- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സംഘത്തോട് ഹാർഡ് ഡിസ്ക്കിന്റെ പാസ്വേർഡ് അറിയില്ലെന്ന് നമ്പർ 18 ഹോട്ടൽ അധികൃതർ; എങ്കിൽ പിന്നെ ഹാർഡ് ഡിസ്ക് കൊണ്ടുപോകാമെന്ന് ഉദ്യോഗസ്ഥരും; മിസ് കേരള വിജയികളുടെ അപകട മരണത്തിലെ ദുരൂഹത നീക്കാൻ സിസി ടിവി ദൃശ്യങ്ങൾ വിശദ പരിശോധനക്ക്; ലഹരി ഇടപാടുകൾ അടക്കം പരിശോധിക്കും
കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരള ഉൾപ്പെടെ 3 പേർ മരിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള നമ്പർ 18 ഹോട്ടലിൽ പരിശോധന നടത്തിയ അന്വേഷണം തേടുന്നത് നിർണായക തെളിവുകൾ. സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹാർഡ് ഡിസ്കിന്റെ പാസ്വേർഡ് അറിയില്ലെന്നാണ് ഹോട്ടൽ അധികൃതർ അന്വേഷണ സംഘത്തെ അറിയിച്ചത്. ഇതേ തുടർന്നാണ് ഹാർഡ് ഡിസ്ക്ക് പിടിച്ചെടുത്തത്.
ദൃശ്യങ്ങൾ അടുത്ത ദിവസം പൊലീസ് വിശദമായി പരിശോധിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നടന്ന ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുൻ മിസ് കേരള അടക്കം മുന്നുപേർ വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ചത്. അമിതമായി മദ്യപിച്ചിരുന്നതായി വാഹനത്തിലുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി അബ്ദുൾ റഹ്മാൻ മൊഴി നൽകിരുന്നു.
നിശ്ചിതസമയം കഴിഞ്ഞും മദ്യവിൽപ്പന നടത്തിയതിനാണ് ഹോട്ടലിന്റെ ബാർ ലൈസൻസ് തൊട്ടടുത്ത ദിവസം സസ്പെൻഡ് ചെയ്തത്. ലഹരിമരുന്ന് വിതരണം എന്ന സംശയത്തിന്റെ പേരിൽ എക്സൈസും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ കേന്ദ്ര എജൻസികളും ഇവിടെ പരിശോധനയ്ക്കെത്തിയതാണ്. എന്നാൽ ഈ ഡിജെ പാർട്ടിയെക്കുറിച്ച് പ്രതികരിക്കാൻ ഹോട്ടലുടമ തയാറായില്ല.
നമ്പർ 18 എന്ന ഹോട്ടലിൽ വർഷങ്ങളായി ഇത്തരം ഡി.ജെ പാർട്ടി സംഘടിപ്പിക്കുന്നത് പതിവാണ്. മുൻപ് ഇവിടെ ആരും കാര്യമായി വന്നിരുന്നില്ല. ഡി.ജെ പാർട്ടി ആരംഭിച്ചതോടെ യുവാക്കളുടെയും യുവതികളുടെയും ഒഴുക്കായിരുന്നു. ആഴ്ചാ അവസാന ദിവസങ്ങളിലാണ് പാർട്ടികൾ ഇവിടെ സംഘടിപ്പിക്കാറ്. സ്വകാര്യ സെക്യൂരിറ്റി ഏജൻസികളിലെ ഗുണ്ടകളാണ് ഇവിടെ സുരക്ഷ ഒരുക്കുന്നത്.
ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടാക്കുന്നവരെ ഇവർ കൈകാര്യം ചെയ്യാറുമുണ്ട്. ഇക്കാര്യങ്ങൾ ഇരയാകുന്നവർ പുറത്ത് പറയാറുമില്ല. വൻതോതിൽ ലഹരി ഉൽപ്പന്നങ്ങൾ പാർട്ടികളിൽ എത്തുന്നവർ ഉപയോഗിക്കുന്നുണ്ട്. പ്രത്യേക സംഘങ്ങൾ തന്നെ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
പൊലീസ് റെയ്ഡിനെത്തുകയാണെങ്കിൽ ഇവയൊക്കെ മാറ്റാനുള്ള സംവിധാനങ്ങളും റെഡിയാണ്. റെയ്ഡ് വിവരം ചാരന്മാർ ചോർത്തി നൽകുന്നതാണ് പലപ്പോഴും പൊലീസിനും എക്സൈസിനും തിരിച്ചടിയാകുന്നത്. ഏതാനം ദിവസങ്ങൾക്ക് മുൻപ് ഈ ഹോട്ടലിന്റെ ബാർ ലൈസൻസ് എക്സൈസ് റദ്ദാക്കിയിരുന്നു. 28 ന് സമയം കഴിഞ്ഞും മദ്യം വിളമ്പി എന്നതിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് എക്സൈസിന്റെ വിശദീകരണം.
മോഡലുകൾ മരണപ്പെട്ട സംഭവുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു. ഈ അപകടത്തിന്റെ കാരണം ലഹരിയാണ് എന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയാണ്. ഇതിന് തെളിവായി കാറിനുള്ളിൽ നിന്നും ലഭിച്ച മദ്യക്കുപ്പിയുടെ ചിത്രവും മറുനാടൻ പുറത്ത് വിട്ടിരുന്നു. കൂടാതെ ഡി.ജെ പാർട്ടി കഴിഞ്ഞാണ് സംഘം എത്തിയതെന്നും കൃത്യമായി മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഡ്രൈവർ അബ്ദുൾ റഹ്മാൻ മദ്യപിച്ചിരുന്നു എന്ന മെഡിക്കൽ റിപ്പോർട്ട് പൊലീസിന് ലഭിക്കുന്നതും കഴിഞ്ഞ ദിവസം ആശുപത്രി മോചിതനായപ്പോൾ അറസ്റ്റ് ചെയ്യുന്നതും. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ഇയാൾക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണമാണ് ഹോട്ടലിൽ പരിശോധന നടത്തുന്നതിലേക്ക് എത്തിയിരിക്കുന്നത്. ഇയാൾ മദ്യം ഉപയോഗിച്ചതിന് തെളിവു ശേഖരിക്കുക, ഇതുകൂടാതെ മറ്റെന്തെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നിവയും പരിശോധിക്കും. പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മീഡിയനിലെ മരത്തിൽ ഇടിച്ച് ഈ മാസം ഒന്നിനാണ് അപകടമുണ്ടായത്.
പുലർച്ചെയുണ്ടായ അപകടത്തിൽ 2019 ലെ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന തൃശൂർ വെമ്പല്ലൂർ സ്വദേശി കെ.എ മുഹമ്മദ് ആഷിഖ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.
മറുനാടന് മലയാളി ബ്യൂറോ