കൊച്ചി: പള്ളിമേടയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ഫാ. എഡ്വിൻ ഫിഗരസിനു ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ആരോപണം ഗുരുതരമാണെന്നും അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് കെ. സുനിൽ തോമസിന്റെ നടപടി. വ്യാജക്കേസാണെന്നും അന്വേഷണത്തോടു സഹകരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു ഹർജിക്കാരൻ കോടതിയിലെത്തിയത്.

എന്നാൽ പ്രതി ഏതാനും മാസങ്ങൾ ഒളിവിലായിരുന്നതായി പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ആരോപിച്ചു. കേസിൽ ഇരയായ പെൺകുട്ടി പതിനാലുകാരിയാണ്. ഹർജിക്കാരനു സമൂഹത്തിലുള്ള പദവിയും അന്വേഷണത്തിന്റെ ഘട്ടവും പരിഗണിച്ചാൽ ജാമ്യം നൽകാൻ ഉചിതമായ കേസല്ല ഇതെന്നു കോടതി പറഞ്ഞു.

എറണാകുളം പുത്തൻവേലിക്കര ലൂർദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്നു ഫാ. എഡ്വിൻ ഫിഗരിസ്. സംഭവിൽ പീഡന വിവരം അറിഞ്ഞിട്ടും ഒളിച്ചുവച്ചതിന് വനിതാ ഡോക്ടർക്കെതിരെയും നേരത്തെ കേസെടുത്തിരുന്നു. പൊലീസാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള 2012ലെ പോക്‌സോ നിയമപ്രകാരം ഡോ. അജിതയ്‌ക്കെതിരെ കേസ് എടുത്തത്. കേരളത്തിൽ ആദ്യമായാണ് പീഡനകേസിൽ പരിശോധിച്ച ഡോക്ടർക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.

പീഡനവിവരം പൊലീസിൽ അറിയിക്കാതിരുന്നതിനാണ് കേസ്. മാർച്ച് 29ന് 14കാരിയായ പെൺകുട്ടിയുമായി മാതാപിതാക്കൾ ഡോക്ടറുടെ അടുത്ത് എത്തിയിരുന്നു. പരിശോധനയിൽ പീഡനം നടന്നതായി മനസിലായെങ്കിലും, അജിത പൊലീസിൽ വിവരം അറിയിച്ചില്ല. ഡോക്ടറെ പരിശോധനയ്ക്കായി സമീപിച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. വീട്ടിൽ പോയാണ് ഡോക്ടറെ കണ്ടത്. വനിതാ ഡോക്ടർ നൽകിയ ഗർഭനിരോധന ഗുളിക കുട്ടി കഴിച്ചു. മരുന്ന് കുറിച്ചു നൽകിയെന്ന് അമ്മ പുത്തൻവേലിക്കര പൊലീസിന് നൽകിയ പരാതിയിലും വ്യക്തമാക്കുന്നുണ്ട്. പക്ഷെ പീഡന വിവരം ഡോക്ടർ പൊലീസിനെ അറിയിച്ചില്ല. പോക്‌സോ നിയമത്തിലെ 19ാം വകുപ്പ് ചേർത്താണ് ഡോക്ടർക്കെതിരെ കേസ്.

കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടന്നുവെന്ന് മനസിലായാൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നാണ് നിയമം. എന്നാൽ ക്രൂരമായ പീഡനം നടന്നതായി പതിനാലുകാരി മൊഴി നൽകിയിട്ടും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താൻ ഡോക്ടർ തയ്യാറായില്ല. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ ഡോക്ടറെ നാലാം പ്രതിയാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. ഓശാന ഞായറിന് തലേദിവസം കുർബാന കഴിഞ്ഞ് വീട്ടിലെത്തിയിട്ടും മകളെ കാണാഞ്ഞ് തിരിച്ചു പള്ളിയിലേക്ക് തന്നെ മടങ്ങിയ അമ്മയോട് ആദ്യം കൂട്ടുകാരിയുടെ വീട്ടിൽ പോയെന്ന് നുണ പറഞ്ഞ പെൺകുട്ടി പിന്നീട് പീഡനവിവരം പറയുകയായിരുന്നു. പിറ്റേദിവസം മാതാപിതാക്കൾ പെൺകുട്ടിയെ പുത്തൻവേലിക്കര സർക്കാർ ആശുപത്രി ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്ക് കൊണ്ടുപോയി. ഈ ഡോക്ടർ കാര്യങ്ങൾ സ്ഥിരീകരിച്ചെങ്കിലും നിയമപരമായ നടപടിയൊന്നും എടുത്തില്ല.

