(ആസന്നമായ കേരള അസംബ്ലി തെരഞ്ഞെടുപ്പിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടേയും മുന്നണികളുടേയും സീറ്റു വിഭജന തർക്കങ്ങളും പുകിലുകളും അരങ്ങു തകർക്കുകയാണല്ലൊ. പാർട്ടിയിലും മുന്നണിയിലും പിടിയുള്ള നേതാക്കൾക്ക്, എത്ര കടൽകിഴവരായാലും ശരി അവർക്കും അവരുടെ കുടുംബ പരമ്പരകൾക്കും ബന്ധുമിത്രാദികൾക്കും എന്നുമെന്നും എത്രവട്ടവും സുരക്ഷിതമായ സീറ്റുകൾ ഉറപ്പ്. അഴിമതികളെ തന്ത്രപൂർവം മൂടിവെക്കും, വേലനും വേലത്തീം ഒത്തുകളിക്കും, ഓഫറുകൾ മാത്രം വാരി കോരി ചൊരിയും, തത്വങ്ങൾ കാറ്റിൽ പറത്തും, അവസരവാദ രാഷ്ട്രീയം കളിക്കും, സിനിമാ താരങ്ങൾക്ക് സുരക്ഷിത സീറ്റു നൽകി കെട്ടിപുണരും, ജനാധിപത്യത്തെ കശാപ്പു ചെയ്യും, നേതാക്കളെ നോക്കി പലവട്ടം ചാടിയിട്ടും ഒരു സീറ്റു കിട്ടാത്ത ഹതഭാഗ്യനായ, എന്നാൽ നേതാക്കളുടെ പൃഷ്ഠം താങ്ങിയും ചെരിപ്പുനക്കിയുമായ ഒരു രാഷ്ട്രീയക്കാരന്റെ ഗദ്ഗതങ്ങളടങ്ങിയ, എന്നാൽ കണ്ണീരിൽ കുതിർന്ന ഏതാനും വരികളാണ് ഈ രാഷ്ട്രീയ കവിതയിലെ ഇതിവൃത്തം.)

രാഷ്ട്രീയ...നേതാ...കോമരങ്ങൾ തൻ...
മൂടു താങ്ങിയാം... ഹതഭാഗ്യനാം...
വെറുമൊരു കോവർകഴുത ഞാൻ...
വർഷങ്ങൾ ഏറെ...ഏറെ...ആയിട്ടും...
എൻ പാർട്ടി നേതാവിനെ തോളിലേറ്റി
കീജെ ഏറെ...വിളിച്ചിട്ടും നേതാവിൻ...
കൂലിചട്ടുകമായിട്ടും..നേതാവിനും പാർട്ടിക്കും...
അഴിമതി.. ചൂഷണ... മറ്റനവധിയങ്ങനെ..
എണ്ണിയാലൊടുങ്ങാത്ത രാസക്രീഡകൾ..
കുട പിടിച്ചു കൊടുത്തിട്ടും...തൊള്ള തൊരപ്പൻ..
മുദ്രാവാക്യങ്ങൾ..പാടി..കൊക്കി വിളിച്ചിട്ടും.
ഫലം കിട്ടാത്ത ഹതഭാഗ്യനാം.. നിരാശനാം..
വെറുമൊരു രാഷ്ട്രീയ നാറ്റ കോവർ കഴുത ഞാൻ..
കാഷ്ടിക്കും നേതാ പരിവാര കുടുംബത്തെ ഭക്തി ..
പാരവശ്യത്തോടെ തലയിലേറ്റി ചുമന്നിട്ടും..
ഇന്നെനിക്കായ് അസംബ്ലി പോയിട്ട്..ഒരു പഞ്ചായത്തു
സീറ്റുപോലും ലഭ്യമാകാത്ത.. ഹതഭാഗ്യൻ.. ഞാൻ..
സിക്‌സത്തും ഗുസ്തിയും മാത്രം കൈമുതലായുള്ള എൻ..
നേതാവും വോട്ടറന്മാരാം... കഴുതകളെ...
കാലു വാരിയും കാലുമാറിയും..ശുംഭരാക്കും..
യുവ ടർക്കിയായ്..യുവ തുർക്കിയായ്...യൂത്തായി..
മൂത്തതായി..സഖാവായെത്ര യുവകോമരങ്ങൾ..
നേതാവിനായ്...പാർട്ടിക്കായ്...ധർണ്ണ...ഹർത്താൽ...
പൊലീസിൻ...അടിതൊഴി ഉരുട്ടൽ വിരട്ടൽ...
ഏറ്റുവാങ്ങും...ഹതഭാഗ്യനാം ഞാനൊരു വിഡ്ഢി താൻ..
സീറ്റും വേദിയും വീഥിയും...നേതാവിന്ന്...സ്ഥിരം...
നേതാ...ബന്ധുമിത്രകളത്രാദികൾക്കും മണ്ഡലം നിശ്ചയം...
എത്ര മൽസരിച്ചാലും കൊതിതീരുകില്ലാ...
എത്ര ജയിച്ചാലും മതിവരാത്ത നേതാവെ...
ഞാനിനി... എത്ര കാല് തിരുമ്മി...ചൊറിഞ്ഞാൽ...
മഴകാത്തിരിക്കും വേഴാമ്പൽ പോലെ ഞാൻ...
എരിയും നെഞ്ചിലെൻ രാഷ്ട്രീയ ഭാഗ്യോദയമെന്നിനി...?
മൽസരിച്ച് മെമ്പറാകാൻ.... എംഎ‍ൽഎ.... പിന്നെ
കൊടിവച്ച കാറിൽ... മന്ത്രിയായ് മിന്നി വിലസാൻ...
വികസനം... മുഖമുദ്രയാക്കിടുമെൻ കീശയും...
വികസിതമായിടും എന്നുമെന്നും ദൃഢം
സൗരയൂഥത്തിലെ...സൗരോർജ്ജം...എൻ മനസ്സ്...
ഹരിതാഭമാം..സരിതാഭമാം...സൗരോർജ്ജമാക്കിടും...
ദുഃഖിതനാം... ഹതഭാഗ്യനാം എന്നെ കൈവിടല്ലെ...
നേതാവേ...നേതാക്കളുടെ നേതാവെ...കരുണ..കടലെ...
സീറ്റു നൽകി എൻ... ആശയാഭിലാഷങ്ങൾ...
സ്വപ്നങ്ങൾ... പൂവണിയിക്കണെ... തമ്പുരാനെ...
ഹൈക്കമാന്റിലോ...ലൊ...കമാന്റിലോ...
പൊളെറ്റ് ബ്യൂറോയിലൊ..മുട്ടാം...കുമ്പിടാം...
സീറ്റിനായ് എന്നെന്നും അർപ്പിക്കാം..പ്രണാമം...