- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലച്ചോറുള്ള സ്ത്രീകൾ: മലയാളിപ്പെണ്ണിന്റെ സൈബർജീവിതങ്ങൾ
'എനിക്കുമുണ്ടായിരുന്നു, സ്വപ്നങ്ങൾ' എന്ന്, തന്റെ മുഴുവൻ സ്വപ്നങ്ങളും തകർന്നേപോകുന്ന കുടുംബത്തിന്റെ ദ്രവിച്ച അകത്തളത്തിലിരുന്ന് 'പാഥേർ പാഞ്ചലി'യിൽ ഹരിഹറിന്റെ ഭാര്യയും ദുർഗയുടെയും അപുവിന്റെയും അമ്മയുമായ സർബജയ പറയുന്ന ഒരു സന്ദർഭമുണ്ട്. ഭിന്നങ്ങളായ സാഹചര്യങ്ങളിൽ ഇതേ പ്രസ്താവം ആവർത്തിക്കുന്നവരാണ് സാഹിത്യത്തിലും സിനിമയിലുമൊക്കെ നാം കണ്ടുമുട്ടുന്ന സ്ത്രീകഥാപാത്രങ്ങൾ മിക്കവരും. 'അന്ന' മുതൽ 'ചാരുലത' വരെ ഉദാഹരണങ്ങൾ നിരവധി. ജീവിതത്തിലും സ്ഥിതി മറ്റൊന്നല്ലല്ലോ. നിലനിൽക്കുന്ന സാമൂഹ്യക്രമത്തിലും കുടുംബവ്യവസ്ഥയിലും ജീവിതാനുഭവങ്ങളിലും തങ്ങൾക്കു നഷ്ടമാകുന്ന സ്വപ്നനീഡങ്ങൾ കണ്ടു കണ്ണീരൊഴുക്കുന്നവരാണിവർ. തന്റെ ജീവിതം കൊണ്ട് മറ്റുള്ളവർക്കു പല പ്രയോജനങ്ങളുമുണ്ടെങ്കിലും തനിക്കായൊരു ജീവിതം ബാക്കികിട്ടിയില്ല എന്നു തിരിച്ചറിയുന്നവർ. മരണംവരെ ഒരു സ്ത്രീയും സംതൃപ്തയല്ല എന്നു മനസ്സിലാക്കുന്നവർ. അടുക്കളയിൽനിന്ന് അരങ്ങത്തേക്കു വരികയെന്നത് ഒരു വൈയക്തികാനുഭവമല്ല, ചരിത്രപ്രക്രിയയാണ് എന്നു വിശ്വസിക്കുന്നവർ. ബുദ്ധിയും വികാര
'എനിക്കുമുണ്ടായിരുന്നു, സ്വപ്നങ്ങൾ' എന്ന്, തന്റെ മുഴുവൻ സ്വപ്നങ്ങളും തകർന്നേപോകുന്ന കുടുംബത്തിന്റെ ദ്രവിച്ച അകത്തളത്തിലിരുന്ന് 'പാഥേർ പാഞ്ചലി'യിൽ ഹരിഹറിന്റെ ഭാര്യയും ദുർഗയുടെയും അപുവിന്റെയും അമ്മയുമായ സർബജയ പറയുന്ന ഒരു സന്ദർഭമുണ്ട്. ഭിന്നങ്ങളായ സാഹചര്യങ്ങളിൽ ഇതേ പ്രസ്താവം ആവർത്തിക്കുന്നവരാണ് സാഹിത്യത്തിലും സിനിമയിലുമൊക്കെ നാം കണ്ടുമുട്ടുന്ന സ്ത്രീകഥാപാത്രങ്ങൾ മിക്കവരും. 'അന്ന' മുതൽ 'ചാരുലത' വരെ ഉദാഹരണങ്ങൾ നിരവധി.
ജീവിതത്തിലും സ്ഥിതി മറ്റൊന്നല്ലല്ലോ. നിലനിൽക്കുന്ന സാമൂഹ്യക്രമത്തിലും കുടുംബവ്യവസ്ഥയിലും ജീവിതാനുഭവങ്ങളിലും തങ്ങൾക്കു നഷ്ടമാകുന്ന സ്വപ്നനീഡങ്ങൾ കണ്ടു കണ്ണീരൊഴുക്കുന്നവരാണിവർ. തന്റെ ജീവിതം കൊണ്ട് മറ്റുള്ളവർക്കു പല പ്രയോജനങ്ങളുമുണ്ടെങ്കിലും തനിക്കായൊരു ജീവിതം ബാക്കികിട്ടിയില്ല എന്നു തിരിച്ചറിയുന്നവർ. മരണംവരെ ഒരു സ്ത്രീയും സംതൃപ്തയല്ല എന്നു മനസ്സിലാക്കുന്നവർ. അടുക്കളയിൽനിന്ന് അരങ്ങത്തേക്കു വരികയെന്നത് ഒരു വൈയക്തികാനുഭവമല്ല, ചരിത്രപ്രക്രിയയാണ് എന്നു വിശ്വസിക്കുന്നവർ. ബുദ്ധിയും വികാരങ്ങളും പ്രജ്ഞയും ഭാവനയുമുള്ള മനുഷ്യവ്യക്തിയെന്ന നിലയിൽ, ചിറകടിച്ചുപറക്കാൻ കൊതിക്കുന്ന കിളികളെപ്പോലെ ആകാശം കൊതിച്ചവർ. ശരീരത്തിനുള്ളിൽ ശ്വാസം മുട്ടിമരിച്ച ആത്മാവുമായി ജീവിക്കുന്നവർ. സാഹിത്യത്തിലും കലയിലും മാത്രമല്ല യഥാർഥജീവിതത്തിലും ഇതൊക്കെത്തന്നെയാണ് സ്ത്രീയുടെ അവസ്ഥ, എക്കാലത്തും എവിടെയും. വൈകാരികവും വൈചാരികവുമായി നേരിടുന്ന ഇത്തരം അനുഭവസന്ധികളെ തുറന്നാവിഷ്‌ക്കരിക്കുന്ന പെണ്ണെഴുത്തുകളുടെ ഒരു സൈബർപാഠമാണ് 'ഞങ്ങളുടെ അടുക്കളപ്പുസ്തകം'. അടുക്കളയ്ക്കും അരങ്ങിനുമിടയിൽ സ്തംഭിച്ചുപോകുന്ന സ്ത്രീജീവിതങ്ങളുടെ അനുഭവപാഠങ്ങൾ.
