ജിദ്ദ: പ്രവാസികളുടെ മേൽ വീണ്ടും നിയന്ത്രണങ്ങളുമായി സൗദി സർക്കാർ. അഞ്ച് അംഗങ്ങളിൽ കുറവുള്ള കുടുംബങ്ങൾക്ക് വലിയ വാഹനങ്ങൾ അനുവദിക്കില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. അഞ്ചംഗങ്ങളിൽ കുറവുള്ള കുടുംബങ്ങൾക്ക് ഏഴു സീറ്റുകളോ അതിൽ കൂടുതലോ സീറ്റുകളുള്ള വാഹനങ്ങൾ അനുവദിക്കേണ്ടതില്ല എന്നാണ് ഡയറക്ടറേറ്റ് ഉത്തരവിൽ പറയുന്നത്.

ഇതുസംബന്ധിച്ചുള്ള സർക്കുലർ എല്ലാ ഡിപ്പാർട്ട്‌മെന്റുകൾക്കും നൽകിക്കഴിഞ്ഞു. ഈ നിബന്ധന പാലിക്കാത്ത വിദേശികളുടെ രജസ്‌ട്രേഷൻ റദ്ദാക്കാനാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. അഞ്ചോ അതിൽ കൂടുതലോ അംഗങ്ങളുള്ള കുടുംബങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്നതിന് വാഹനം ഉപയോഗിക്കില്ല എന്ന് അധികൃതർക്ക് ഇവർ എഴുതി നൽകിയിരിക്കണം.

സ്‌കൂൾ കുട്ടികൾ മറ്റു യാത്രക്കാർ എന്നിവരെ അനധികൃതമായി ട്രാൻസ്‌പോർട്ട് ചെയ്യുന്നതിന് ചിലർ ഇത്തരത്തിൽ വലിയ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഡയറക്ടറേറ്റ് ഉത്തരവിറക്കിയതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.