ൽത്താഫ് സലീം എന്ന നടന്റെ പേര് പലർക്കും ഓർമ്മ കാണില്ല. പക്ഷേ അയാളുടെ മുഖം സുപരിചിതമായിരിക്കും.'പ്രേമത്തിലെ' മേരിയെ ലൈനടിക്കുന്ന ജോർജിനും സംഘത്തിനമിടയിൽ, ബാഗും തൂക്കി സൈക്കിളുന്തി നടക്കുന്ന ,ഒരു നരുന്തു പയ്യനെ ഓർമ്മയില്ലേ.സിദ്ധാർഥ് ശിവയുടെ 'സഖാവിൽ' നിവിൻപോളിയുടെ വലംകൈയായും ആ മെലിഞ്ഞുണങ്ങിയ, ഒറ്റനോട്ടത്തിൽ പണിക്കുവന്ന ബംഗാളിയുടെ ഛായയുള്ള ആ പയ്യനെ കാണാം. അതാണ് അൽത്താഫ്. ഈ യുവനടൻ സംവിധാനം ചെയ്ത 'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയെന്ന' ചിത്രം കണ്ടപ്പോൾ പറഞ്ഞുപോയി; പ്രായമല്ല പ്രതിഭ തന്നെയാണ് വലുതെന്ന്. മരുന്നുണ്ട് ഈ പയ്യന്റെ കൈയിൽ.അൽപ്പം പാളിപ്പോയാൽ മൊത്തം കുളമാകുന്ന ബ്‌ളാക്ക് ഹ്യൂമറിലൂടെ കഥ പറഞ്ഞ് വിജയിപ്പിക്കുകയെന്നത് വലിയ റിസ്‌ക്കുള്ള കേസാണ്. അതുകൊണ്ടുതന്നെ അൽത്താഫ് നല്‌ളൊരു കൈയടി അർഹിക്കുന്നു.വരട്ടെ, പുതിയ പ്രതിഭകൾ. അങ്ങനെ മലയാള സിനിമ കൂടുതൽ സമ്പന്നമാവട്ടെ.

കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലുള്ള ചിത്രങ്ങൾ ഏറെയുള്ള ഇക്കാലത്ത്, നിങ്ങൾക്ക് ഈ പടത്തിന് ധൈര്യമായിട്ട് ടിക്കറ്റെടുക്കാം.രണ്ടേകാൽ മണിക്കൂർ സമയം വേസ്റ്റാവില്ല.പടം അൽത്താഫ് കൊണ്ടുപോവുന്ന രീതിയാണ് ഗംഭീരം. കാൻസർ എന്ന ആരും പേടിക്കുന്ന രോഗവും തുടർന്നവരുന്ന പ്രശ്‌നങ്ങളുമാണ് ഇവിടെ 'സർക്കാസിക്കുന്നത്'. അതോ ഒരിടത്തും ദ്വയാർഥ പ്രയോഗങ്ങളോ, സ്ത്രീവിരുദ്ധ പരാമർശങ്ങളോ, അശ്‌ളീലമോ, മുട്ടിന് മുട്ടിന് ഗാനങ്ങളോ ഒന്നും തന്നെ ഇല്ലാതെ. ( തെറിയഭിഷേകത്തിന്റെ ഈ ന്യൂജൻ കാലത്ത് ഇങ്ങനെ ശാന്തമായി പടമെടുത്തതിന് അൽത്താഫിനോട് നാം പ്രത്യേകം കടപ്പെട്ടിരിക്കുന്നു)
എന്നുവെച്ച് ഫേസ്‌ബുക്കിലെ പൊക്കിവിടൽ സംഘങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ ന്യൂനതകളില്ലാത്ത ലോകാത്ഭുദമൊന്നുമല്ല ഈ പടം. തിരക്കഥയിൽ കുറേക്കൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽചിത്രം ശരിക്കും അദ്ഭുതമാവുമായിരുന്നു.ഈ പൊക്കിവിടലിന്റെ അമിതാഭാരം തലയിൽനിന്ന് ഇറക്കിവെച്ചുവേണം പടം കാണാൺ.അല്‌ളെങ്കിൽ അയ്യെടാ എന്നാവും. പക്ഷേ തലച്ചോർ തുരന്ന്വന്ന് കാണേണ്ടിവരുന്ന ചിത്രങ്ങൾ ഏറെയുള്ള ഇക്കാലത്ത്, തലക്കകത്ത് ആൾതാമസമുള്ളവരുടെ സൃഷ്ടികൾ വിജയിപ്പിക്കേണ്ടത്, നല്ല ചിത്രങ്ങളെ സ്‌നേഹിക്കേണ്ടവരുടെ കടമയാണ്.