2016ലെ വനിതാദിനത്തിൽ സുനിതാദേവദാസ് ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്ത തന്റെ ദിനചര്യ സൃഷ്ടിച്ച ചർച്ചയിൽനിന്നു രൂപംകൊണ്ടതാണ് 'From the Table Top' എന്ന മലയാളിസ്ത്രീകളുടെ സൈബർ കൂട്ടായ്മ. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ഈ കൂട്ടായ്മയിലെ അംഗങ്ങളിൽ ചിലർ എഴുതിയ ആത്മകഥനങ്ങൾ സമാഹരിച്ച് 2017ലെ വനിതാദിനത്തിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതാണ് ഞങ്ങളുടെ അടുക്കളപ്പുസ്തകം. മുൻപ് ഒരക്ഷരംപോലും എഴുതി പ്രസിദ്ധീകരിക്കാത്തവരാണ് ഇവരിൽ മിക്കവരും. കടലാസ് ഒരിക്കലും നൽകാത്ത ആത്മാവിഷ്‌ക്കാരത്തിന്റെ സാധ്യത നൽകി സൈബർമാധ്യമം ഈ സ്ത്രീകളെ തങ്ങളുടെ സ്വപ്നത്തകർച്ചകളുടെ ഭൂത-വർത്തമാനങ്ങളിലേക്കു കൈപിടിച്ചുനടത്തുന്നു. എത്രയും വൈവിധ്യമുള്ള സ്ത്രീജീവിതത്തിന്റെ സമകാല മലയാളമുഖങ്ങൾ അനാവരണം ചെയ്യുന്ന ഒരു സാമൂഹിക ആത്മകഥയായി മാറുന്നു, അതുവഴി ഈ പുസ്തകം.
രണ്ടുപശ്ചാത്തലങ്ങൾ മുൻനിർത്തിവേണം ഈ പുസ്തകത്തെയും ഇതിലെ കുറിപ്പുകളെയും വിലയിരുത്താൻ. ഒന്ന്, സൈബർ മാധ്യമം നൽകുന്ന അപൂർവമായ ആവിഷ്‌ക്കാരസാധ്യതകളുടേതാണ്. 'തലച്ചോറില്ലാത്ത സ്ത്രീകൾ' എന്ന കഥയിലൂടെ എം. സരസ്വതിഭായി 1911ൽ തുടക്കമിട്ട മലയാളിസ്ത്രീയുടെ ആത്മാവിഷ്‌ക്കാരസാധ്യതകൾ വൈകാരികമെന്നതിനെക്കാൾ വൈചാരികമായിരുന്നു. ശ്രദ്ധിച്ചാലറിയാം, സ്ത്രീകൾ തങ്ങളെക്കുറിച്ചു നടത്തുന്ന എഴുത്തുകൾ എക്കാലത്തും അങ്ങനെയാണ്. പുരുഷനാണ് സ്ത്രീയെ വികാരജീവിതത്തിൽ മാത്രം തടഞ്ഞുനിർത്തുന്നതും തളച്ചിടുന്നതും. സ്വന്തം തലച്ചോറും ഹൃദയവും രണ്ടല്ല എന്നു സ്ത്രീകൾക്കറിയാം; പുരുഷനറിയില്ല. അതുകൊണ്ടാണ് മികച്ച പെണ്ണെഴുത്തുകൾ ഒരിക്കലും ശരീരത്തെയും ആത്മാവിനെയും അതിരിട്ടുനിർത്താത്തത്. സരസ്വതിയമ്മയും ലളിതാംബികയും ബാലാമണിയമ്മയും മേരിബനീഞ്ഞയും മാധവിക്കുട്ടിയും റോസിതോമസുമൊക്കെ സൃഷ്ടിച്ച ഈയൊരു വിചാരവിപ്ലവത്തിന്റെ ഇങ്ങേത്തലയ്ക്കലാണ് 1990കളിൽ മലയാളത്തിൽ സ്ത്രീവാദസിദ്ധാന്തങ്ങളുടെ ചുവടുപിടിച്ച് എഴുത്തിൽ ഒരു 'പെമ്പിളൈ ഒരുമ' തന്നെ രൂപപ്പെട്ടത്. കാൽനൂറ്റാണ്ടുപിന്നിടുമ്പോൾ മലയാളിസ്ത്രീയുടെ ആത്മാവിഷ്‌ക്കാരങ്ങൾക്ക് സൈബർ-സാമൂഹ്യ മാധ്യമങ്ങളുടെ പുതിയ ആകാശവും പുതിയ ഭൂമിയും തുറന്നുകിട്ടിയിരിക്കുന്നു.
രണ്ടാമത്തെ പശ്ചാത്തലം കഴിഞ്ഞ കാൽനൂറ്റാണ്ടിൽ മലയാളിസ്ത്രീ കണ്ടെത്തിയ ആത്മാവിഷ്‌ക്കാരത്തിന്റെ പുതിയ രീതിശാസ്ത്രമാണ്. നിശ്ചയമായും മേല്പറഞ്ഞ എഴുത്തുകാരികളെല്ലാംതന്നെ തങ്ങളുടെ രചനകളിൽ വ്യക്ത്യനുഭവങ്ങളുടെ കത്തുന്ന യാഥാർഥ്യങ്ങൾ കൂട്ടിയിണക്കിയവരാണ്. എന്നുവച്ചാൽ എഴുത്തും ജീവിതവും അവർക്കു രണ്ടായിരുന്നില്ല എന്നർഥം. ഭാവനയുടെ സൗന്ദര്യാത്മകമണ്ഡലങ്ങളെക്കാൾ ജീവിതത്തിന്റെ യഥാതഥ ഭൂമികകളായിരുന്നു അവരുടെ മേച്ചിൽപ്പുറം. ആ പാരമ്പര്യത്തെ രാഷ്ട്രീയമായി പരിണമിപ്പിച്ചുകൊണ്ട് അന്നുവരെ സാംസ്‌കാരികമണ്ഡലത്തിന്റെ പുറമ്പോക്കിൽപോലും പ്രവേശനം കിട്ടാതിരുന്ന സാമൂഹ്യവിഭാഗങ്ങളിൽപെട്ട സ്ത്രീകൾ എഴുത്തിലേക്കു കടന്നുവന്നു. ഒപ്പം, സ്ത്രീ സ്വന്തം ജീവിതമാവിഷ്‌ക്കരിക്കുമ്പോൾ സദാചാരത്തിന്റെയോ സാമൂഹ്യമര്യാദയുടെയോ പുരുഷനിർമ്മിത സെൻസറിങ് വേണ്ട എന്നു തീരുമാനവും നടപ്പായിത്തുടങ്ങി. നാളതുവരെ പൊതുസമൂഹം പുച്ഛിച്ചും നിന്ദിച്ചും പുലഭ്യം പറഞ്ഞും പുറത്തുനിർത്തിയിരുന്ന പെണ്ണനുഭവങ്ങളുടെ പൊള്ളിക്കുന്ന കുത്തൊഴുക്കായി മാറി, പിന്നീടിങ്ങോട്ട് മലയാളത്തിലുണ്ടായ പെണ്ണെഴുത്തുകളിൽ വലിയൊരു വിഭാഗം. അതുകൊണ്ടുതന്നെ ആൺകോയ്മാസമൂഹം അസാന്മാർഗികമെന്നു കുറ്റപ്പെടുത്തുകയും അതികാല്പനികം എന്നു മുദ്രകുത്തുകയും ചെയ്തവയാണ് ഇവയിൽ പലതും. പക്ഷെ തുറന്നുപറച്ചിലിന്റെ ആർജ്ജവം കൊണ്ടും ധീരതകൊണ്ടും അവ സ്വയം രാഷ്ട്രീയപ്രഖ്യാപനങ്ങളായി മാറുകതന്നെ ചെയ്തു.
