കൊച്ചി: നമ്പർ 18 ഹോട്ടൽ പോക്സോ കേസിലെ രണ്ടാംപ്രതിയായ സൈജു തങ്കച്ചനും പൊലീസിന് മുന്നിൽ കീഴടങ്ങി. തിങ്കളാഴ്ച രാവിലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് സൈജു കീഴടങ്ങിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.

ഇയാൾ കൊച്ചിയിൽ തന്നെ ഉണ്ടെന്നു മനസിലാക്കി അന്വേഷണ സംഘം രണ്ടു ദിവസമായി ഇയാളുടെ ബന്ധു വീടുകളിൽ ഉൾപ്പടെ തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് കീഴടങ്ങൽ. ഹൈക്കോടതി പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല.

ഇതേ തുടർന്ന് പൊലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ ഒന്നാം പ്രതി റോയി വയലാറ്റ് കീഴടങ്ങിയിരുന്നു. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കാരനിരിക്കെയാണ് രണ്ടാം പ്രതി സൈജു തങ്കച്ചൻ കീഴടങ്ങിയിരിക്കുന്നത്. കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച മൂന്നാം പ്രതി അഞ്ജലി റീമാദേവിനോട് ബുധനാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നൽകിയിരുന്നു.

മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയാണ് റോയി വയലാട്ട് കഴിഞ്ഞദിവസം കീഴടങ്ങിയത്. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. റോയിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കേസിൽ വിശദമായ ചോദ്യംചെയ്യൽ ആവശ്യമായതിനാൽ റോയി വയലാട്ടിനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടും.

നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചൻ, കോഴിക്കോട് സ്വദേശിനിയും ബിസിനസ് കൺസൾട്ടന്റുമായ അഞ്ജലി റീമാദേവ് എന്നിവരാണ് പോക്സോ കേസിലെ പ്രതികൾ. കേസിൽ അഞ്ജലി റീമാദേവിന് മാത്രമാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

സൈജു തങ്കച്ചനും, റോയ് വയലാട്ടിനുമെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാദേവിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസയച്ചിരുന്നു. കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകണം എന്നാണ് നിർദ്ദേശം. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. കോടതി മുൻകൂർ ജാമ്യം നൽകിയിട്ടും അഞ്ജലി ഇത് വരെ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായിട്ടില്ല. അഞ്ജലിയെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പൊലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്‌സോ കേസെടുത്തത്. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.

കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അമ്മയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികൾക്ക് ഒത്താശ ചെയ്‌തെന്നാണ് കേസ്. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്.

ഇതിനിടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ അഞ്ജലി റിമാ ദേവ് വീണ്ടും രംഗത്തെത്തിയിരുന്നു. ചില രാഷ്ട്രീയക്കാർ ഉൾപ്പെടെ ആറുപേർ തന്നെ കുടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ജീവൻ അപകടത്തിലാണെന്നുമാണ് യുവതി പറയുന്നത്. റോയ് വയലാറ്റിനെ കുടുക്കാൻ തന്റെ പേര് മനഃപൂർവം വലിച്ചിഴക്കുകയാണെന്നും അഞ്ജലി റിമാ ദേവ് പറയുന്നു.