കൊച്ചി : ഓണവും ബക്രീദും പ്രമാണിച്ച് ബാങ്കുകൾ അഞ്ചു ദിവസം അടഞ്ഞു കിടക്കും. എടിഎമ്മുകളുടെ പ്രവർത്തനത്തെ ഇത് ബാധിക്കുമെന്നാണ് സൂചന. രണ്ടാംശനിയും ഞായറും ബക്രീദും ഉത്രാടവും തിരുവോണവും ചേരുമ്പോഴാണ് 10 മുതൽ 14 വരെ അഞ്ചു ദിവസം ബാങ്ക് അവധി. 15നു ബാങ്കുകൾ വീണ്ടും തുറക്കുമെങ്കിലും 16 നു ശ്രീനാരായണ ജയന്തി അവധിയാണ്. 17നു ബാങ്കുകൾ പ്രവർത്തിക്കും.

എടിഎമ്മുകളിൽ പരമാവധി തുക നിറച്ചു വയ്ക്കാനാണ് ബ്രാഞ്ചുകൾക്കും പണം നിറയ്ക്കുന്ന ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുള്ളത്. സാധാരണ മൂന്നു ലക്ഷം രൂപയാണ് എടിഎമ്മിൽ നിറയ്ക്കുന്നത്. പണം പിൻവലിക്കൽ കൂടിയ എടിഎമ്മുകളിൽ കൂടുതൽ തുക നിറയ്ക്കും. അഞ്ചു ദിവസത്തെ ആവശ്യം പരിഗണിച്ച് 15 ലക്ഷം രൂപ ഒരുമിച്ചോ അതിലേറെയോ നിറയ്ക്കാനാണുദ്ദേശിക്കുന്നത്. എന്നാൽ ഇതൊന്നും ഓണക്കാലത്തെ വശ്യ നിവർത്തിക്ക് പോന്നതല്ല. കറൻസി തീർന്നാൽ വീണ്ടും നിറയ്ക്കാൻ ഏജൻസികൾക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എസ്‌ബിഐ വക്താവ് അറിയിച്ചു.

എസ്‌ബിഐ ബ്രാഞ്ചുകളോടു ചേർന്നുള്ള എടിഎമ്മുകളിൽ ബാങ്ക് ജീവനക്കാർ തന്നെ പണം നിറയ്ക്കുന്ന പതിവാണെങ്കിൽ ബന്ധപ്പെട്ട ജീവനക്കാർ അതിനായി 12ന് എത്തണമെന്നും എസ്‌ബിഐ നിർദ്ദേശം നൽകിയിട്ടുമുണ്ട്.