മാധ്യമത്തിന്റെയും രീതിശാസ്ത്രത്തിന്റെയും ഈ ദ്വിമുഖസാംസ്‌കാരികവ്യതിയാനം സമർഥമായുപയോഗപ്പെടുത്തുന്നു, 'ഞങ്ങളുടെ അടുക്കളപ്പുസ്തകം'. ഈ കൂട്ടായ്മക്കു നിമിത്തമായ സുനിതയുടെ ഫേസ്‌ബുക്ക് പോസ്റ്റാണ് ആദ്യരചന. 'വനിതാദിന'ത്തിന്റെ വൈരുധ്യം വെളിപ്പെടുത്തുന്ന അതീവ ശ്രദ്ധേയമായൊരു അനുഭവക്കുറിച്ച്. മലയാളിസ്ത്രീകൾ ലോകത്തെവിടെയായിരുന്നാലും (സുനിത തന്നെയും കാനഡയിലാണ്) കടന്നുപോകുന്ന ദൈനംദിന ജീവിതചര്യകളുടെ മടുപ്പിക്കുന്ന തനിയാവർത്തനങ്ങൾ. മുൻകാലങ്ങളിൽ അടുപ്പിനുചുറ്റും എരിഞ്ഞും കരിഞ്ഞും പുകഞ്ഞും തീർന്നിരുന്ന പെൺദിനങ്ങൾ ഇന്നിപ്പോൾ ഒരു വിഭാഗത്തിനെങ്കിലും യന്ത്രങ്ങൾക്കിടയിലായിട്ടുണ്ടെന്ന വ്യത്യാസമേയുള്ളു. കൂട്ടുകുടുംബത്തിന്റെ താങ്ങും തണലുമില്ല. അണുകുടുംബത്തിലാകട്ടെ, ഒറ്റയാൾ പടയാളിയെപ്പോലെ പണിയെടുത്തു തളരേണ്ടിയും വരുന്നു. സുനിത എഴുതുന്നു:
'രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റു. ആദ്യം ബ്രേക്ക് ഫാസ്റ്റ്... പിന്നെ ഉച്ചക്ക് കഴിക്കാനുള്ള ചോറ്... അതിനു വേണ്ട കറി, ഉപ്പേരി... അപ്പുവിന് അതോടൊപ്പം കഴിക്കാൻ മുട്ട പൊരിച്ചതുകൂടി ഉണ്ടാക്കി. പിന്നെ ഭർത്താവിനു ഉച്ചക്കു കഴിക്കാനുള്ളതു ഉണ്ടാക്കി പാത്രത്തിലാക്കി. ചായ ഉണ്ടാക്കി. അമ്മുവിനു ദോശ ഇഷ്ടമല്ല. അവൾക്കായി നേന്ത്രപ്പഴം പുഴുങ്ങി. അവർക്ക് ഉച്ചക്കു കഴിക്കാൻ ന്യൂഡിൽസ്.
ചുരുക്കി പറഞ്ഞാൽ രണ്ടു മക്കൾക്കും ഭർത്താവിനും കഴിക്കാനുള്ളതും കൊണ്ടുപോവാനുള്ളതും ഉണ്ടാക്കി. കുറേ പൊതിഞ്ഞുകെട്ടി. ഞാനൊഴികെയുള്ളവർ അവരവർക്കു പോവാനുള്ള സമയം കണക്കാക്കി എഴുന്നേറ്റു വന്നു. കുളിച്ചു. കഴിച്ചു. പോയി. ഞാനും കുളിച്ചു. കഴിച്ചു. നേരം വൈകിയതു കൊണ്ട് പാഞ്ഞു പോയി. അവിടെ പോയി ആറു മണിക്കൂർ പിന്നേയും ശാരീരികമായും ബുദ്ധിപരമായും അദ്ധ്വാനിച്ചു. തിരിച്ചുവന്നു. അമ്മുവിനെ സ്‌കൂളിൽ നിന്നും വിളിച്ചു. അവർക്ക് ചോറു കൊടുത്തു. അതിനായി മീൻവറുത്തു. അപ്പുവിന് സ്‌കൂൾ വിട്ടു വരുമ്പോൾ കുടിക്കാൻ ജ്യൂസ് അടിച്ചു. പിന്നെ അവനു കഴിക്കാൻ ദോശ ഉണ്ടാക്കി. ചായയും. ഇത്രയും സാധനങ്ങൾ ഉണ്ടാക്കിയ മുഴുവൻ പാത്രവും കഴുകി. അതിനിടക്ക് ധാരാളം 'ഹാപ്പി വിമൻസ് ഡേ' മെസേജുകൾ വരുന്നുണ്ടായിരുന്നു. ഓരോ മെസേജും കാണുമ്പോൾ കലി വന്നു. ഒരു സ്റ്റാറ്റസ് ആയി തന്നെ എന്റെ ഇന്നത്തെ ദിവസം രേഖപ്പെടുത്താൻ തീരുമാനിച്ചു.
ഇതാണ് എന്റെ ഒരു ദിനം. ഇപ്പോൾ പറഞ്ഞ ജോലികൾക്കു പുറമെ അടിച്ചുവാരൽ, തുടക്കൽ, അലക്കൽ, തുണി മടക്കൽ, കുട്ടികൾ വലിച്ചു വാരിയിട്ട സാധനങ്ങൾ അടുക്കി പെറുക്കൽ, ബാത്ത്‌റൂം കഴുകൽ, അത്യാവശ്യം സാധനങ്ങൾ വാങ്ങൽ എന്നിവയും ചെയ്യുന്നു. കഴിഞ്ഞ കുറേ കാലമായി ഇതാണ് എന്റെ ജീവിതം. എന്റെ മാത്രമല്ല എനിക്കു പരിചയമുള്ള ഒരുപാടു സ്ത്രീകളുടെ ജീവിതം ഇതാണ്.'
