ല്ലാവർഷവും ക്യുബയിലെ പതിവ് കാഴ്‌ച്ചയാണ് ഞണ്ടുകളുടെ ദേശാടനം. ക്യുബൻ കാടുകളിൽ വസന്തകാല മഴയുടെ ആദ്യതുള്ളികൾ പതിക്കുമ്പോൾ ലക്ഷക്കണക്കിന് ഞണ്ടുകളാണ് കാടുവിട്ടിറങ്ങുക. തിരക്കേറിയ നഗര വീഥികൾ മറികടന്നും, ഗ്രാമങ്ങളിലെ വീട്ടുമുറ്റങ്ങളിലൂടെ ഉരുണ്ടും അവർ യാത്രയാകുന്നത് മൈലുകൾക്കപ്പുറമുള്ള ബേ ഓഫ് പിഗ്സിലേക്കാണ്. താരതമ്യേന ഊഷ്മളമായ കാലവസ്ഥയുള്ള ഈ കടൽ തീരത്ത് ഇവരെത്തുന്നത് രാസലീലകളിൽ ആറാടി തിമിർക്കാനാണ്, കൂടെ നിയതിയുടെ നിയമമായ പ്രത്യൂദ്പാദനത്തിനും.

ഞണ്ടുകളുടെ നിലയ്ക്കാത്ത പ്രവാഹം ഏറ്റവുമധികം തലവേദനയുണ്ടാക്കുന്നത് ഹൈവേയിലൂടെ വാഹനമോടിക്കുന്നവർക്കാണ്. കഴിയുന്നതും ഞണ്ടുകളെ കൊല്ലാതിരിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ പല അപകടങ്ങളും മുൻ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥലവാസികൾക്ക് ഈ ഞണ്ടുകളുടെ പ്രയാണം ഒരു തലവേദനയാണെങ്കിലും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു പരിപാടികൂടിയാണിത്.

തങ്ങൾക്ക് ഈ ഞണ്ടു യാത്ര പരിചിതമാണെന്നാണ് യാത്ര കടന്നുപോകുന്ന വഴിയിലുള്ള നഗരവാസികളും ഗ്രാമീണരും പറയുന്നത്. സാധാരണയായി ഏപ്രിൽ മാസത്തിലാണ് ദേശാടനം ആരംഭിക്കുന്നതെങ്കിൽ ഈ വർഷം വളരെ നേരത്തേ മാർച്ചിൽ തന്നെ ഇത് ആരംഭിച്ചിരിക്കുന്നു. സാധാരണയായി അതിരാവിലേയും സായാഹ്നങ്ങളിലുമാണ് ഇവ യാത്ര ചെയ്യുക. അതുകൊണ്ടു തന്നെ ഈ സമയങ്ങളിൽ വാഹനമോടിക്കുന്നവരോട് കൂടുതൽ ശ്രദ്ധിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശാടനത്തിന്റെ മൂർദ്ധന്യ കാലമെത്തുമ്പോൾ ഹൈവേകൾ പോലും അടച്ചിടണമെന്ന പരിസ്ഥിതിവാദികൾ ആവശ്യപ്പെടാറുമുണ്ട്.

ജെക്കാർസിനസ് റുറികോല എന്ന ശാസ്ത്രീയ നാമമുള്ള കരയിൽ ജീവിക്കുന്ന ഒരു തരം ചുവന്ന ഞെണ്ടുകളാണ് ക്യുബൻ വനാന്തരങ്ങളിൽ കാണപ്പെടുന്നത്. ഏപ്രിൽ - മെയ്‌ മാസങ്ങളിലായിരിക്കും വലിയ കൂട്ടമായി ഇവ ദേശാടനം നടത്തുക. ഇത് ജൂലായ് വരെ നീണ്ടു നിൽക്കും. ഈ ദേശാടനത്തിനിടെ എല്ലാവർഷവും ഏകദേശം 35 ലക്ഷം ഞണ്ടുകൾ വരെ വാഹനങ്ങൾക്കിടയിൽ പെട്ട് ചതഞ്ഞരഞ്ഞും മറ്റുമായി മരണപ്പെടാറുണ്ടത്രെ. അതുപോലെ കൂർത്ത കരങ്ങൾ കൊണ്ട് വാഹനങ്ങളുടെ ടയറുകൾ പഞ്ചറാകുന്നതും ഒരു സ്ഥിരം സംഭവമാണ്.

ബഹാമസ്, നിക്കരാഗ്വേ, ജമൈക്ക, ഡൊമിനിക്ക എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള ഞണ്ടുകളുടെ ദേശാടനം നടക്കാറുണ്ടെങ്കിലും രാജ്യത്തിന്റെ ഒരു മേഖലയിൽ നിന്നും മറ്റൊരു മേഖലയിലേക്ക് ജനവാസ പ്രദേശങ്ങളിലൂടെ ഞണ്ടുകൾ ദേശാടനം നടത്തുന്നത് ക്യുബയിൽ മാത്രമാണ്.ഇവ എത്തുന്നത് ബേ ഓഫ് പിഗ്സ് ആക്രമണത്തിലൂടെ മലയാളികൾക്ക് ഏറെ പരിചിതമായ ബേ ഓഫ് പിഗ്സിലാണ്.

ഇവിടെയായിരുന്നു അമേരിക്കയുടെ സി ഐ എ യുടെ പിന്തുണയോടെ ഫിഡൽ കാസ്ട്രോയുടെ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കയിൽ അഭയം തേടിയ ക്യുബൻ വിമതർ ആക്രമണം നടത്തിയത്. 1961 ഏപ്രിൽ 17 നടത്തിയ ഈ ആക്രമണത്തെ പക്ഷെ ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള സൈന്യം കേവലം മൂന്ന് ദിവസം കൊണ്ട് പരാജയപ്പെടുത്തി. ലോക കമ്മ്യുണിസ്റ്റ് ചരിത്രത്തിലെ,പ്രത്യേകിച്ചും ഫിഡൽ കാസ്ട്രോയുടെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.