ഞണ്ടുകളും കീമോ ഭടന്മാരും പോരാടുമ്പോൾ

കാൻസറിൽനിന്ന് വിമുക്തി നേടിയ എഴുത്തുകാരി ചന്ദ്രമതിയുടെ പുസ്തകമാണ് 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'. അതിന്റെ തലക്കെട്ട് മാത്രമെടുത്ത് സിനിമയുണ്ടാക്കുമ്പോൾ, കാൻസർ രോഗികളുടെ വർധനമൂലം അതിവേഗം ഞണ്ടുകളുടെ സ്വന്തം നാടാവുന്ന ഈ സമൂഹത്തിലേക്ക് തന്നെയാണ് സംവിധായകൻ കണ്ണാടി പിടിക്കുന്നത്.

അർബുദമടക്കമുള്ള ഗുരുതര രോഗങ്ങൾ വരുന്നതും അതുവെച്ച് സെന്റിമെൻസ് വർക്കൗട്ട് ചെയ്യുന്നതുമായ ഒരു പാട് ചിത്രങ്ങൾ തിക്കുറുശ്ശിയുടെ കാലംതൊട്ട് നാം കണ്ടിട്ടുണ്ട്.അന്നൊക്കെ കാൻസർ വന്നാൽ തീർന്നു എന്നതായിരുന്നു പ്രമേയം. ( ലുക്കീമിയ തൊട്ട് ഒരു പടത്തിൽ ജഗതി പറഞ്ഞപോലെ 'ബ്രിയിനോ മാഞ്ചിയ ഒട്ടോപ്പിക്ക' എന്ന അപൂർവ രോഗംപോലെ എത്രയെത്ര സിനിമാറ്റിക്ക് അസുഖങ്ങൾ!) എത്ര പെട്ടെന്നാണ് ആ പഴയ കാലം മാറിയത്.

ഇവിടെ അർബുദം ഒരു കുടുംബത്തിലേക്ക് ക്ഷണിക്കപ്പെടാതെയത്തെുമ്പോൾ, ചിരിച്ചു നേരിടാൻ നമ്മെ പഠിപ്പിക്കയാണ് സംവിധായകൻ.  ഷീല ചാക്കോ (ശാന്തികൃഷ്ണ) എന്ന കോളേജ് അദ്ധ്യാപികക്ക് , സ്വയം പരിശോധനയിലൂടെ ബ്രസ്റ്റ് കാൻസർ ഉണ്ടോ എന്ന തോന്നലിൽ നിന്നാണ് ചിത്രത്തിന്റെ തുടക്കം.നിസ്സാരകാര്യങ്ങൾക്ക് ടെൻഷനടിക്കുന്ന ഭർത്താവ് ചാക്കോ (ലാൽ), ലണ്ടനിലുള്ള മകൻ കുര്യൻ (നിവിൻ പോളി), ഇളയ മകൾ സാറാ (അഹാന കൃഷ്ണകുമാർ), വിവാഹിതയായ മകൾ മേരി ടോണി (സ്രിന്റ ഷബാബ്), മരുമകൻ ടോണി (സിജു ), രോഗക്കിടക്കയിലുള്ള മുത്തച്ഛൻ (കെ.എൽ.ആന്റണി) എന്നിവർ ചേർന്നതാണ് ഷീലയുടെ കുടുംബം. ഈ കൂട്ടുകുടുംബത്തിന്റെ ഏറ്റവും അവിഭാജ്യ ഘടകമായ ഷീലക്കുണ്ടായ അസുഖം അംഗങ്ങളുടെ മൊത്തം അവസ്ഥ എങ്ങനെ മാറ്റിമറിക്കുന്നെന്ന് രസകരമായി രേഖപ്പെടുത്തുകയാണ് ചിത്രം. അടുക്കള തൊട്ടുള്ള കുടുംബത്തിന്റെ സകലകാര്യങ്ങളും മാറിമറിയുന്നിടത്താണ് കറുത്ത ഹാസ്യം കിടക്കുന്നത്.

