- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാഷൻ ജുവല്ലറി തട്ടിപ്പു കേസിൽ എം സി ഖമറുദ്ദീന് ജാമ്യമില്ല; ഹോസ്ദുർഗ് കോടതി ജാമ്യാപേക്ഷ തള്ളി; പണം വാങ്ങിയ ഷെയർ സർട്ടിഫിക്കറ്റ് നൽകാതെ നിക്ഷേപകരെ കബളിച്ചെന്നും എട്ടു കോടി ചെലവിട്ട് ബംഗളൂരുവിൽ ഭൂമി വാങ്ങിയെന്നും വാദിച്ചു സർക്കാർ
കാസർകോട്: ഫാഷൻ ജുവലറി തട്ടിപ്പുകേസിൽ മുസ്ലിംലീഗ് എംഎൽഎ എം സി ഖമറുദ്ദീന് ജാമ്യമില്ല. ഹോസ്ദുർഗ് കോടതി എംഎൽഎയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. എം സി ഖമറുദ്ദീൻ രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്താണ് നിക്ഷേപകരെ ആകർഷിച്ചതെന്നാണ് സർക്കാർ അറിയിച്ചത്.
ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പു കേസ് പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിനു സമാനമാണെന്നും, രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്താണ് നിക്ഷേപകരെ ആകർഷിച്ചതെന്നുമാണ് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത്. കേസ് റദ്ദാക്കാൻ ഖമറുദ്ദീൻ നൽകിയ ഹർജിയിന്മേലാണിത്. ഷെയർ സർട്ടിഫിക്കറ്റ് നൽകാതെ നിക്ഷേപകരെ ഹർജിക്കാരൻ കബളിപ്പിച്ചു. എട്ടു കോടി ചെലവിട്ട് ബംഗളൂരുവിൽ ഭൂമി വാങ്ങി. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 85 പരാതികൾ ലഭിച്ചെന്നും സർക്കാർ വിശദീകരിച്ചു.
എന്നാൽ, കമ്പനിയുടെ ഷെയർ ഹോൾഡർമാരാണ് പരാതിക്കാരെന്നും, സ്വർണ ബിസിനസിന് പണം നൽകിയവരാണ് ഇവരെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വിശദീകരിച്ചു. മറ്റുള്ളവർക്ക് സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിലും 2019 സെപ്റ്റംബർ വരെ ലാഭ വിഹിതം നൽകി. എംഎൽഎയായശേഷം ബിസിനസിൽ ശ്രദ്ധിക്കാൻ കഴിയാത്തതാണ് നഷ്ടത്തിലാകാൻ കാരണം. കമ്പനിയുടെ ഡയറക്ടർമാർ അഞ്ചരക്കിലോയോളം സ്വർണം മോഷ്ടിച്ചെന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും ഫലപ്രദമായി അന്വേഷണം നടന്നിട്ടില്ല. സ്വതന്ത്ര ഓഡിറ്ററെ നിയോഗിച്ചു ഓഡിറ്റിങ് നടത്തണമെന്നും ഖമറുദ്ദീന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
എന്നാൽ, പണം നിക്ഷേപമായല്ല ഷെയറായിട്ടാണ് വാങ്ങുന്നതെന്ന് നിക്ഷേപകരെ പറഞ്ഞു മനസിലാക്കേണ്ടതായിരുന്നില്ലേയെന്ന് കോടതി ചോദിച്ചു. ലാഭവിഹിതം നൽകുമെന്ന് പറഞ്ഞാണ് കരാറുണ്ടാക്കിയത്. 100 രൂപയുടെ മുദ്രപ്പത്രത്തിൽ കരാറുണ്ടാക്കിയിട്ട് എങ്ങനെയാണ് ഷെയർ ഹോൾഡർമാരാണെന്ന് പറയുന്നതെന്നും കോടതി ചോദിച്ചു. വാദങ്ങൾ പൂർത്തിയായതിനെ തുടർന്ന് ഹർജി വിധി പറയാൻ മാറ്റി.