തുടർന്നങ്ങോട്ടുള്ള നാൽപ്പതിലധികം സ്ത്രീകളിൽ ഓരോരുത്തർക്കും ഓരോ ജീവിതമാണ്. മറ്റൊരർഥത്തിൽ ഒരൊറ്റ ജീവിതവും. അഭ്യസ്തവിദ്യരും മധ്യവർഗത്തിൽ പെട്ടവരും പ്രൊഫഷണലുകളും പട്ടണ, നഗരവാസികളുമാണ് മിക്കവരും. ഡോക്ടർമാർ, നഴ്‌സുമാർ, അദ്ധ്യാപകർ, അഭിഭാഷകർ, ഓഫീസ് ജീവനക്കാർ, സാമൂഹ്യപ്രവർത്തകർ, വീട്ടമ്മമാർ.... എന്നിങ്ങനെ നാനാതരം തൊഴിൽ-ജീവിതമേഖലകളിൽ മുഴുകിനിൽക്കുമ്പോഴും സ്ത്രീയുടെ കാമനാവേരുകൾ ഏതാണ്ടൊരേപോലെതന്നെ പടർന്നിറങ്ങുന്ന ശാദ്വലഭൂമികളെക്കുറിച്ചുള്ള ഗൃഹാതുരതകൾ അവരെ ഒന്നിപ്പിക്കുന്നു. ബഹുഭൂരിപക്ഷം രചനകളും അനുഭവക്കുറിപ്പുകളാണ്. ചുരുക്കം ചിലത് ലേഖനങ്ങൾ. മറ്റുചിലത് കഥയോ കവിതയോ ആയി ഭാവനചെയ്യപ്പെടുന്നവ. ഒന്നൊഴിയാതെ ഓരോന്നും പെണ്ണെഴുത്തിന്റെ രാഷ്ട്രീയ-കാവ്യകല കയ്യെത്തിപ്പിടിക്കാൻ ശ്രമിക്കുന്നവ. 1990കളിൽ എഴുതിത്ത്ത്ത്ത്തുടങ്ങിയ മലയാളത്തിലെ കഥാകാരികൾക്ക് കാമ്പിലും കരുത്തിലും കാമനാഭൂപടനിർമ്മാണത്തിലും മാധവിക്കുട്ടി എങ്ങനെ പ്രചോദനമായോ, അതുപോലെ ഈ പുസ്തകത്തിലെ പല രചനകൾക്കും പ്രചോദനം ദീപാനിശാന്താണ്. ആഖ്യാനത്തിൽനിന്ന് ആദർശാത്മകതയും ആത്മപ്രതിഷ്ഠയും ഒന്നിച്ചൊഴിവാക്കി, മാധവിക്കുട്ടിയെങ്കിൽ അതുരണ്ടും സൈബർ എഴുത്തുകാരികൾ തിരികെ കൊണ്ടുവന്നു. സൈബർമലയാളത്തിന്റെ മാധവിക്കുട്ടിയാണല്ലോ ദീപാനിശാന്ത്. ആത്മാനുഭവങ്ങളെ സ്‌ത്രൈണവൽക്കരിച്ചും സൗന്ദര്യവൽക്കരിച്ചും രാഷ്ട്രീയവൽക്കരിച്ചും സൃഷ്ടിക്കുന്ന സാമൂഹ്യവിശകലനത്തിന്റെയും വിമർശനത്തിന്റെയും തലത്തിൽ ഈ പുസ്തകത്തിലെ ശ്രദ്ധേയമായ പല രചനകളുടെയും പ്രചോദനം ദീപയുടെ സാമൂഹ്യമാധ്യമരചനകളാണെന്ന് വ്യക്തം.
തീപ്പൊള്ളൽപോലെ ജീവിതം മുഴുവൻ നീറ്റിക്കൊണ്ടേയിരിക്കുന്ന ബാല്യത്തിലെ ലൈംഗികാതിക്രമങ്ങളുടെ ദുഃസ്വപ്നങ്ങളാണ് ഷൈനിപ്രശാന്തി, കവിതാരമേശ്, ആർഷ അഭിലാഷ് തുടങ്ങിയവരുടെ എഴുത്തുകൾ. വീട്ടിലും പുറത്തും പെൺകുഞ്ഞുങ്ങളനുഭവിക്കുന്ന കൊടിയ കയ്യേറ്റങ്ങൾ ആത്മാവിനോളം ആഴ്ന്നുചെല്ലുന്ന നഖങ്ങൾ സൃഷ്ടിച്ച മുറിപ്പാടുകളായി അവരെ ആമരണം നോവിക്കുന്നതിന്റെ സ്മൃതികൾ. ആതിരാ സൂരജിന്റെ രചനയാകട്ടെ, സംഘടിതരാഷ്ട്രീയക്കാർ വേട്ടയാടിയ ഒരൊറ്റപ്പെണ്ണിന്റെ കഥയും.
ജീവിതം സഹനമാണ് എന്നടിവരയിട്ടു തെളിയിക്കുന്ന, സ്ത്രീക്കുമാത്രം അനുഭവിക്കാനും ആവിഷ്‌ക്കരിക്കാനും കഴിയുന്ന നരവിധികളെക്കുറിച്ചാണ് നിഷ ഉനൈസും ജന്നി മാധവനും ആതിര ഇ.വി.യും ഷീല ആന്റണിയും ജൂലി ഡെൻസിലും എഴുതുന്നത്. 'പ്രസവവേദന'യുടെ ആനന്ദത്തെക്കുറിച്ചു സമൂഹം നിർമ്മിച്ചുവച്ചിട്ടുള്ള മുഴുവൻ ആദർശാത്മക മിത്തുകളും തച്ചുടയ്ക്കുന്ന, പ്രാണൻ പറിഞ്ഞുപോകുന്ന നോവിന്റെ ഭാവഗീതങ്ങളാണ് ഷംമ്‌ന ആസ്മി, സുറുമി സൽമാൻ, മീരാ ജോർജ് എന്നിവരുടെ രചനകൾ. മീര, പ്രസവശുശ്രൂഷയുടെ കടുത്ത മനുഷ്യവിരുദ്ധതകളിലേക്കുതന്നെ വിരൽചൂണ്ടുന്നു. നോക്കുക:
'എന്തുകൊണ്ട് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നില്ല? ഉത്തരം അർഹിക്കാത്ത ചോദ്യങ്ങളാണോ ഒരു ഗർഭിണിക്കുള്ളിൽ മുളയ്ക്കുന്നത്? പരിഹസിക്കപ്പെടേണ്ടവ? എന്തുകൊണ്ടാണ് ശരീരത്തിൽ ഇത്രയും കൈകടത്തലുകൾ? അതും അനാവശ്യമായവ? അസുഖകരമായവ? എന്തുകൊണ്ടാണ് അസഹ്യമായ വേദനയിൽ ഒരാളെ ശകാരിക്കുന്നത്? ഒന്ന് പ്രോത്സാഹിപ്പിച്ചാൽ പ്രസവം കുറച്ചുകൂടെ സന്തോഷകരമാവില്ലേ? നീ ഒരു ജീവനെ ഭൂമിയിലേക്ക് കൊണ്ട് വരികയാണെന്ന് അവളെ ഓർമ്മിപ്പിച്ചു കൂടെ? ഞങ്ങൾ നിനക്കൊപ്പമുണ്ടെന്നു പറഞ്ഞു കൂടെ? ഞാൻ ഒറ്റയ്‌ക്കേ ഉള്ളൂ എന്ന ഒരു ഫീലിങ്, ഒരു ഭയം, അതായിരുന്നു എനിക്ക്. ഒരുപാട് വേദനകൾ... മനസ്സിനും ശരീരത്തിനും...
