ്ഥയിലേക്ക് വന്നാൽ ഡിസ്റ്റിങ്ങ്ഷൻ കൊടുക്കാൻ കഴിയില്ലെങ്കിലും ഫസ്റ്റ്ക്ലാസ് മാർക്ക് കൊടുക്കാവുന്ന ചിത്രമാണിത്. ബ്രഹ്മാണ്ഡ സിനിമകൾ എന്ന് പറഞ്ഞിറങ്ങുന്ന ഭൂലോക കത്തികളുള്ള പുതിയ കാലത്ത്, ഒരു നല്ല കൊച്ചുചിത്രമെന്നോ, ഫീൽ ഗുഡ് മൂവിയെന്നൊക്കെയോ വിശേഷിപ്പിക്കാവുന്ന സിനിമ. ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് സംവിധായകൻ സത്യൻ അന്തിക്കാടും, ശ്രീനിവാസനും തെളിയിച്ചിരിക്കുന്നു. പ്രമേയത്തിലും ആഖ്യാനത്തിലും അടിമുടി പുതുക്കലുകൾ നടത്തി മലയാള സിനിമ ന്യൂജൻ ആയിട്ടും, പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്ന് കാളവണ്ടി കിട്ടാത്ത മനുഷ്യനെപ്പോലെയായിരുന്നു സത്യൻ അന്തിക്കാടിന്റെ സമീപകാല ചിത്രങ്ങൾ.

അമ്പലവും, ആൽത്തറയും, കുളവും, നല്ലവനായ കള്ളുചെത്തുകാരനും, കളകളാരവം മുഴക്കുന്ന പക്ഷിമൃഗാദികളും അടങ്ങുന്ന നന്മ പൂത്തുനിൽക്കുന്ന ഗ്രാമങ്ങൾ തന്നെയാണ് ഈ പുതിയകാലത്തും സത്യൻ ഏറെയും പ്രമേയമാക്കാറ്. ( അതുകൊണ്ടുതന്നെയാണ് അമൽ നീരദിന്റെ വരത്തൻ ഗ്രാമങ്ങളിലെ വയലൻസ് കാണിച്ചുതന്നപ്പോൾ ഇത് അന്തിക്കാടൻ ചിത്രങ്ങൾക്കുള്ള മറുപടികൂടിയാണെന്ന് അഭിപ്രായങ്ങൾ ഉയർന്നത്) ഒരിക്കലും കുടുംബചിത്ര സംവിധായകൻ എന്ന സേഫ് സോൺ വിട്ടിട്ടുള്ള കളിയില്ലാത്ത, എക്കാലവും പരീക്ഷണങ്ങളോട് മുഖം തിരിഞ്ഞുനിന്ന ചലച്ചിത്രകാരൻ കൂടിയാണ് അദ്ദേഹം. ഇത്തവണയും തന്റെ സുരക്ഷിതവലയം വിടുന്നില്ല. പക്ഷേ ആ ഫോർമാറ്റിൽ നിൽക്കുമ്പോഴും ആവർത്തന വിരസത തോന്നാതെ ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്.

സമാനമായ അവസ്ഥയായിരുന്നു ശ്രീനിവാസനും. ഒരുകാലത്ത് മലയാളികൾ ആഘോഷിച്ച അദ്ദേഹത്തിന്റെ സിനിമകൾ പക്ഷേ നവതരംഗകാലമായപ്പോഴെക്കും വല്ലാതെ പിറകോട്ട് അടിക്കുകയായിരുന്നു. പത്മശീ ഭരത്  ഡോ. സരോജ് കുമാർ എന്ന തനി വളിപ്പും മോഹൻലാലിനെ അങ്ങേയറ്റം ആക്ഷേപിക്കുന്നതുമായ സിനിമയെടുത്തതോടെ ഏതാണ്ട് ഫീൽഡ് ഔട്ട് ആയ അവസ്ഥയിലായിരുന്നു ശ്രീനിവാസൻ. എന്നാൽ ഈ പടത്തിലൂടെ തന്റെ പ്രതിഭ ഇനിയും കത്തിത്തീർന്നിട്ടില്ലെന്നും അരക്കൈ നോക്കാനുള്ള യൗവനം ഇപ്പോഴുമുണ്ടെന്ന് ഇദ്ദേഹവും തെളിയിക്കുകയാണ്.

