പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി അഴിക്കുള്ളിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ഇതോടെ ബിഷപ്പിന് മുമ്പുണ്ടായിരുന്ന ആത്മവിശ്വാസമെല്ലാം ചോർന്ന അവസ്ഥയിലാണ്. ഇതുവരെ ജയിലിലേക്ക് ഒഴുകി എത്തിയിരുന്ന സഭാ നേതാക്കളും ജനപ്രതിനിധികളും നൽകിയ ആത്മവിശ്വാസത്തിൽ തനിക്ക് ജാമ്യം കിട്ടുമെന്നായിരുന്നു ഇന്ന് ബിഷപ്പ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ രാവിലെ ബൈബിൾ വായിച്ചും മറ്റും പ്രാർത്ഥനകളിൽ മുഴുകുകയായിരുന്നു ബിഷപ്പ്. പ്രഭാതഭക്ഷണവും കഴിച്ചു. സെല്ലിന് പുറത്തിറങ്ങാതെ അവിടെ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു ഫ്രാങ്കോ.

11 മണി ആയപ്പോഴേക്കും കോടതി വിധിയെ കുറിച്ച് ബിഷപ്പിന് വിവരം ലഭിച്ചു. ജയിൽ അധികൃതർ തന്നെയാണ് ജാമ്യാപേക്ഷ തള്ളിയ വിവരം അദ്ദേഹത്തെ അറിയിച്ചത്. ഇതോടെ അതുവരെയുണ്ടായിരുന്ന പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി അദ്ദേഹത്തിന്റെ ധൈര്യം ചോരുകയും ചെയ്തു. വിധി അനുകൂലമല്ലെന്നും ഇനിയും ജയിലിനുള്ളിൽ കഴിയേണ്ടി വരുമെന്നു ബോധ്യമായതോടെ മാനസികമായി തളർന്ന് സെല്ലിൽ ഒരു വശത്തായി ചുരുണ്ടുകൂടി കിടന്നു അദ്ദേഹം. ഉച്ചയ്ക്ക് ഊണു കഴിക്കാനും പുറത്തിറങ്ങിയില്ല.

പ്ലേറ്റുമായി പോയി ഭക്ഷണം വാങ്ങി വരുകയാണ് തടവുപുള്ളികൾ ജയിലിൽ ചെയ്യേണ്ടത്. എന്നാൽ കോടതി വിധിയോടെ തളർന്ന ബിഷപ്പ് പുറത്തിറങ്ങാതിരുന്നതോടെ സഹതടവുകാരനാണ് ഭക്ഷണം വാങ്ങി നൽകിയത്. അവിയലും സാമ്പാറും അടങ്ങുന്ന ഊണായിരുന്നു ഇന്ന് ജയിലിൽ ഉണ്ടായിരുന്നത്. സാധാരണ നിലയിൽ ബിഷപ്പ് ഈ ഭക്ഷണം പരാതികൾ ഇല്ലാതെ കഴിക്കുന്നതാണ്. ഇന്ന് വിധി വന്നതു കൊണ്ടാകാം പുറത്തിറങ്ങാത്തത് എന്നാണ് ജയിൽ അധികൃതർ പറയുന്നത്.

അതേസമയം പി സി ജോർജ്ജിനെ പോലുള്ളവർ സന്ദർശിച്ച ശേഷം നടത്തിയ പ്രസ്താവനകളും ബിഷപ്പുമാരെത്തി പിന്തുണച്ചതുമെല്ലാം തന്നെയാണ് ഫ്രാങ്കോയ്ക്ക് തിരിച്ചടിയായത്. പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമങ്ങളുണ്ടെന്ന വിധത്തിൽ ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഇതോടെ ബിഷപ്പിന് തന്റെ പുറത്തിറങ്ങൽ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന ശക്തമായ വാദമാണ് പ്രോസിക്യൂഷൻ എടുത്തുപറഞ്ഞത്. കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസ് അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കുകയാണ്. ഫ്രാങ്കോയെ പോലെയുള്ള ഉന്നത സ്വാധീനമുള്ള ഒരു വ്യക്തിക്ക് ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സാക്ഷികളെയടക്കം സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് വളരെ ഗൗരവത്തിലെടുക്കുന്നുവെന്നും കോടതി അറിയിച്ചു. പ്രഥമദൃഷ്ട്യാ കോടതിക്ക് മുന്നിലെത്തിയ രേഖകളുടെ പശ്ചാത്തലത്തിൽ ജാമ്യം അനുവദിക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു. കൂടാതെ കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകളുടേതടക്കം ഏഴു പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും കോടതി തീരുമാനിച്ചിട്ടുണ്ട്.

ബിഷപ്പിന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ക്രൈസ്തവ സഭകൾ. കെസിബിസി അടക്കം ബിഷപ്പ് കുറ്റം ചെയ്തില്ലെന്ന തരത്തിൽ പ്രചരണവും നടത്തി. ഇതൊന്നും കോടതിയെ സ്വാധീനിച്ചില്ല. കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസ് അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കുകയാണ്. ഫ്രാങ്കോയെ പോലെയുള്ള ഉന്നത സ്വാധീനമുള്ള ഒരു വ്യക്തിക്ക് ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സാക്ഷികളെയടക്കം സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് വളരെ ഗൗരവത്തിലെടുക്കുന്നുവെന്നും കോടതി അറിയിച്ചു. പ്രഥമദൃഷ്ട്യാ കോടതിക്ക് മുന്നിലെത്തിയ രേഖകളുടെ പശ്ചാത്തലത്തിൽ ജാമ്യം അനുവദിക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു. കൂടാതെ കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകളുടേതടക്കം ഏഴു പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ബിഷപ്പിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾബെഞ്ചാണ് തള്ളിയത്. അതുകൊണ്ട് തന്നെ ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകാം. സുപ്രീംകോടതിയേയും സമീപിക്കാം. എന്നാൽ സുപ്രീംകോടതിയിൽ തൽകാലം പോകേണ്ടതില്ലെന്നാണ് തീരുമാനം. അതുകൊണ്ട് തന്നെ റിവ്യൂ ഹർജി നൽകും. പ്രാഥമദൃഷ്ട്യാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുകളുണ്ടെന്ന് കോടതി കണ്ടെത്തി. ഇന്നു രാവിലെ കേസ് പരിഗണിക്കുന്നതിനു മുൻപ് പൊലീസ് സീൽ ചെയ്ത കവറിൽ ചില രേഖകൾ സമർപ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. ബിഷപ്പ് സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ള ആളാണെന്നും ജാമ്യം ലഭിച്ചാൽ കേസ് അട്ടിമറിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും വ്യക്തമാക്കിയിരുന്നു. അന്വേഷണ പുരോഗമതി റിപ്പോർട്ടും കേസ് ഡയറിയും കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ മൂന്ന് ദിവസത്തോളം ചോദ്യം ചെയ്തതിനു ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബർ 6 വരെ റിമാൻഡ് ചെയ്തിരുന്നു. ബിഷപ്പ് ഇപ്പോൾ പാല സബ്ജയിലിലാണുള്ളത്. കേസിന്റെ ആദ്യഘട്ടത്തിൽ കന്യാസ്ത്രീക്ക് അനുകൂലമായി മൊഴി നൽകിയിരുന്ന വൈദികൻ അടക്കമുള്ളവർ മൊഴിമാറ്റിയതും കന്യാസ്ത്രീയെയും ബന്ധുക്കളെയും സ്വാധീനിക്കാൻ പ്രതിഭാഗം ശ്രമിച്ചതും അടക്കമുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങൾ പുറത്തുവന്നിരുന്നു.