നാച്ചുറൽ birthing ഒരുപാടാളുകൾ സ്വീകരിക്കുന്നുണ്ട് ഇപ്പോൾ. ഹോസ്പിറ്റലുകളിലെ സുഖപ്രസവക്കാരോടുള്ള കാടൻ രീതികൾ ഓർക്കുമ്പോൾ ശരിയാണ് ഹോം birthing പോരേ എന്നു തോന്നും. അതിന്റെ റിസ്‌ക് factors ഇനിയും ബോധ്യമാകാൻ ഉണ്ടെങ്കിൽകൂടിയും. എങ്കിലും ഒരു birthing സെന്ററിന്റെ പേജിൽ അനുഭവസ്ഥരുടെ വിവരണങ്ങൾ വായിച്ചപ്പോൾ തോന്നിയത് ബഹുമാനമാണ്. ഒന്ന്, ഇൻഫോംഡ് രീിലെി.േ അവർ ചെയ്യുന്ന ഓരോ കാര്യവും പറയുന്നു. രണ്ട്, exercise, workout. മൂന്ന്, internal ചെക്കിങ് ഒന്നോ രണ്ടോ മാത്രം. പഴയകാല വയറ്റാട്ടികൾപോലെ... നാല് ഏറ്റവും പ്രധാനവും (മൂന്നാമത്തേതും പ്രധാനമാണ്) ആയ പോയിന്റ്. They cheer you up. മസ്സാജ് ചെയുക, പ്രോത്സാഹിപ്പിക്കുക, you can do it എന്ന് ധൈര്യം തരിക. അത്രയും പ്രിയപ്പെട്ടതല്ലാത്ത ഗൈനക്കോളജിസ്റ്റുകളെ, നഴ്‌സുമാരെ, ഇത്തിരി കൂടെ സ്‌നേഹവും ദയയും സുഖപ്രസവക്കാരോട് കാണിച്ചാൽ നിങ്ങൾക്ക് എല്ലാർക്കുംതന്നെയല്ലേ ഗുണം? നിങ്ങൾ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ജീവൻ രക്ഷിക്കാൻ ചെയ്യുന്ന സേവനങ്ങൾ വിസ്മരിക്കുന്നില്ല. എങ്കിലും, പ്രസവം കൂടുതൽ സന്തോഷപ്രദമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി തോന്നുന്നു'.
രോഗത്തിന്റെ കൊടിയ യാതനകൾക്കിടയിലും മനുഷ്യത്വം കൈവിടാത്ത ചില ജീവിതസന്ദർഭങ്ങളെക്കുറിച്ചാണ് ആൻസി മോഹനും സ്റ്റെഫിമാത്യുവും എഴുതുന്നത്. സ്ത്രീ അനുഭവിക്കുന്ന സാമൂഹ്യപ്രതിസന്ധികളുടെ നിയമപരവും ധാർമികവും സ്ഥാപനപരവും വ്യവസ്ഥാപരവുമായ വിശകലനമായി മാറുന്നു, ജന്നി മാധവന്റെയും ജിസാ ജോസിന്റെയും രചനകൾ. സ്ത്രീകൾ സ്വപ്നം കാണുന്ന സ്വാതന്ത്ര്യത്തിന്റെ നീലാകാശങ്ങളെയും പച്ചക്കടലിനെയും കുറിച്ചാണ് ദീപ എൻ.പി.യും നവ്യാരാജുമൊക്കെ എഴുതുന്നത്. പ്രവാസികളായ സ്ത്രീകളുടെ സവിശേഷാനുഭവങ്ങൾ പങ്കുവയ്ക്കുന്നു, സുനിതാദേവദാസിനൊപ്പം സന്ധ്യാജയകുമാറും മഹിതാഭാസ്‌കരനും.
നഷ്ടപ്രണയത്തിന്റെ ദുഃഖങ്ങളും ഇഷ്ടദാമ്പത്യത്തിന്റെ ആനന്ദങ്ങളും ഹൃദ്യമായി ആവിഷ്‌ക്കരിക്കുന്നു, മായാരമേഷ്, അനുപമ ജി.കെ, അനീഷിയ ജയദേവ്, അമല ഷഫീക്ക് തുടങ്ങിയവരുടെ എഴുത്തുകൾ. സ്വപ്നംപോലെ തരളമായ രചനകൾ. തിരക്കുകൾകൊണ്ടു പൊറുതിമുട്ടി യന്ത്രതുല്യമായിപ്പോകുന്ന ദൈനംദിനജീവിതത്തിന്റെ കറുപ്പും വെളുപ്പും മാത്രമുള്ള രാപ്പകലുകളെക്കുറിച്ചാണ് സുനിതാഹരികുമാർ, കൃഷ്ണാനമ്പ്യാർ, സൂനജ അജിത്, ജ്യോതിലക്ഷ്മി, സജിന, കവിത, ശ്രീജ, സുമി ആന്റണി, സന്ധ്യ എൻ.ബി. എന്നിവരുടെ കുറിപ്പുകൾ.
ഇനിയുള്ള രണ്ടു വിഭാഗം രചനകളാണ് ഈ പുസ്തകത്തിലെ ഏറ്റവും തീഷ്ണമായ എഴുത്തനുഭവവും വായനാനുഭവവുമായി മാറുന്നത്. ഒന്ന്, ജീവിതാനന്ദങ്ങളുടെയും ഗൃഹാതുരതയുടെയും നിറപൂത്തിരിപോലുള്ള ബാല്യങ്ങളിലേക്കു മടങ്ങിപ്പോകുന്ന ഒരുപറ്റം സ്ത്രീകളുടെ ആത്മാവിഷ്‌ക്കാരങ്ങളാണ്. ചിലപ്പോൾ ഒരു സ്ഥലമാകാം, വീടാകാം, കാറ്റോ മഴയോ പോലുള്ള ഒരനുഭൂതിയാകാം. ബിന്ദു മനോജും സന്ധ്യറാമും പൊന്നമ്പിളിശാരദാവിശ്വനാഥും നിജു ആൻ ഫിലിപ്പും ആർഷ അഭിലാഷുമൊക്കെ എഴുതുന്ന കാവ്യാത്മകമായ സ്മൃതിചിത്രങ്ങളാണിവ. ചിലതുനോക്കുക:
'മുറ്റത്തെ നാട്ടുമാവും പേരയും ചാമ്പയും ലൗലോലിക്കയും മൈലാഞ്ചിയുമെല്ലാം ഞങ്ങളുടെ ചിരിയിലും കളിയിലും കൂടെക്കൂടി. ഞായറാഴ്ച യിൽ പള്ളിയിൽ പോകാനായി ഒറ്റമുറിമുണ്ട് അടുക്കിട്ടു ഞൊറിഞ്ഞ് അരയിലേക്ക് വലിച്ചുകുത്തുമ്പോൾ കാഴ്ചക്കാരിയായിരുന്ന ഞാൻ ചോദിക്കും: 'അല്ല മറിയാമ്മച്ചി ഇതെങ്ങാനും ഇടയ്ക്ക് അഴിഞ്ഞ് പോയാലോ?' 'പിന്നേടീ മകളേ ഒടേതമ്പരാൻ വിചാരിച്ചാപ്പോലും ഇതഴിയുകേയില്ല. ആരും അഴിക്കേമില്ലെടീ'.
പിന്നെ കാൽപ്പെട്ടിയുടെ പുറത്തിരിക്കുന്ന കുട്ടിക്യൂറാ പൗഡർ ചട്ടയ്ക്കിടയിലൂടെ ഇരുകക്ഷത്തിലേക്കും കുടഞ്ഞിട്ട് നേര്യത് ഞൊറിഞ്ഞ്, സ്വർണ്ണനിറത്തിൽ മുത്തുപിടിപ്പിച്ച ചിത്രശലഭംപോലത്തെ പിന്ന് നേരെ നീട്ടി ഒരാജ്ഞയാണ് 'ഇതൊന്നു കുത്തിതാടീ'.
ഇടയ്ക്ക് ആ കുട്ടിക്യൂറാ പൗഡർ അല്പം എടുത്ത് ഞാൻ മുഖത്തിട്ട് പോയാൽ രണ്ടാഴ്ചത്തേക്ക് കുട്ടിക്യൂറാ ടിൻ കാൽപ്പെട്ടിക്കു പുറത്തുനിന്നും അകത്തേക്ക് അപ്രത്യക്ഷമാകും'.
