- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരംമുറി വിവാദത്തിലെ മുഖ്യമസൂത്രധാരനായിട്ടും എൻ ടി സാജനെ തൊടാതെ പിണറായി; വ്യാജ റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യണമെന്ന വനം മേധാവിയുടെ ശുപാർശ മടക്കി മുഖ്യമന്ത്രി; നടപടി വൈകിപ്പിച്ചു കൊണ്ടുള്ള സർക്കാർ നീക്കത്തിൽ വനംവകുപ്പിൽ ഭിന്നാഭിപ്രായം
തിരുവനന്തപുരം: മരംമുറി വിവാദത്തിൽ സംസ്ഥാന സർക്കാർ തന്നെയാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞു കൊണ്ടുള്ള തട്ടിപ്പായിരുന്നു ഇത്. ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചതു കൊണ്ട് മാത്രമാണ് ഇപ്പോൾ അഗസ്റ്റിൻ സഹോദരന്മാർ അഴിക്കുള്ളിൽ കഴിയുന്നത്. അതേസമയം സംഭവത്തിൽ ഇവർക്ക് ഒത്താശ ചെയ്തവർക്കെതിരെ നടപടി എടുക്കുന്നതിൽ സർക്കാർ മെല്ലേപ്പോക്കിലാണ്.
വ്യാജ റിപ്പോർട്ട് തയാറാക്കിയ സംഭവത്തിൽ ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി.സാജനെ സസ്‌പെൻഡ് ചെയ്യാനുള്ള വനം മേധാവിയുടെ ശുപാർശ മുഖ്യമന്ത്രിയുടെ ഓഫീസ് മടക്കി അയക്കുകയാണ് ഉണ്ടായത്. ഉദ്യോഗസ്ഥനെതിരായ അച്ചടക്കനടപടി വൈകിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്നാണ് സൂചനകൾ. അന്വേഷണ റിപ്പോർട്ട് അവ്യക്തമാണെന്നും കൂടുതൽ വിശദീകരണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം 28 നാണ് മുഖ്യമന്ത്രി ഫയൽ മടക്കിയത്.
ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡു ചെയ്യാൻ മാത്രം ഗൗരവം അന്വേഷണ റിപ്പോർട്ടിൽ ഇല്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് വിശദീകരണം രേഖപ്പെടുത്തി, ഫയൽ വീണ്ടും സമർപ്പിക്കുന്ന നടപടികൾ വനം വകുപ്പിൽ ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് അറിയുന്നത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനുമായി അടുപ്പമുള്ളവരുടെ സമ്മർദത്തെത്തുടർന്നാണ് തുടർനടപടി വൈകിപ്പിക്കുന്നതെന്നും പരാതിയുണ്ട്.
അതേസമയം ഐഎഫ് എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ കേന്ദ്രാനുമതി വേണമെന്നത് സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നാഭിപ്രായമാണുള്ളത്. മരംമുറിയിലെ സംയുക്ത അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടും ഉൾപ്പെടുത്തി നടപടിയെടുക്കണമെന്നും അഭിപ്രായം ഉയർന്നു. അതേസമയം, പൊതുഭരണ വകുപ്പിന്റെ അനുമതിയോടെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാമെന്ന് വനം വകുപ്പ് അറിയിച്ചു. വിശദീകരണക്കുറിപ്പോടെ ഈയാഴ്ച ഫയൽ വീണ്ടും മുഖ്യമന്ത്രിക്കു നൽകും.
വയനാട് മണിക്കുന്ന് മലയിലെ മരംമുറി സംബന്ധിച്ച് വ്യാജ റിപ്പോർട്ട് തയാറാക്കി, മേപ്പാടി റേഞ്ച് ഓഫിസറെ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് എൻ.ടി.സാജനെ സസ്‌പെൻഡു ചെയ്യാൻ വനം മേധാവി ചീഫ് സെക്രട്ടറിക്ക് ശുപാർശ സമർപ്പിച്ചത്. ഈട്ടിക്കൊള്ള കേസ് അട്ടിമറിക്കാൻ അഗസ്റ്റിൻ സഹോദരങ്ങൾ കൂട്ടു പിടിച്ച ഫോറസ്ട്രി കൺസർവേറ്റർ എൻ.ടി.സാജന് നേരത്തെയും സമാനമായ കേസിൽ പങ്കുള്ളതായി വിജിലൻസ് റിപ്പോർട്ടുണ്ട്. ധർമ്മടം സ്വദേശിയാണ് സാജൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടുകാരൻ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ എന്ന നിലയിലായിരുന്നു ഇയാളുടെ പ്രവർത്തനം.
മുട്ടിൽ മരം മുറിയിൽ സാജനെ മുന്നിൽ നിർത്തി സത്യസന്ധരായ ഉദ്യോഗസ്ഥരെ കുടുക്കാനായിരുന്നു സാജൻ ശ്രമിച്ചത്. ഇതിന് വേണ്ടി മണിക്കുന്ന് മലയിൽ മരംവെട്ട് നടന്നുവെന്ന കഥപോലും ഉണ്ടാക്കി. ഇത് വാർത്തയായി നൽകി. 2001ൽ കാസർകോട് റേഞ്ച് ഓഫീസർ ആയിരിക്കെ നടന്ന വിജിലൻസ് അന്വേഷണത്തിന്റെ റിപ്പോർട്ടിലാണ് എൻ.ടി.സാജനെതിരെയുള്ള കണ്ടെത്തലുകളുള്ളത്. അനധികൃതമായി പ്രവർത്തിക്കുന്ന ചന്ദനത്തൈല ഫാക്ടറികൾക്ക് വഴിവിട്ട സഹായം ചെയ്തുവെന്ന റിപ്പോർട്ട് കാസർകോട് യൂണിറ്റാണ് സർക്കാരിന് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് സാജനെതിരായ പഴയ അഴിമതിയും ചർച്ചയാകുന്നത്. മുട്ടിൽ മരം മുറിയിൽ സാജനെതിരെ ഇനിയും നടപടികൾ എടുത്തിട്ടില്ല.
റവന്യൂ വകുപ്പ് ഉത്തരവിന്റെ മറവിലായിരുന്നു മുട്ടിലിലെ മരം മുറി. 2001ൽ കാസർകോട്ടെ ഏഴ് അനധികൃത ചന്ദനത്തൈല ഫാക്ടറികൾക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടികയിൽ എൻ.ടി.സാജന്റേയും പേരുണ്ട്. ഇദ്ദേഹത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിജിലൻസ് റിപ്പോർട്ടിന് ശേഷം നടന്ന വകുപ്പുതല അന്വേഷണവും നടന്നിരുന്നു. എന്നാൽ കാര്യമായ നടപടികൾ ഉണ്ടായില്ല.
മറുനാടന് മലയാളി ബ്യൂറോ