അമ്മ പെട്ടന്ന് വരാൻ പറയുമ്പോൾ ലണ്ടനിലുള്ള മകൻ കുര്യൻ കരുതുന്നത് തന്റെ കല്യാണക്കാര്യം പറയാനാണെന്നാണ്.വെപ്രാളക്കാരനായ ചാക്കോ, ഷീലയുടെ അസുഖം പറയാൻ സ്വാർഥനും പിശുക്കനുമായ മകളുടെ ഭർത്താവിനെ കാണാൻപോവുന്ന രംഗങ്ങളൊക്കെ ചിരിപ്പിക്കും. അതായത് കണ്ണീരുകൊണ്ടല്ല ചെറു പുഞ്ചിരികൊണ്ടാണ് കാൻസറിനെ നേരിടേണ്ടതെന്ന പോസറ്റീവ് എനർജി ഈ പടം നിർബാധം നൽകുന്നുണ്ട്.വാർധക്യത്താൽ ഓർമ്മകൾ എതാണ്ട് നശിച്ചിട്ടും എപ്പോഴും സിക്‌സ്പാക്ക് മസിലുണ്ടാക്കാനുള്ള പരസ്യം കണ്ടിരിക്കുന്ന അപ്പാപ്പനും, അയാളെ നോക്കാനായി വരുന്ന യേശുദാസ് എന്ന ഹോംനഴ്‌സുമെല്ലാം (ഷറഫുദ്ദീൻ) നർമ്മമുണർത്തുന്നുണ്ട്.എന്നാലും ഒരിടത്തും അർബുദം എന്ന ചിത്രത്തിന്റെ കേന്ദ്രപ്രമേയത്തിൽനിന്ന് വിട്ടുപോകുന്നുമില്ല. ഞണ്ടുകളും കീമോ ഭടന്മാരും തമ്മിലുള്ള പോരാട്ടമാണ് ഈ പടത്തിന്റെ രത്‌നച്ചുരുക്കം.വേദനകൾക്കിടയിൽ കൂടിയുള്ള നർമ്മ ചിത്രീകരണമാണ് ഈ പടത്തെ വേറിട്ടതാക്കുന്നത്. അതിനാകട്ടെ വല്ലാത്ത ചങ്കൂറ്റവും പ്രതിഭയും വേണം.

താരം ശാന്തികൃഷ്ണ; നിവിന് ഒന്നും ചെയ്യാനില്ല

അങ്ങനെ മൂന്നാംവരവിലും പ്രേക്ഷകരെ മൊത്തം കൈയിലെടുത്തിരിക്കയാണ് നടി ശാന്തികൃഷ്ണ. ഞണ്ടുകൾ ശാന്തിയുടെ ചിത്രമാണ്.ഇത്രയും കാലം എവിടെയായിരുന്നുവെന്ന് പ്രേക്ഷകനെകൊണ്ട് ചോദിപ്പിക്കും വിധമായിരുന്നു അവരുടെ തകർപ്പൻ പ്രകടനം. മുമ്പ് തന്റെ മികച്ച സമയത്ത് രണ്ടുതവണ ചലച്ചിത്രലോകത്തുനിന്ന് മാറി നിന്നപോലെ അവർ ഇനി മലയാള സിനിമയെ വിട്ടുപോകാതിരിക്കട്ടെ.

എന്നാൽ നിവിൻപോളിക്ക് ഈ പടത്തിൽ കാര്യമായി എന്തെങ്കെിലും ചെയ്യാനുണ്ടെന്ന് തോനുന്നില്ല.അലസനും, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിക്കുന്നവനുമായ ഈ ഫ്രീക്കൻ ടിപ്പിക്കൽ നിവിൻ കഥാപാത്രമാണ്.പക്ഷേ നിവിൻപോളി അഭിനന്ദിക്കപ്പെടേണ്ടത്, ഇതേപോലൊരു പടം നിർമ്മിക്കാൻ ധൈര്യം കാട്ടിയതിനാണ്.അതും ഒരു യുവ സംവിധായകന് വേണ്ടി.വേറെ ഏതൊരു മുഖ്യധാരാ നിർമ്മതാവിനെയും ഈ സബ്ജക്ട് പറഞ്ഞ് ഫലിപ്പിക്കാൻ ബുദ്ധിമുട്ടാണ്.