************ ************** *************
'ഞങ്ങളുടെ വീടുകളിൽനിന്ന് തൊഴുത്തും പശുക്കളുമെല്ലാം അപ്രത്യക്ഷമായി. പാൽ കുറയുന്നതും പാൽവില കുറയുന്നതും മാത്രം അന്താരാഷ്ട്രപ്രശ്‌നങ്ങളായി കണ്ടിരുന്ന ഞങ്ങളുടെ അമ്മമാർ ഇന്ന് കൊച്ചുമകളുമായി മല്ലിട്ടുകൊണ്ട് 70-കളിലേക്ക് കടന്നിരിക്കുന്നു. കൊയ്യാറായി നില്ക്കുന്ന നെൽകതിരുകൾക്ക് മീതെ കുടിച്ച് ലക്കുകെട്ടു വീണ അയൽക്കാരനെ വലിച്ച് അടുത്ത കുളത്തിലിട്ടും, പറമ്പിൽ മേയാൻ കെട്ടിയിരുന്ന തന്റെ പശുവിനെ തരംകിട്ടുമ്പോൾ പീഡിപ്പിക്കാൻ ശ്രമിക്കുന്ന വയസ്സനെ തലയിൽ ചാണകം കലക്കിയൊഴിച്ചും ഞങ്ങൾക്കുമുൻപിൽ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും പാതകൾ തെളിച്ച മറിയമ്മച്ചിയും അച്ചാച്ചനും മക്കളുടെ നിർബന്ധത്തിനു വഴങ്ങി തൊടിയും പാടവും വിറ്റ് വർഷങ്ങൾക്കുമുമ്പ് പുഴയ്ക്ക് അക്കരയിലേക്ക് താമസം മാറ്റി. വാർദ്ധക്യത്തിന്റെ അവശതകളിലും വഴിയിലെപ്പോഴും കണ്ടുമുട്ടിയാൽ നരച്ച കൺപീലികൾ നനച്ച് ചോദിക്കുന്ന ഒരു ചോദ്യത്തിനു മുമ്പിൽ നേരിയ കുറ്റബോധത്തോടെ മറുപടിയില്ലാതെ എനിക്കു തലകുനിക്കേണ്ടി വരാറുണ്ട്: 'നീ ഞങ്ങളെ മറന്നല്ലോടീ'.
സ്ത്രീശാക്തീകരണവും തുല്യതയും ഫെമിനിസവും എല്ലാം ഞങ്ങൾ കണ്ടത് അവരിലൂടെയായിരുന്നു. പ്രതിസന്ധികൾ, പോരാട്ടങ്ങൾ, പൊരുത്തപ്പെടലുകൾ, പുരുഷന്റെ തോളിൽ നിൽക്കുന്നതല്ല തോളൊപ്പം നിൽക്കുന്നതാണ് യഥാർത്ഥ ഫെമിനിസം എന്ന് പറയാതെ പറഞ്ഞുതന്നവർ, കുടുംബഭദ്രതയുടെ കടിഞ്ഞാണിന്റെ ഒരറ്റത്ത് മുറുകെ പിടിച്ച് തുച്ഛവരുമാനക്കാരായ ഭർത്താക്കന്മാരോടൊപ്പം നിന്ന് ജീവിതത്തോട് പോരാടിയവർ! ഞങ്ങളുടെ ജീവിതത്തിനും അതിജീവനത്തിനും കരുത്തുപകർന്നവർ. നാളെ പശു ദൈവമായാലും പ്രതിഷ്ഠയായാലും ഞങ്ങൾ നേടിയ ബിരുദങ്ങൾക്കും വിജയങ്ങൾക്കുമൊക്കെ പിന്നിൽ പുല്ലു പറിച്ചും ചാണകം വാരിയും വരണ്ടുകീറി വിണ്ട കൈകൾ നീട്ടിയ നാണയത്തുട്ടുകളുടെ കൂടി കരുത്തുണ്ടായിരുന്നു.'
************ ************** *************
'അമ്മയുടെ ചെറിയ അമ്മാവൻ തമ്പിയച്ചൻ ഉണ്ട്. കുമരകത്ത്. അങ്ങേരുടെ ഒരു കെട്ടു ദിനേശ് ബീഡിയും എടുത്ത് കപ്പമാവിന്റെ മുകളിൽ ഉണ്ടാക്കിയ ഏറുമാടത്തിൽ ഞങ്ങൾ വലിഞ്ഞുകേറി. പൂവരശിന്റെ ഇല ചുരുട്ടി പീപ്പി ഉണ്ടാക്കി അതും ഊതി ബീഡിയും വലിച്ചു ചുമച്ചു കുരച്ചു ഞങ്ങൾ അങ്ങനെ രസിച്ചു. വായിൽക്കൂടി വലിച്ചു മൂക്കിൽക്കൂടി വിടുന്ന അത്ഭുതവിദ്യ കണ്ട്, ആഷുവിനോടുള്ള ബഹുമാനംകൊണ്ട് ഞാൻ, താഴെ ഇറങ്ങിയാലുടൻ അഞ്ചുമിനിറ്റ് എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണം എന്ന് മനസ്സിൽ കുറിച്ചിട്ടു. അപ്പോഴാണ് സോനുവിന്റെ വരവ്. ആഷുവിന്റെ അനിയൻ. ഭൂലോക പാര. കൂപമണ്ഡൂകം, നിർവിചാരസത്വം, നിസർഗദീപാളിത്തം. അങ്ങനെ ഏതാണ്ടൊക്കെയാണവൻ.
ഒരു പുക കൊടുത്തുവിട്ടാൽ തീരാവുന്ന കേസ് ആയിരുന്നു. അവനെ നീ പോഡെർക്കാ എന്നും പറഞ്ഞു ഞങ്ങൾ ആക്രമിച്ച് ഓടിച്ചു. അല്പസമയം കഴിഞ്ഞ് ഓടിവരുന്ന ജനക്കൂട്ടത്തെ കണ്ടു ഞങ്ങൾ പേടിച്ചു പോയി. ഏറുമാടത്തിനു തീപിടിച്ചെന്നു പറഞ്ഞ് സോനു കൂട്ടിക്കൊണ്ട് വരുന്നവരുടെ സംഘത്തിൽ അമ്മച്ചിയും തമ്പിയച്ചനും അങ്കിളും ഉണ്ടായിരുന്നു. അന്ന് കിട്ടിയ അടിയുടെ ചൂട്... ഹോ... എന്റെ സാറേ...