അടിസ്ഥാനമായി വക്രബുദ്ധി ഏറെയുള്ള ഒരു പുച്ഛിസ്റ്റ് മല്ലു ഗണത്തിൽ പെടുത്താവുന്ന വ്യക്തിയാണ് പ്രകാശൻ. ഡോക്ടറാവണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും, മെയിൽ നഴ്സായിപ്പോയതിന്റെ എല്ലാ അപകർഷതാബോധങ്ങളും പ്രകാശനുണ്ട്. ഒരിടത്തും അയാൾ നഴ്സാണെന്ന് പറയില്ല. എന്തിന് പ്രകാശൻ എന്ന പേരുപോലും പിടിക്കാഞ്ഞിട്ട് തന്റെ പേര് ആകാശ് എന്ന് ന്യൂജനാക്കി ഗസറ്റ് വിജ്ഞാപനം വരെ നടത്തിക്കളഞ്ഞു ഇഷ്ടൻ! ഒരു പണിക്കുംപോകാതെ നാട്ടിൽ ചുറ്റിത്തിരിഞ്ഞു നടക്കുന്ന നമ്മുടെ ആകാശിന്, നല്ല കാറുകളിൽ വരുന്നവരെ അസൂയ കാരണം വഴിതെറ്റിച്ച് പറഞ്ഞുകൊടുക്കുക, കല്യാണ സദ്യക്ക് മൃഷ്ടാന്നം ഉണ്ട് കുറ്റം പറയുക, സ്വന്തം സുഹൃത്തിന്റെ കല്യാണം മുടക്കുക തുടങ്ങിയ പാഷാണം ഷാജി മോഡൽ കലാപരിപാടികളുമുണ്ട്. ഇവയൊക്കെ മിമിക്രി സ്‌കിറ്റുകളിൽ നാം ആവോളം കണ്ടിട്ടുണ്ടെങ്കിലും ഫഹദ് ചെയ്യുമ്പോഴുള്ള ചന്തം ഒന്നുവേറെ തന്നെയാണ്.

പെട്ടെന്ന് വളഞ്ഞ വഴിയിലൂടെ കാശുകാരനാവണം ആകാശിന്. അതിന് അവസരം പാർത്തിരിക്കുമ്പോഴാണ് പണ്ട് കൂടെപഠിച്ചപ്പോൾ താൻ കുറെക്കാലം കൊണ്ടുനടക്കുകയും പിന്നെ സൗകര്യപൂർവം അവഗണിക്കുകയും ചെയ്ത സഹപാഠി സലോമി ( ചിത്രത്തിൽ നിഖില വിമൽ) അയാളെ തേടിയെത്തുന്നത്. അവൾ പ്രതിമാസം മൂന്നുലക്ഷം രൂപ ശമ്പളത്തിൽ ജർമ്മനിക്ക് പോവുകയാണെന്ന വാർത്ത ആകാശിന്റെ ഉറക്കം കെടുത്തുന്നു. അവളെ പ്രേമിച്ച് വിവാഹം കഴിക്കുക എന്നിട്ട് ഫാമിലി വിസയിൽ ജർമ്മനിയിൽ എത്തുക. തുടർന്ന് അവളെ ഡിവോഴസ് ചെയ്ത് നാട്ടിലെത്തി പുതിയ കല്യാണം കഴിക്കുക. ഇതായിരുന്നു ആകാശിന്റെപ്ലാൻ.