ഭയവും ടെൻഷനും പാരമ്പര്യമായി കിട്ടിയതാണെന്ന് വിശ്വസിക്കുന്ന ഗൃഹനാഥനായി ലാലും നന്നായി.സീരിയസായി ചെയ്ത് കോമഡിയുണ്ടാക്കാൻ എന്ന് പറയുന്നത് ഒടുക്കത്തെ ഒരു കലയാണ്. ലാലിനെപ്പോലെയുള്ള പ്രതിഭകൾക്കേ അതുപറ്റൂ.

സൂപ്പർ ഹിറ്റായ 'പ്രേമം' സിനിമയിലെ ഏതാണ്ട് പ്രമുഖരെയൊക്കെ അൽത്താഫ് ഈ പടത്തിലും കൊണ്ടുവന്നിട്ടുണ്ട്. സിജു , കൃഷ്ണശങ്കർ, ഷറഫുദ്ദീൻ എന്നിവർ ഇതിലും മോശമാക്കിയിട്ടില്ല. മുൻ ചിത്രങ്ങളിൽ ഷറഫുദ്ദീനെ സംവിധായകർ അങ്ങ് കയറൂരി വിടുന്നതാണ് കണ്ടിട്ടുള്ളത്. പക്ഷേ ഇത്തവണ കടിഞ്ഞാൻ സംവിധായകന്റെ കൈയിൽ തന്നെയുണ്ട്.രോഗക്കിടക്കിയിലുള്ള ചാച്ചന്റെ വേഷമിട്ട കെ.എൽ ആന്റണി 'മഹേഷിന്റെ പ്രതികാരത്തിലെന്നപോലെ' ഇത്തവണയും ശ്രദ്ധിക്കപ്പെട്ടു.

നിവിൻപോളിയുടെ കാമുകിയായ റെയ്ച്ചലിന്റെ വേഷത്തിൽ എത്തിയ ഐശ്വര്യ ലക്ഷ്മിയും ബോറടിപ്പിച്ചിട്ടില്ല. ദിലീഷ് പോത്തനും , സൈജു കുറുപ്പുമാണ് ഈ പടത്തിലെ മറ്റ് പ്രാധാനികൾ. ഇതിൽ ദിലീഷ് ടൈപ്പായി തോന്നിയപ്പോൾ സൈജു വേറിട്ട ലൈനിലൂടെ ശ്രദ്ധേയനായി.

ചില വിമർശനങ്ങൾ, വിയോജിപ്പുകൾ

സ്വഛമായങ്ങ് കണ്ടിരിക്കാമെന്നല്ലതാതെ നമ്മെ ആഴത്തിൽ സ്പർശിക്കുന്ന കഥയല്ല ഇത്.അങ്ങനെ ആക്കാവുന്ന സബ്ജക്റ്റ് ആയിരുന്നിട്ടുകൂടി ഈ അർബുദ പുരാണം പലപ്പോഴും തൊലിപ്പുറമെയുള്ള ചികിത്സയായി മാറുന്നു. ഒരു കാൻസർ രോഗി അനുഭവിക്കുന്ന സാമൂഹിക പീഡനങ്ങൾ ഒരിക്കൽപോലും പടത്തിൽ കടന്നുവരുന്നില്‌ളെന്ന് മാത്രമല്ല, ചിലപ്പോൾ സമൂഹം തന്നെയില്ല ഈ ലോകത്ത് കുടുംബം മാത്രമേയുള്ളൂവെന്നും തോന്നിക്കും. പ്രേമേയത്തിന്റെ കൃത്യമായ വികാസം നടത്താൻ അൽത്താഫിന് കഴിഞ്ഞിരുന്നെങ്കിൽ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കാവുന്ന ചിത്രം ആവുമായിരുന്നു ഇത്.ഇപ്പോഴിത് ഒരു ഷോർട്ട്ഫിലിമിന്റെ എക്‌സ്റ്റെൻഷൻ പോലെയാണ് തോനുന്നത്.ചിലയിടത്തൊക്കെ ലാഗ് വരുമ്പോഴേക്കം അൽത്താഫ് ചിത്രത്തെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നുണ്ട്.