നമുക്ക് കൊതുമ്പുവള്ളത്തിലേറി അക്കരെ പോകാം, നീല മാങ്ങാ പൂളി ഉപ്പു മുക്കി തിന്നാം, ചീവീടിനെ ചിരട്ടയിൽ ഒളിപ്പിക്കാം, മിന്നാമിനുങ്ങിനെ തീപ്പെട്ടിയിൽ പൂട്ടാം, നമുക്ക് ഒളിച്ചു കളിക്കാം, കുഴിയാനയെ തോണ്ടി കൂട്ടിൽ നിന്നുമിറക്കാം, പാടവരമ്പത്തൂടെ ഓടിക്കളിക്കാം, കമ്പിളിനാരകത്തിൽ പൊത്തിപ്പിടിച്ചേറാം, കാറ്റിനു കൂട്ടു പോകാം, കായലോരത്തിരുന്നു കാലിട്ടിളക്കാം, കുണുങ്ങി ഒഴുകുന്ന തോട്ടിൽ തോർത്തിട്ടു മീനെ പിടിക്കാം, കൊത്തങ്കല്ലാടാം... നമുക്ക് നാട്ടിലേക്കൊന്നു മടങ്ങാം....'
ആത്മകഥയ്ക്കും കഥയ്ക്കുമിടയിൽ, സ്ത്രീത്വത്തിന്റെ നിസ്വവും നിരാലംബവുമായ ജീവിതനിയോഗങ്ങളെക്കുറിച്ചെഴുതുന്നു, നിഷ ഉനൈസും ജന്നി മാധവനും ആതിര ഇ.വി.യും നസ്രിനയും സൂനജ അജിത്തും. ചെറുപ്രായത്തിൽതന്നെ അമ്മയാകേണ്ടിവരുന്ന ഒരു നാടോടിപ്പെൺകുട്ടിയുടെ കഷ്ടാനുഭവങ്ങളെക്കുറിച്ചാണ് നിഷയുടെ ആഖ്യാനം. കണ്ണീർ വറ്റിച്ചെഴുതിയ വാക്കുകൾ. പടുവാർധക്യത്തിൽ നിവൃത്തികേടുകൊണ്ടുമാത്രം അയൽവക്കത്തെ കൗമാരക്കാരനെതിരെ ലൈംഗികപീഡനത്തിനു കേസ് കൊടുത്ത് സ്വന്തം മക്കൾക്കു മുന്നിൽപോലും അവഹേളിതയാകുന്ന ദമയന്തിയെന്ന സ്ത്രീയുടെ കഥയാണ് ജന്നി എഴുതുന്നത്. ഭർത്താവിന്റെയും പിന്നെ മകന്റെയും തെറിയും മർദ്ദനവും സഹിച്ച് ജീവിതത്തിൽതന്നെ സകല നരകങ്ങളുമനുഭവിക്കുന്ന ദേവച്ചേച്ചിയുടെ കഥയോർത്തെടുക്കുന്നു, ആതിര. കളിക്കൂട്ടുകാരിയുടെ കഷ്ടജന്മത്തിന്റെ കഥയെഴുതുന്നു, നസ്രിന. അവിവാഹിതരായ വയോധികസഹോദരിമാരിലൊരാൾ മരിച്ചു. ഭ്രാന്തുമൂലം അതറിയാതെ അവൾ രോഗിയാണെന്നു കരുതി അവളെ സംരക്ഷിക്കുകയും ചീഞ്ഞളിഞ്ഞ ജഡം നാട്ടുകാരെത്തി നീക്കം ചെയ്യുമ്പോൾ ബഹളം കൂട്ടുകയും ചെയ്യുന്ന കൂടപ്പിറപ്പിന്റെ ദുരന്തചിത്രം വരച്ചിടുന്നു, സൂനജ. ഈ പുസ്തകത്തിലെ ഏറ്റവും യഥാതഥവും ഭാവനാത്മകവുമായ രചന.
സ്വപ്നങ്ങൾ ജീവിതത്തിന്റെ രൂപകം തന്നെയായി മാറുന്നു, ഈ രചനകളിലെമ്പാടും. സ്വപ്നങ്ങൾ മാത്രമുള്ള ബാല്യത്തിൽനിന്ന് സ്വപ്നം കാണാൻപോലും കഴിയാത്ത ജീവിതാവസ്ഥകളിലേക്കു പരിണമിച്ചെത്തുന്ന സ്ത്രീജന്മങ്ങളുടെ നെടുനിശ്വാസങ്ങളാണ് പല കുറിപ്പുകളും. പേക്കിനാവുകൾ പോലുള്ള ഓർമകൾ. പകൽസ്വപ്നത്തിന്റെ പകിട്ടുമാത്രമുള്ള സ്വർഗങ്ങൾ. അവതാരികയിൽ ടി.എൻ. സീമ ചൂണ്ടിക്കാണിക്കുന്നതുപോലെ, ഈ രചനകളുടെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ഓരോ വാക്കിലും ഭാവത്തിലും അടങ്ങിയിട്ടുള്ള സത്യസന്ധതയും ആത്മാർത്ഥതയുമാണ്. ആരും വ്യവസ്ഥാപിതരായ എഴുത്തുകാരല്ല എന്നതിനാൽ തങ്ങൾ എന്തോ മഹാകാര്യം പറയുന്നു എന്ന ഒരു നാട്യവുമില്ല ഇവർക്കാർക്കും. സ്വന്തം ജീവിതത്തെ ഏതോ ഒരു ഘട്ടത്തിൽ ബാധിച്ച അനുഭവങ്ങൾ എത്ര ആഴത്തിലാണ് സ്ത്രീകൾ സൂക്ഷിച്ചുവെച്ചിരിക്കുന്നത്! അത് മറ്റുള്ളവരുമായി പങ്കുവെക്കുമ്പോഴും അനുഭവങ്ങളുടെ ആർദ്രത ഒട്ടും ചോർന്നുപോകാതെ ഭാഷയിലേക്ക് പകർത്താൻ കഴിയുന്നുണ്ട് ഇവർക്കെല്ലാംതന്നെ. ഇത് വീടിന്റെയോ അടക്കിപ്പിടിച്ച ചിന്തകളുടെയോ ചുവരുകൾക്കുള്ളിൽ ചുറ്റിത്തിരിയേണ്ട ശബ്ദങ്ങളല്ല.
കുടുംബം എന്ന തിരിക്കുറ്റിയിൽ മതത്തിന്റെയും ജാതിയുടെയും അതിലുപരി ലിംഗത്തിന്റെയും സദാചാരച്ചങ്ങലകൾകൊണ്ട് ആജീവനാന്തം കെട്ടിയിടപ്പെടുന്ന ബലിമൃഗങ്ങളാണ് ഈ സ്ത്രീകൾ. സ്വപ്നങ്ങളും സ്വാസ്ഥ്യങ്ങളും സ്വാതന്ത്ര്യങ്ങളും വിലക്കപ്പെടുന്നവർ. ഏതർഥത്തിലും നമ്മുടെകാലത്തെ ഒരു പകുതി മനുഷ്യരുടെ അടിസ്ഥാനജീവിതസന്ദേഹങ്ങൾ സൈബർമാധ്യമങ്ങളിലൂടെ ചിറകടിച്ചുയരുന്ന സന്ദർഭങ്ങളിൽ ചിലതിന്റെ സമാഹരണമെന്ന നിലയിൽ 'ഞങ്ങളുടെ അടുക്കളപ്പുസ്തകം' ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളിസ്ത്രീ തന്റെ ആത്മകഥയ്‌ക്കെഴുതിയ ഏടുകളിലൊന്നായി മാറുന്നു.
