കൊട്ടാരക്കര: സന്നിധാനത്ത് പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത ബിജെപി നേതാവ് കെ സുരേന്ദ്രന് മേൽ കുരുക്ക് മുറുകുന്നു. ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിൽ അൻപത്തിരണ്ടുകാരിയെ ആക്രമിച്ച കേസിൽ സുരേന്ദ്രന് കോടതി ജാമ്യം നിഷേധിച്ചു. സുരേന്ദ്രന് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം ശരിവെച്ചു കൊണ്ടാണ് റാന്നി ജുഡീഷ്യൽ കോടതിയുടെ തീരുമാനം. ഒരു മണിക്കൂർ സുരേന്ദ്രനെ പൊലീസിന് ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ശേഷം ബന്ധുക്കളോട് ഫോണിൽ സംസാരിക്കാനും കോടതി അനുമതി നൽകി. അതേസമയം ജയിൽ മാറ്റാനുള്ള തീരുമാനം സൂപ്രണ്ടിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ സുരേന്ദ്രന്റെ ജയിൽവാസം ഇനിയും നീളാനാണ് സാധ്യത.

വധശ്രമത്തിന് സമാനമായ ഗൂഢാലോചനയെന്ന വിധത്തിലാണ് സുരേന്ദ്രനെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഈ കുറ്റം ചുമത്തിയ സാഹചര്യത്തിൽ സുരേന്ദ്രന് ജാമ്യം നൽകാൻ ആകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതിനിടെ, സുരേന്ദ്രനെതിരെ ആദ്യം നൽകിയ റിപ്പോർട്ടിൽ ഗുരുതര പിഴവുകൾ കടന്നുകൂടിയത് പൊലീസിനെ വെട്ടിലാക്കിയിരുന്നു. അസ്വാഭാവിക മരണം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇക്കാര്യം സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയതോടെ അധികമായി ചേർത്ത കേസുകളെല്ലാം പൊലീസ് ഒഴിവാക്കി.

ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അറസ്റ്റ് ചെയ്ത കെ.സുരേന്ദ്രനെതിരെ കോടതിയിൽ നൽകിയ ആദ്യ റിപ്പോർട്ടിൽ കേസ് നമ്പർ 1198/18 എന്നത് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശശിയെന്ന വ്യക്തിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതേ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാർഗ തടസമുണ്ടാക്കിയതിന് ഓട്ടോ ഡ്രൈവറെ പ്രതിയാക്കിയ കേസ് നമ്പർ 705/ 15ലും സുരേന്ദ്രൻ പ്രതിപട്ടികയിലുണ്ട്. ഈ രണ്ട് കേസിലും സുരേന്ദ്രൻ പ്രതിയല്ലെന്ന് സാമാന്യയുക്തിയുള്ളവർക്ക് മനസിലാകും. കന്റോൺമെന്റ് സ്റ്റേഷനിൽ ബിജെപി നേതാക്കൾ പ്രതികളായ കേസ് നമ്പർ 1284/18, 1524/17 എന്നിവയിലും സുരേന്ദ്രൻ പ്രതിയല്ലെന്ന് അഭിഭാഷകർ വാദിച്ചു. ഇതോടെ നിലപാടിൽ മലക്കം മറിഞ്ഞ പൊലീസ് സുരേന്ദ്രനെതിരെ ഒമ്പത് കേസുകളുണ്ടെന്നത് തിരുത്തി അഞ്ച് കേസാക്കി.

വൻ പൊലീസ് സുരക്ഷയിലാണ് സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കിയത്. കൊട്ടാരക്കര ജയിലിൽ അടിസ്ഥാനസൗകര്യങ്ങൾ കുറവായതിനാൽ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. അതേസമമയം കെ.സുരേന്ദ്രനെതിരായ കള്ളക്കേസുകൾക്കെതിരേ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരുമെന്ന് ബിജെപി.സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള അറിയിക്കുകയുണ്ടായി. ബിജെപി. നേതാക്കൾക്കെതിരേ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ തെറ്റായ കാര്യങ്ങളാണ് എഴുതിച്ചേർത്തിരിക്കുന്നതെന്നും സംസ്ഥാനത്തെ പൊലീസും ഭരണകൂടവും വിഡ്ഢികളാണെന്നും അദ്ദേഹം ആരോപിച്ചു.

'കേരളം നാണംകെട്ട നാടായി മാറുകയാണ്. പൊലീസിന്റെ നടപടികൾ നിയമവ്യവസ്ഥയ്ക്ക് തന്നെ അപമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനെല്ലാം വളംവെച്ച് കൊടുക്കുകയാണ്. ഇത്തരത്തിൽ മുന്നോട്ടുപോയാൽ കേരളം എങ്ങോട്ടാണ് പോകുന്നതെന്നും ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു. റിമാൻഡിൽ കഴിയുന്ന കെ. സുരേന്ദ്രനെ പുറത്തിറക്കാൻ നിയമപരമായ ശ്രമങ്ങൾ തുടരും. ഞങ്ങൾ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നവരാണ്. കെ. സുരേന്ദ്രനെ ജാമ്യത്തിലിറക്കാൻ നോക്കും. കേസിന്റെ കാര്യങ്ങൾക്കായി മുതിർന്ന അഭിഭാഷകരെ അടക്കം ഉൾപ്പെടുത്തി പ്രത്യേകസെൽ രൂപീകരിക്കും. ബിജെപി. പ്രവർത്തകർക്കെതിരേ കള്ളക്കേസെടുത്ത് അടിച്ചമർത്താനുള്ള നീക്കത്തിനെതിരേ ദേശീയതലത്തിലടക്കം പോരാട്ടം ശക്തമാക്കുമെന്നും പി.എസ്. ശ്രീധരൻപിള്ള വ്യക്തമാക്കി.

