ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്ത എയിംസ് പ്രഖ്യാപനത്തിന് കേരളം ഇനിയും കാത്തിരിക്കേണ്ടി വരും. ഇത്തവണയും കേരളത്തിന് എയിംസ് അനുവദിക്കാൻ കേന്ദ്രബജറ്റിൽ വ്യവസ്ഥയില്ല. ഭൂമി ഏറ്റെടുത്തു നൽകുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് ഇതിന് കാരണം. എല്ലാ സംസ്ഥാനത്തും എയിംസ് എന്ന നയമാണ് മോദി സർക്കാരിനുള്ളത്. അതുകൊണ്ട് തന്നെ എന്നെങ്കിലും കേരളത്തിന് എയിംസ് അനുവദിക്കേണ്ടി വരും. കൊച്ചി മെട്രോയ്ക്ക്് 872.88 കോടി രൂപയും അനുവദിച്ചു.

കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തയാറാണെന്നും സ്ഥലം നിശ്ചയിച്ച് അറിയിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കേരളം നാല് സ്ഥലങ്ങൾ നിശ്ചയിക്കുകയും കേന്ദ്ര സംഘം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. പക്ഷേ ബജറ്റിൽ എയിംസ് പ്രഖ്യാപനം വന്നപ്പോൾ കേരളത്തെ ഒഴിവാക്കി. കൃത്യമായ സ്ഥലം സംസ്ഥാന സർക്കാരിന് മുന്നോട്ട് വയ്ക്കാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന. ഏതായാലും ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിനെ അനുകൂലിച്ചും എതിർത്തും വാദങ്ങൾ വരും ദിനത്തിൽ ഉയരും.

ജമ്മു കാശ്മീർ, അസാം, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, പഞ്ചാബ് എന്നിവിടങ്ങളിലാണ് എയിംസ് സ്ഥാപിക്കുക. അതേസമയം തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് തെറാപ്പി (നിഷ്)യെ സർവകലാശാലയായി ഉയർത്തുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രിയായിരിക്കെ എയിംസ് മാതൃകയിലുള്ള ആശുപത്രി അനുവദിക്കുമെന്ന് ഡോ.ഹർഷ വർധൻ പറഞ്ഞിരുന്നു. ഐ.ഐ.ടി വേണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം പരിഗണിച്ചില്ല. പ്രഖ്യാപിച്ച ഒരു ഐ.ഐ.ടി കർണാടകയ്ക്കാണ്. ജമ്മുവിലും ആന്ധ്രയിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) സ്ഥാപിക്കും. ബിഹാറിലും എയിംസിന് സമാനമായ സ്ഥാപനം തുടങ്ങും.

കേരളം ഭൂമി നൽകിയാൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ശ്രീപദ് യശോ നായികും വ്യക്തമാക്കിയിരുന്നു. എയിംസ് സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. വിഷയത്തിൽ കേരള സർക്കാരുമായി ചർച്ച നടത്തുകയാണെന്നും നായിക് കൂട്ടിച്ചേർത്തിരുന്നു. പദ്ധതിക്ക് 200 ഏക്കർ ഭൂമിയാണ് വേണ്ടത്. ഇതിനായി കോഴിക്കോട് കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ ഭൂമി, തിരുവനന്തപുരം നെയ്യാറ്റിൻകര നെട്ടുകാൽത്തേരിയിൽ തുറന്ന ജയിലിനോട് ചേർന്നുള്ള ഭൂമി, കോട്ടയം സർക്കാർ മെഡിക്കൽ കോളജിന്റെ ഭൂമി, എറണാകുളത്ത് എച്ച്.എം ടിയുടെ ഭൂമി എന്നിവയാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. ഇതൊന്നും കേന്ദ്ര സർക്കാരിന് ബോധിച്ചില്ലെന്നാണ് സൂചന.

ഐടി മേഖലയിലും ടൂറിസം രംഗത്തും ചില പ്രഖ്യാപനങ്ങളുണ്ട്. വിസാ ഓൺ അറൈവൽ പദ്ധതി 115 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്. കേരളത്തിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കാൻ ഇതിലൂടെ കഴിയും.