തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെതിരെ വധഭീഷണി മുഴക്കി മുഖ്യമന്ത്രിയുടെ ബന്ധുവിനെതിരെ കേസെടുക്കാനാകില്ലെന്ന് സർക്കാർ. സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിഷേധത്തിന്റെ വാർത്ത നൽകിയ മാധ്യമ പ്രവർത്തകനെതിരെ മുഖ്യമന്ത്രി പിണറായിയുടെ ജ്യേഷ്ടന്റെ മകൻ അഡ്വ. സി. സത്യനാണ് വധഭീഷണി മുഴക്കിയത്.

വാട്ട്‌സ് അപ്പ് വഴിയാണ് തന്റെ ബന്ധു ഭീഷണി മുഴക്കിയതെന്നും അതുകൊണ്ട് പൊലീസിന് നേരിട്ട് കേസ് രജിസ്റ്റർ ചെയ്യാൻ നിർവ്വാഹമില്ലെന്നുമാണ് മുഖ്യമന്ത്രി നിയമ സഭയിൽ നൽകിയ വിചിത്രമായ മറുപടി. കോടതിയുടെ നിർദ്ദേശപ്രകാരം മാത്രമേ തുടർ നടപടി ഇക്കാര്യത്തിൽ സ്വീകരിക്കാൻ സാധിക്കുകയുള്ളുവെന്ന് പരാതിക്കാരനെ അറിയിച്ചുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാട്ട്‌സ് അപ്പ് വഴി വധഭീഷണി മുഴക്കിയാൽ കേസെടുക്കാൻ നിർവ്വാഹമില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി നിയമ വിരുദ്ധമാണ്. കണ്ണൂർ മീഡിയയുടെ മാധ്യമപ്രവർത്തകനായ ശിവദാസൻ കരിപ്പാലിനാണ് ഭീഷണി സന്ദേശം അയച്ചത്. മുഖ്യമന്ത്രിക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്താൽ ശ്വാസം ബാക്കിയുണ്ടാവില്ല എന്നായിരുന്നു ഭീഷണി.

ശിവദാസൻ കരിപ്പാലിന്റെ വാട്സാപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. കണ്ണൂരിൽ ജീവിക്കുന്നത് പേടിയോടെ ആണെന്നും ശിവദാസൻ പറഞ്ഞു. ഭീഷണി സന്ദേശം ഗൗരവത്തോടെയാണ് കാണുന്നതെന്നും ശിവദാസൻ കരിപ്പാൽ പറഞ്ഞു. അതേസമയം സന്ദേശം അയച്ചത് താൻ തന്നെയാണെന്ന് സത്യൻ സ്ഥിരീകരിച്ചിരുന്നു.

കണ്ണൂരിലെ മുതിർന്ന മാധ്യമ പ്രവർത്തകനാണ് ശിവദാസൻ. അമൃതാ ടിവിയുടെ കണ്ണൂർ ബ്യൂറോ ചീഫായിരുന്നു. അമൃതയിൽ നിന്ന് മാറിയ ശേഷമാണ് കണ്ണൂരിലെ പ്രാദേശിക ഇടപെടൽ നടത്തുന്ന മാധ്യമത്തിന് തുടക്കം കുറിച്ചത്. നിരവധി വിഷയങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ബന്ധു സി സത്യൻ, കരിപ്പാലിന്റെ വാട്സാപ്പിൽ കൊലവിളി സന്ദേശം അയച്ചത്. മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാലിന് സന്ദേശം അയച്ചത് താൻ തന്നെയെന്ന് സത്യൻ പറഞ്ഞിരുന്നു. പറഞ്ഞ വാക്കുകളിൽ താൻ ഉറച്ച് നിൽക്കുകയാണ്. മാധ്യമങ്ങളോട് കൂടുതൽ വിശദീകരിക്കാനില്ലെന്നും സത്യൻ പറഞ്ഞിരുന്നു. അതായത് ഭീഷണിപ്പെടുത്തിയെന്നതിനെ ആ അർത്ഥത്തിൽ തന്നെ സത്യൻ ഉയർത്തിക്കാട്ടുന്നുവെന്നതാണ് പ്രധാനം.

പിണറായിക്കെതിരെ വരുന്ന പ്രചരണങ്ങൾ ഒക്കെ വളരെ പ്രാധാന്യത്തോടെ കൊടുക്കാൻ നിങ്ങൾക്ക് താൽപര്യം ഉണ്ടാകുമെന്ന് അറിയാം. ശ്രദ്ധയോടുകൂടി കൊടുത്താൽ മതി, കാരണം നിങ്ങളുടെ കാര്യങ്ങളൊക്കെ ഞങ്ങളുടെ കയ്യിലുണ്ട് , എന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നു. 'നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇതൊക്കെ കൊടുത്താൽ ആളാവാം എന്ന്. എന്നാൽ ആളുണ്ടെങ്കിൽ അല്ലേ ആളാകാൻ പറ്റു. നിങ്ങൾ ആളാകാതിരിക്കാൻ ഉള്ള എല്ലാ കാര്യങ്ങളും ഞങ്ങളുടെ കൈയിൽ ഉണ്ട്. നോക്കിയും കണ്ടും കാര്യങ്ങൾ ചെയ്താൽ മതി' എന്നാണ് ശബ്ദ സന്ദേശത്തിലെ ഭീഷണി.

പിണറായിക്ക് പാർട്ടി കൊടുത്ത ഒരു പ്രവർത്തനമാണ് മുഖ്യമന്ത്രി സ്ഥാനം. അതൊരു അലങ്കാരമായി പാർട്ടിയും പിണറായിയും കാണില്ല . 'അതിനെതിരെ പ്രതികരിക്കുമ്പോൾ, അമിതപ്രാധാന്യം കൊടുക്കുമ്പോൾ ശ്വാസം ഉണ്ടെങ്കിൽ അല്ലേ,നമ്മുടെ ശ്വാസം ആണല്ലോ പ്രധാനം. നന്നായിട്ട് ശ്വസിക്കുക. ഒക്കെ കാണാം. ' എന്ന ഭീഷണിയോടെ കൂടിയാണ് സന്ദേശം അവസാനിക്കുന്നത്. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിക്ക് നൽകിയ രഹസ്യമൊഴിയിലെ ചില വിവരങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞത് സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. അന്നേ ദിവസം രാത്രി കണ്ണൂരിൽ യൂത്ത് കോൺഗ്രസും കെഎസ്‌യു വും പ്രതിഷേധപ്രകടനങ്ങൾ നടത്തിയിരുന്നു.

യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധപ്രകടനം റിപ്പോർട്ട് ചെയ്തതാണ് മുഖ്യമന്ത്രിയുടെ ബന്ധുവിനെ പ്രകോപിപ്പിച്ചത്. വാർത്തയുടെ ഓൺലൈൻ ലിങ്ക് മറ്റുള്ളവർക്ക് എന്നപോലെ പോലെ അടുത്ത പരിചയക്കാരനായ മുഖ്യമന്ത്രിയുടെ ബന്ധുവിനും അയച്ചുകൊടുത്തിരുന്നു. ഭീഷണിയെ ഭയക്കുന്നില്ല എന്നും ശിവാദാസൻ കരിപ്പാൽ പറഞ്ഞുിരുന്നു.