എന്നാൽ കെ.സുരേന്ദ്രന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപിയിൽ അസംതൃപ്തി പുകയുന്നുണ്ട്. ശ്രീധരൻ പിള്ളയും എം ടി.രമേശും അടക്കമുള്ള നേതാക്കൾ സുരേന്ദ്രന്റെ ജയിൽ വാസവുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭ പരിപാടികളിൽ വിമുഖത കാട്ടുന്നു എന്നാണ് ഈ അസംതൃപ്തിക്ക് പിന്നിൽ. ശബരിമല പോലുള്ള ഒരു പ്രശ്‌നത്തിൽ അറസ്റ്റിലായ സുരേന്ദ്രനെ കാണാൻ ആറു ദിവസം കഴിഞ്ഞിട്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള എത്തുന്നത് എന്ന് മറുപക്ഷം ആയുധമാക്കിയിട്ടുണ്ട്. ശശികല ടീച്ചറെ അറസ്‌റ് ചെയ്തപ്പോൾ രാത്രിക്ക് രാത്രിയാണ് ഹർത്താൽ പ്രഖ്യാപിക്കപെട്ടത് എന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അസംതൃപ്തി നുരപൊട്ടിയതോടെ ശ്രീധരൻ പിള്ള, ശോഭാ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ് എന്നിവർ സുരേന്ദ്രനെ കാണാൻ പന്തളത്തേക്ക് തിരിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ അറസ്റ്റ് ബിജെപിയിലെ ഗ്രൂപ്പ് വഴക്കുകൾക്ക് കണക്കു തീർക്കാനുള്ള ആയുധമാകുന്നു എന്നും ബിജെപിയിൽ ആക്ഷേപമുണ്ട്. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രൻ അറസ്റ്റിലാകുന്നത്. ഇരുമുടിക്കെട്ടുമായി ദർശനവഴിയിൽ സഞ്ചരിക്കെയാണ് അറസ്റ്റ്. ശശികല ടീച്ചർ അറസ്റ്റിലായപ്പോൾ സജീവ പ്രക്ഷോഭവും ബന്തുമൊക്കെയായി ശബരിമല കർമ്മസമിതി രംഗത്തുണ്ടായിരുന്നു. പക്ഷെ സുരേന്ദ്രൻ അറസ്റ്റിലായപ്പോൾ സ്ഥിതി മാറി.

സുരേന്ദ്രൻ പ്രശ്‌നത്തിൽ ശബരിമല കർമ്മസമിതി രംഗത്തില്ല. ബിജെപി മാത്രമാണ് പ്രക്ഷോഭ പാതയിലുള്ളത്. സുരേന്ദ്രൻ പ്രശ്‌നത്തിൽ ശബരിമല കർമ്മ സമിതി രംഗത്തില്ലാത്തത് എന്തുകൊണ്ടാണ് എന്ന് ബിജെപിയിൽ നിന്നും ചോദ്യം ഉയരുന്നുണ്ട്. ഒപ്പം ശബരിമല വിഷയത്തിൽ ശ്രീധരൻ പിള്ള നടത്തുന്ന വാർത്താ സമ്മേളനങ്ങളും വിമർശനത്തിന് കാരണമാകുന്നുണ്ട്. ഇറങ്ങി പ്രവർത്തിക്കേണ്ട ഘട്ടത്തിൽ ആ പ്രക്ഷോഭത്തിനു നേതൃത്വം നൽകാതെ വാർത്താസമ്മേളനത്തിലും പത്രക്കുറിപ്പിലും ശ്രദ്ധ ചെലുത്തുന്നതിലാണ് പിള്ളയ്ക്ക് വിമർശനം നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന ലാപ്പ് വരെ പേരുള്ള നേതാവായിരുന്നു കെ,സുരേന്ദ്രൻ.

ആർഎസ്എസ് എതിർപ്പ് കാരണമാണ് സുരേന്ദ്രന് അവസരം നഷ്ടമായത്. ഈ അവസരത്തിലാണ് ശ്രീധരൻ പിള്ളയ്ക്ക് രണ്ടാമതും ബിജെപി സംസ്ഥാന പ്രസിഡന്റ് ആയി നറുക്ക് വീണത്. ശബരിമല കർമ്മസമിതി ആർഎസ്എസ് നിയന്ത്രണത്തിലായതിനാൽ സുരേന്ദ്രനോടുള്ള എതിർപ്പ് കർമസമിതി വിഷയമാ ക്കുന്നുണ്ടോ എന്നാണ് ചോദ്യം ഉയരുന്നത്. ഈ പ്രശ്‌നം ബിജെപിയിലും നിലനിൽക്കുന്നതിനാൽ ഇന്നലെ ബിജെപി കോർകമ്മറ്റി അടിയന്തിരമായി യോഗം ചേർന്നിരുന്നു.