- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാന് ജാമ്യമില്ല; മൂന്ന് പേർക്ക് ജാമ്യം അനുവദിച്ച് എറണാകുളം സിജെഎം കോടതി; നിപുൺ പഴയ കേസുകളിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കോടതി
കൊച്ചി: എറണാകുളത്തെ വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാന് ജാമ്യമില്ല. അതേസമയം, മറ്റ് മൂന്ന് പ്രതികൾക്കും എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചു. വി ഫോർ കൊച്ചി ഭാരവാഹികളായ സൂരജ്, ആഞ്ചലോസ്, റാഫേൽ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടു പേരുടെ ആൾജാമ്യവും ഒരാൾക്ക് 25,000 രൂപ വീതവും കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പതിനാറായിരം രൂപ വിലയുള്ള 11 ബാരിക്കേഡുകൾ പ്രതികൾ നശിപ്പിച്ചെന്നും, ഇത് വഴി ഒരുലക്ഷത്തി എഴുപത്തിയാറായിരം രൂപ നഷ്ടം സംഭവിച്ചെന്നും ചൂണ്ടിക്കാട്ടിയുള്ള രേഖകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.
കേസിൽ ഇന്നലെ അറസ്റ്റിലായ ഷക്കീർ അലി, സാജൻ അസീസ്, ആൻറണ ആൽവിൻ എന്നിവരെ കോടതി ഇന്ന് റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. നിപുൺ ചെറിയാന്റെ ജാമ്യാപേക്ഷയും അടുത്ത ദിവസം വീണ്ടും പരിഗണിക്കും. വി ഫോർ കൊച്ചി ക്യാംപെയ്ൻ കൺട്രോളറാണ് നിപുൺ ചെറിയാൻ. പൊതുമുതൽ നശിപ്പിച്ചത് അടക്കം നേരത്തേയുള്ള കേസുകൾ ഇയാൾക്കെതിരെ നിലനിൽക്കുന്നുവെന്ന പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പഴയ ആ കേസുകളിൽ ജാമ്യവ്യവസ്ഥ ഇപ്പോൾ നിപുൺ ലംഘിച്ചെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, നിപുൺ ചെറിയാന്റെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വി 4 കൊച്ചി ഭാരവാഹികൾ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് നിർമ്മാണം പൂർത്തിയായ വൈറ്റില മേൽപ്പാലത്തിന്റെ ഒരു ഭാഗത്തെ ബാരിക്കേഡുകൾ തകർത്ത് വാഹനങ്ങൾ കടത്തിവിട്ടത്. തുടർന്ന്, സംഭവത്തിനു പിന്നിൽ വി 4 കൊച്ചിയാണെന്ന് ആരോപിച്ച് നിപുൺ ചെറിയാൻ ഉൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പാലം തുറക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 31ന് വി 4 കൊച്ചി പാലത്തിലേക്ക് പദയാത്ര നടത്തിയിരുന്നു. സംഭത്തിൽ വി ഫോർ കൊച്ചിക്ക് പങ്കില്ലെന്നും തങ്ങളുടെ പ്രവർത്തകരെ പൊലീസ് മനഃപൂർവം വേട്ടയാടുകയാണെന്നുമാണ് സംഘടനയുടെ നിലപാട്.
തേവരയിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയാണ് നിപുൺ ചെറിയാൻ വീണ്ടും മറ്റൊരു കുറ്റം ആവർത്തിച്ചതെന്നായിരുന്നു പ്രൊസിക്യൂഷന്റെ പ്രധാന വാദം. കഴിഞ്ഞ ഡിസംബർ 31ന് പാലം തുറന്ന് കൊടുക്കുന്നുവെന്ന ആഹ്വാനം വഴി വി ഫോർ കൊച്ചി ക്യാംപെയ്ൻ കൺട്രോളറായ നിപുൺ ചെറിയാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സംഘം ചേരാൻ നിർബന്ധിച്ചെന്നും പ്രൊസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചു. നിലവിലെ കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും സമാന കുറ്റം ചെയ്തെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി.
ശനിയാഴ്ചയാണ് വൈറ്റില കുണ്ടന്നൂർ മേൽപ്പാലം ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് പരിപാടിയിൽ പങ്കെടുക്കുക.മന്ത്രിമാരായ ജി സുധാകരനും,തോമസ് ഐസക്കും പരിപാടിയിൽ നേരിട്ട് പങ്കെടുക്കും.
മറുനാടന് ഡെസ്ക്