ഇതിനായി അയാൾ കൂട്ടുപിടിച്ചത് സ്‌കൂൾമാഷായ തന്റെ പിതാവിന്റെ ശിഷ്യനായ ഗോപാൽജിയെ ( ശ്രീനിവാസൻ) ആണ്. ഫഹദും ശ്രീനിവാസനും തമ്മിലുള്ള കോമ്പിനേഷൻ തീയേറ്ററിൽ ചിരി പടർത്തുന്നുണ്ട്. തന്റെ പ്രതാപകാലത്തെ നിഴൽ മാത്രമാണ് ശ്രീനിവാസനെന്ന് അപ്പോഴും പറയാതെ വയ്യ.സന്ദേശം അടക്കമുള്ള സാമൂഹിക- രാഷ്ട്രീയ വിഷയങ്ങൾ എടുത്ത് അമ്മാനമാടി മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസന്റെ മൂർച്ചയേറിയ തൂലികക്ക് ഇപ്പോഴും കാര്യമായ ക്ഷീണം തട്ടിയിട്ടില്ലെന്ന് സൂചിപ്പിക്കുന്ന ചില രംഗങ്ങളും ചിത്രത്തിലുണ്ട്. ബംഗാളി തൊഴിലാളികളുമായും, മലയാളിയുടെ അധ്വാനവിരക്തിയുമൊക്കെ കാണിക്കുന്ന ചിത്രം കുറിക്കുകൊള്ളുന്ന ചില നിരീക്ഷണങ്ങളും നടത്തുന്നുണ്ട്.

പക്ഷേ ആദ്യപകുതിയിൽ കിട്ടിയ ആക്ഷേപഹാസ്യത്തിന്റെ സൗന്ദര്യവും, കഥാഗതിയുടെ ഒഴുക്കും രണ്ടാം പകുതിയിൽ കുറയുന്നുവെന്നതാണ് ചിത്രത്തിന്റെ ഒരു വീക്ക്നെസ്സ്. ക്ലൈമാക്സിനടുത്തുള്ള പല രംഗങ്ങളും നമുക്ക് പ്രവചിക്കാവുന്നവയാണ്. ചിലത് ആവർത്തനവും. അയ്മനം സിദ്ധാർഥന്റെ ഓട്ടവും, വരവേൽപ്പിലെ മോഹൻലാൽ നായയെ പേടിച്ച് തെങ്ങിൽ കയറുന്നതുമൊക്കെ നമുക്ക് ഇവിടെയും കാണാം.

ഇങ്ങനത്തെ പരിമിതികൾ ഉണ്ടെങ്കിലും അൽപ്പം നൊമ്പരവും, ശുഭാപ്തിചിന്തയും അവശേഷിപ്പിച്ച് ഒരു ഫീൽ ഗുഡ് മൂവിയെന്ന പേരുമായാണ് ചിത്രം അവസാനിക്കുന്നത്. ഒരു പാട് ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയി, വിരൂപനായ ഒരു പുഴു ജീവിത ചക്രത്തിനൊടുവിൽ മനോഹരമായ പൂമ്പാറ്റയാകുന്നതുപോലെ, കുരുട്ടുബുദ്ധിക്കാരൻ ആകാശ് തിരിച്ച് പ്രകാശൻ തന്നെ ആവുന്നു.

വാൽക്കഷ്ണം: അവിലോസുണ്ടയെ ആറ്റംബോംബാക്കി കാണിച്ച് കളക്ഷൻ നേടുന്ന ഒടിയൻ പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സ്ട്രാറ്റജിയാണോ, ചരുങ്ങിയ ബജറ്റിൽ എടുക്കുന്ന ഇത്തരം കൊച്ചു സിനിമകൾ ആണോ മലയാള ചലച്ചിത്ര വ്യവസായത്തിന് ഗുണകരം എന്ന ചോദ്യവും ഈ പടം കണ്ടപ്പോൾ തോന്നി. ഏഴുഭൂഖണ്ഡങ്ങളിലൂടെ ചുറ്റിവരുന്ന പാട്ടുകളും, ആകാശത്തേക്ക് പറന്ന് അടിക്കുന്ന സീനുകളും ഇല്ലെങ്കിലും ആളുകൾ തീയേറ്ററിൽ കയറും. ബജറ്റാണോ സംവിധായകരുടെ മസ്തിഷ്‌ക്കങ്ങളാണോ മലയാള സിനിമയിൽ വളരേണ്ടത്.