ജിദ്ദ: ഇന്ത്യയിൽ നിന്നുള്ള വീട്ടുവേലക്കാരികളുടെ റിക്രൂട്ടമെന്റ് രംഗത്ത് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഇന്ത്യയിൽ നിന്ന് വീട്ടുവേലക്കാരികളെ സൗദിയിലേക്ക് അയക്കുന്നതിന് തടസങ്ങളൊന്നുമില്ലെന്ന് കേന്ദ്ര സർക്കാർ സൗദിയെ രേഖാമൂലം അറിയിച്ചതായി സൗദി തൊഴിൽ മന്ത്രാ ലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് അൽ ഫുഹൈദ് വെളിപ്പെടുത്തി. ഇതോടെ മലയാളികൾ ഉൾപ്പെട്ട ഇന്ത്യക്കാർക്ക് സൗദിയിലേക്ക് ജോലിക്കായി പോകാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

കൂടാതെ വീട്ടുവേലക്കാരികൾ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇന്ത്യയിൽ പ്രത്യേക റിക്രൂട്ട്‌മെന്റ് ഓഫിസ് തുറക്കാ ൻ സൗദി തൊഴിൽ മന്ത്രാലയം നടപടികളാരംഭിച്ചു. ഇന്ത്യയിലെ മറ്റു റിക്രൂട്ട്‌മെന്റ് ഓഫിസുകൾ വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിനു വിമുഖത കാണിക്കുന്നതിനാലാണ് ഇന്ത്യ ഗവൺമെന്റിന്റെ സഹകരണത്തോടെ ഗാർഹിക തൊഴിലാളികൾക്കു മാത്രമായി പ്രത്യേക റിക്രൂട്ട്‌മെന്റ് ഓഫിസ് ആരംഭിക്കാൻ ശ്രമമാരംഭിച്ചത്.

ഇന്ത്യയിൽ നിന്നു ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഒന്നര വർഷം മുമ്പ് സൗദിയും ഇന്ത്യയും തമ്മിൽ തൊഴിൽ കരാർ ഒപ്പിട്ടിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളിലും ഉന്നത ഉദ്യോഗ തലത്തിലുള്ള പ്രത്യേക കമ്മിറ്റിക്കും രൂപംനൽകുകയുണ്ടായി. ഇതേ തുടർന്ന് റിക്രൂട്ട്‌മെന്റ് നടപടികൾ ആരംഭിച്ചെങ്കിലും കൂടുതൽ വേലക്കാരികൾ ഇന്ത്യയിൽ നിന്നും
സൗദിയിലെത്തിയിട്ടില്ലെന്നാണ് ഇതുവരെയുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസം കുറഞ്ഞ വേലക്കാരികളെ റിക്രൂട്ട് ചെയ്യുമ്പോൾ തൊഴിലുടമ 10,000 റിയാലിനു സമമായ യു.എസ് ഡോളർ ഗ്യാരണ്ടി തുകയായി ഇന്ത്യൻ മിഷനിൽ കെട്ടിവയ്ക്കണമെന്ന് കേന്ദ്ര
സർക്കാർ വ്യവസ്ഥ ചെയ്തിരുന്നു. ഈ നിബന്ധന കാരണം സ്വദേശികൾ ഇന്ത്യൻ വേലക്കാരികളെ റിക്രൂട്ട് ചെയ്യാൻ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.