പുത്തൻവേലിക്കര പറങ്കിനാട്ടിയ കുരിശിങ്കൽ പള്ളിയിൽ വികാരിയായിരുന്ന എഡ്വിൻ ഫിഗരസ് ഇടവക കുടുംബാംഗമായ ഒമ്പതാം കൽസുകാരിയെ കഴിഞ്ഞ ജനുവരി മുതൽ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. ബലാത്സംഗക്കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. മാർച്ചിൽ കുട്ടിയുടെ അമ്മ പുത്തൻവേലിക്കര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് തൊട്ടടുത്ത ദിവസം ബംഗളൂരു വഴി ദുബായിലേക്ക് കടന്നു. ഷാർജയിൽ മുൻനിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. ഇതിനിടെ, തങ്ങളെ പീഡിപ്പിക്കുന്നതായി കാട്ടി എഡ്വിൻ ഫിഗരസിന്റെ മാതാപിതാക്കൾ കോടതിയിൽ ഹരജി നൽകിയിരുന്നു. മെയ് അഞ്ചുവരെ എഡ്വിൻ ഫിഗരസിനെ പൊലീസ് അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

ഈ ഉത്തരവ് വന്നതിന് പിന്നാലെ ഫാ. ഫിഗരസ് ഷാർജയിൽനിന്ന് തിരിച്ചത്തെുകയും വടക്കേക്കര സി.ഐ മുമ്പാകെ ഹാജരാവുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷം പാസ്‌പോർട്ട് പിടിച്ചുവച്ചാണ് പൊലീസ് ഇയാളെ വിട്ടയച്ചത്. ഒരാഴ്ചക്കുള്ളിൽ ഹൈക്കോടതി ഇയാളുടെ മാതാപിതാക്കളുടെ ഹർജി തള്ളിയെങ്കിലും പൊലീസിന് പിന്നീട് ഫാ. ഫിഗരസിനെ പിന്തുടർന്ന് കണ്ടത്തൊനായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരായി തിരിച്ചുപോയ ഇയാളെ പിന്തുടരുന്നതിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലുമെത്തി. പിന്നീട് പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ലുക്കൗട്ട് ഇറക്കിയതിനാൽ ഇയാൾ ഇനി വിദേശത്തേക്ക് കടക്കാനുമായില്ല. ഇതോടെയാണ് ജാമ്യഹർജികളുമായി കോടതിയിലെത്തിയത്. അതും തള്ളിയതോടെ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

ധ്യാനഗുരുവും സംഗീതജ്ഞനുമായ ഇയാൾ തന്റെ ഒൻപതാം കൽസുകാരി മകളെ പീഡിപ്പിച്ചതായി അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. മാർച്ച് 29 നാണ് പീഡനവിവരം പുറത്തറിഞ്ഞത്. 30 ന് ഫാദർ എഡ്വിൻ മുങ്ങി. ഏപ്രിൽ ഒന്നിന് പെൺകുട്ടിയുടെ മാതാവ് പുത്തൻവേലിക്കര പൊലീസിൽ പരാതി നൽകി. അന്നു തന്നെ കേസ്സെടുക്കകയും പെൺകുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രൂപത നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം ഫാ.എഡ്‌വിന് എതിരായിരുന്നു. സഭയുടെ എല്ലാ ചുമതലകളിൽ നിന്നും ഇയാളെ നീക്കം ചെയ്തു. പൗരോഹിത്യം റദ്ദാക്കുന്നതിന് നടപടികളും രൂപത തുടങ്ങിക്കഴിഞ്ഞു.