അടുക്കളപ്പുസ്തകത്തിൽനിന്ന് (സുനിതാ ദേവദാസ്)
'1. പുരുഷന്മാർ വിവാഹം കഴിക്കുന്നത് സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയില്ലാത്തതിനാൽ, ജീവിതകാലം മുഴുവൻ ഒരു മെയ്ഡിനെ കിട്ടാൻ വേണ്ടിയാണ്. അതിനു പറയുന്ന കാരണം ഞാൻ പണമുണ്ടാക്കുന്നില്ല എന്നതാവാം. എനിക്കു നിന്നോട് സ്‌നേഹമാണെന്നും. സ്ത്രീകൾ പണമുണ്ടാക്കി കൊണ്ടു വരാൻ തയ്യാറാണ്. നിങ്ങൾ ഒരു മാസം ഇതുപോലെ വീട്ടുജോലിയും ഓഫീസ് ജോലിയും ചെയ്യുമോ? പിന്നെ ഞങ്ങൾ പണമുണ്ടാക്കുന്നു എന്ന അഹന്തയും താൻപോരിമയും എത്രനാൾ കൂടി നിലനിൽക്കും? ഇപ്പോൾ ഞങ്ങളും ജോലിചെയ്യുന്നുണ്ട്. പണമുണ്ടാക്കുന്നുണ്ട്.
2. എന്റെ മകൾ അടക്കമുള്ള എല്ലാ അവിവാഹിതരോടും എനിക്കു പറയാനുള്ളത് ഇതാണ്. സ്വന്തം കാലിൽ നിൽക്കുക. അവനവന്റെ കാര്യം ചെയ്യാൻ പഠിക്കുക. എന്നിട്ടും വിവാഹം ആവശ്യമുണ്ടെന്നു തോന്നിയാൽ മാത്രം വിവാഹം കഴിക്കുക.
3. പുതുതായി വിവാഹം കഴിച്ച പെൺകുട്ടികളോടും ചിലത് പറയാനുണ്ട്. ഞാനാണ് വീട്ടിലെ എല്ലാ ജോലിയും ചെയ്യേണ്ടത് എന്ന ബോധം ഒരിക്കലും ഉള്ളിൽ കൊണ്ടുനടക്കരുത്. അവൾ എല്ലാ ജോലിയും ചെയ്യും. നല്ല മിടുക്കിയാണ് എന്ന് ഭർത്താവിനെ കൊണ്ടും ഭർത്താവിന്റെ വീട്ടുകാരെ കൊണ്ടും ഒരിക്കലും പറയിപ്പിക്കരുത്. അതോടെ തീർന്നു നിങ്ങളുടെ ജീവിതം. പിന്നെ ആ നല്ല ഭാര്യയിൽ നിന്നും പണികളിൽ നിന്നും ആയുഷ്‌ക്കാലം ഒരു മോചനം ഉണ്ടാവില്ല.
ജീവിതത്തിൽ ഇനിയും ബാക്കിയുള്ള ചില ആഗ്രഹങ്ങൾ
1. എന്നും രാവിലെ എഴുന്നേൽക്കാൻ ഇഷ്ടമാണ്. ഭൂമി മുഴുവൻ നിശബ്ദമായിരിക്കുന്ന ആ സമയത്ത് അടുക്കള എന്ന നരകത്തിലേക്ക് പോകേണ്ടിവരാതെ എന്റെ മേശക്കരുകിലേക്ക് പോകാൻ കഴിയണം... വായിക്കാനും എഴുതാനും പാട്ടുകേൾക്കാനും ഇഷ്ടമുള്ളതൊക്കെ ചെയ്യാനും....
2. ഇനി എനിക്ക് സ്ത്രീയായി ഒരിക്കലും പുനർജനിക്കേണ്ട. എല്ലാ പുരുഷന്മാർക്കും എന്റെ വക ഒരു ഫ്രീ ഉപദേശമുണ്ട്.... സാധാരണക്കാരിയല്ലാത്ത ഒരു സ്ത്രീയെ ഒരിക്കലും വിവാഹം കഴിക്കരുത്. കഴിച്ചാൽ നിങ്ങളുടെ ജീവിതം നരകമാണ്. അവർ പ്രശ്‌നങ്ങളുണ്ടാക്കികൊണ്ടേയിരിക്കും.... പരാതി പറഞ്ഞു കൊണ്ടേയിരിക്കും. ചിന്താശേഷിയുള്ള, ബുദ്ധിയുള്ള, പുറം ലോകത്തിന്റെ സ്പന്ദനങ്ങളറിയുന്ന പെണ്ണിനേയും വിവാഹം കഴിക്കരുത്. കാരണം അവൾ അടുക്കള ചുമരിൽ ഒരുങ്ങില്ല... എനിക്കൊരു സ്വപ്നമുണ്ട്.... എനിക്ക് മഴയിൽ നടക്കണം.... എനിക്ക് പുലർച്ചെ എഴുന്നേറ്റ് പുസ്തകം വായിക്കണം തുടങ്ങിയ ഭ്രാന്തുകളെന്നു നിങ്ങൾക്കു തോന്നുന്ന കാര്യങ്ങൾ പറയുന്നവളേയും വിവാഹം കഴിക്കരുത്. അവൾ നിങ്ങളെ ശ്വാസം മുട്ടിക്കും.... പക്ഷേ ഇപ്പറഞ്ഞ പെണ്ണുങ്ങളെ പ്രേമിക്കാൻ ബസ്റ്റാണ്.... നിങ്ങൾ പ്രണയം കൊണ്ട് ഭ്രാന്തനായി പോവും. പക്ഷേ ഓർക്കുക.... ആ പ്രാന്ത് മൂത്ത് വിവാഹം കഴിക്കരുത്.... കഴിച്ചാൽ വീട്ടിനുള്ളിൽ ഒരു പുലി ഉള്ളപോലെ ഉണ്ടാവും. ഒരിക്കലും മെരുങ്ങില്ല...
എല്ലാ പുരുഷന്മാർക്കും വീട്ടിലെ ദൈനംദിന പണിയിൽ ഉരുകി തീരുന്ന ഒരു ജീവിയുടെ വനിതാ ദിനാശംസകൾ.
NB: ദയവു ചെയ്ത് മാതൃകാഭാര്യയുടെ മഹത്വവും പറഞ്ഞ് ആരും ഇതിലെ വരരുത്. നിങ്ങളുടെ എല്ലാ തീയറികളോടും എനിക്ക് വിയോജിപ്പാണ്. എനിക്ക് നല്ല ഭാര്യയും അമ്മയും മരുമകളും മാത്രമായാൽ പോര. സുനിതയാവണം. എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് അടുക്കളയിലെ വിഭവങ്ങളല്ല... ക്രീയേറ്റീവായ ഒരു പുരുഷൻ കാണുന്ന സ്വപ്നങ്ങൾ തന്നെയാണ് എന്റെയും സ്വപ്നങ്ങൾ.
- യാത്രകൾ
- ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം
- പുസ്തകങ്ങൾ
- സിനിമകൾ
- വാർത്തകൾ
- സന്തോഷമുള്ള കുടുംബം...'
ഞങ്ങളുടെ അടുക്കളപ്പുസ്തകം
എഡി. സുനിതാദേവദാസ്
ലിറ്റ്മസ് - ഡി.സി. ബുക്‌സ്
2017, വില: 150 രൂപ