പിന്നെ ഈ ചിത്രത്തിലെ കുടുംബം എന്നത് ഒന്നാന്തരം സാമ്പത്തിക സുരക്ഷിതത്വമുള്ള എലീറ്റ് കുടുംബമാണ്.ഇതും ഒരു സാധാരണക്കാരന്റെ കുടുംബത്തിലേക്ക് ഞണ്ടുകൾ അതിഥിയായി എത്തിയാലുമുള്ള സംഭവങ്ങൾ തീർത്തും വ്യത്യസ്തമാണ്. അർബുദത്തിനുള്ള ഭാരിച്ച ചെലവ് തന്നെ പ്രശ്‌നമാണെല്ലോ. ഉപരിവർഗ സംസ്‌ക്കാരത്തിന്റെയും ആഭിജാത്യത്തിന്റെയും ഒരുതരം എല്ലിൽക്കുത്തുന്ന സംഭവങ്ങൾ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്.പക്ഷേ അവിടെയൊരു സെമി സറ്റയറിന്റെ സ്വഭാവം സൂക്ഷിച്ചതാണ് ആശ്വാസം.

അമ്മക്ക് കീമോയെടുക്കാൻവന്ന നായകനും അച്ഛന് കീമോയെടുക്കാൻ വന്ന നായികയും തമ്മിലുള്ള പ്രണയം ക്‌ളീഷേയാണെങ്കിലും അമിതമായ പൈങ്കിളിവത്ക്കരണവും ഇവിടെ സംവിധകയകൻ നടത്തുന്നില്ല.പക്ഷേ പുതിയകാലത്തെ സംവിധായകർക്കും ഇത്തരം ക്‌ളീഷേകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്നില്‌ളെന്നത് കഷ്ടമാണ്.

മറ്റൊരു പോരായ്മയായി തോന്നിയത്, നേരത്തെ തന്നെ കഥാപാത്രങ്ങളുടെ സ്വഭാവം പരിചയപ്പെടുത്തിയതിനാൽ ആവണം, ചിലയിടത്തൊക്കെ അഭിനേതാക്കൾ തളച്ചിടപ്പെട്ടപോലെ തോന്നി. ഉദാഹരമായി ലാലിന്റെ ഗൃഹനാഥൻ, തുടക്കത്തിൽ പരിചയപ്പെടുത്തുന്നതുപോലെ സദാ അസ്വസ്ഥനും നിസ്സാരകാര്യങ്ങൾക്ക് ടെൻഷനടിക്കുന്നവനുമാണ്. നിവിൻപോളിയാവട്ടെ ലെയ്‌സിനോട് അമിതമായ ആസക്തിയും ഉത്തരവാദിത്വങ്ങളോട് വിരക്തിയുമുള്ള ചെറുപ്പക്കാരനും.അയാളുടെ അളിയനാട്ടെ പിശുക്കനും സ്വാർഥനും. ഈ ടാഗിൽ തന്നെയാണ് കഥാപാത്രങ്ങൾ സിനിമയിൽ മൊത്തം പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ സീനിലും ഇവർ എങ്ങനെ പ്രതികരിക്കുമെന്ന് പ്രേക്ഷകർക്ക് ഏതാണ്ട് ഊഹിക്കാൻ കഴിയുന്നുണ്ട്.ഇത് കഥാപാത്ര വൈവിധ്യം നഷ്ടപ്പെടുത്തുന്നുവെന്ന് മാത്രമല്ല യഥാർഥ മനുഷ്യജീവിതത്തോടുള്ള പുറം തിരിഞ്ഞു നിൽക്കലുകൂടിയാണ്.സാഹചര്യങ്ങളെയും സാമൂഹിക സമ്മർദങ്ങളെയും അനുസരിച്ച് മാറാൻ കഴിവുള്ളവനാണെല്ലോ മനുഷ്യൻ.



വാൽക്കഷ്ണം: ഓണച്ചിത്രങ്ങളിൽ ഏറ്റവും മികച്ച എന്റർടെയിനർ ഏതാണെന്നതിനെ കുറിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുയാണെല്ലേ. ഈ ലേഖകൻ പ്രിഥ്വീരാജിന്റെ ആദം ജോണിനൊപ്പമാണ്. മികച്ച കലാമൂല്യമുള്ള ചിത്രമേതെന്ന് ചോദിച്ചാൽ ഞണ്ടുകൾ എന്നു പറയാം. അതുതന്നെയാണ് അൽത്താഫ് എന്ന സംവിധായകന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരവും.