കൊച്ചി: കോടിയേരിയുടെ മകൻ ബിനോയ്ക്ക് ദുബായിൽ കേസില്ല. എന്നാൽ സാമ്പത്തിക ഇടപാടുകളിൽ പ്രതിസ്ഥാനത്തായോ? ഇക്കാര്യത്തിൽ കൃത്യമായ മറുപടിയില്ല. ദുബായ് പൊലീസിന്റേയും കോടതിയുടേയും ക്ലീൻ സർട്ടിഫിക്കറ്റുകൾ എല്ലാം ശരിയാക്കിയെന്ന ആത്മവിശ്വാസത്തിൽ സിപിഎം നേതൃത്വം എത്തുമ്പോൾ അണികൾ നിരാശരാണ്. പാർട്ടി നേതാക്കളുടെ മക്കളുടെ ആഡംബര ജീവിതാണ് ദുബായിലെ ഇടപാടുകൾ പൊളിച്ചത്. സോഷ്യൽ മീഡിയയിൽ ആവേശത്തോടെ സൈബർ സഖാക്കൾ കോടിയേരിയെ ന്യായീകരിക്കുമ്പോഴാണ് താഴ തലത്തിൽ അണികൾ സത്യം അറിയാതെ പ്രതിസന്ധിയിലാകുന്നത്. വിവാദമുണ്ടായപ്പോൾ പ്രതിരോധത്തിലായ കോടിയേരിയും മക്കളും ഇന്നലെ വീറ് വീണ്ടെടുത്തു. സാമ്പത്തിക ഇടപാടെല്ലാം താൻ കാശുകൊടുത്ത് പരിഹരിക്കുമെന്ന രവി പിള്ളയുടെ വാക്കാണ് തുണയായത്. ഇത് മറച്ചുവച്ചാണ് ഇപ്പോഴത്തെ കടന്നാക്രമണങ്ങൾ.

കോടികൾ വായ്പ വാങ്ങി വഞ്ചിച്ചെന്ന് ആരോപിക്കപ്പെട്ട ബിനോയ് കോടിയേരിയുടെ പേരിൽ പൊലീസിലോ കോടതിയിലോ ഒരു കേസും നിലവിലില്ലെന്ന് ഔദ്യോഗികമായ സ്ഥിരീകരണം പുറത്തുവന്നതോടെയാണ് സൈബർ സഖാക്കൾ വാർത്ത വ്യാജമാണെന്ന പ്രചരണം ശക്തമാക്കിയത്. .കേരളത്തിൽ രാഷ്ട്രീയവിവാദം കത്തിനിൽക്കുന്നതിനിടെ ലഭിച്ച ഈ സർട്ടിഫിക്കറ്റുകൾ സിപിഎമ്മിനും വലിയ ഊർജം നൽകിയിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് ആരോപണം തള്ളിക്കൊണ്ടുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയും പുറത്തുവന്നത്. ദുബായിൽ ബിനോയിയുടെ പേരിൽ ഇതുവരെ കേസ് നിലവിലില്ലെന്ന് കാണിച്ച് ദുബായ് പൊലീസിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആക്ടിങ് ഡയറക്ടർ സാലെ ഖലീഫ അൽ ഖലീഫ അൽ റുമൈത്തിയാണ് സർട്ടിഫിക്കറ്റ് നൽകിയത്. മൂന്ന് മാസത്തെ സാധുതയുള്ളതാണ് ഈ സർട്ടിഫിക്കറ്റ്. ഷാർജയിൽ ബിനോയ് നടത്തിവരുന്ന സോൾവ് മാനേജ്മെന്റ് കൺസൽട്ടൻസിയുടെ സ്പോൺസറുടെ അപേക്ഷ പ്രകാരമാണ് ദുബായ് പൊലീസ് സർട്ടിഫിക്കറ്റ് നൽകിയത്.

ഇതിന് പിന്നാലെയാണ് ദുബായ് കോടതിയുടെ സർട്ടിഫിക്കറ്റും ബിനോയിക്കുവേണ്ടി നേടിയത്. ഈ തീയതി വരെ ദുബായ് കോടതികളിൽ ബിനോയിക്കെതിരേ ഒരു കേസും നിലവിലില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയും സ്പോൺസറാണ് സമ്പാദിച്ചത്. കേരളത്തിലെ ഉന്നത സിപിഎം. നേതൃത്വവുമായി ഉറ്റബന്ധം പുലർത്തുന്ന ദുബായിലെ ചിലരാണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. എന്നാൽ നവംബറിൽ കേസുമായി ബന്ധപ്പെട്ട് ദുബായിൽ പോയിരുന്നുവെന്ന് ബിനോയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് വിരുദ്ധമാണ് കോടതിയുടെ സാക്ഷ്യ പത്രം. അതിനിടെ സർട്ടിഫിക്കറ്റുകളിലെ അക്ഷര പിശകും ചർച്ചയായിട്ടുണ്ട്.  ഇന്ത്യൻ കോൺസുലേറ്റ് എന്ന ഭാഗത്താണ് അക്ഷര പിശക് കടന്നു കൂടിയത്.

ഒരു പ്രധാനപ്പെട്ട വാർത്ത പുറത്തു വരുമ്പോൾ അതിലെ ഏതെങ്കിലും ഒരു ചെറിയ പാളിച്ച കണ്ടു പിടിച്ചു ആഘോഷം ആക്കുക. എന്നിട്ടു സംഘടിതമായി അത് പ്രചരിപ്പിക്കുക. അതിനു ശേഷം വാർത്ത മൂഞ്ചി എന്ന പോസ്റ്ററും സംഘടിതമായി പ്രചരിപ്പിക്കുക. അതോടെ വാർത്ത കൊടുത്തവർ കുറ്റക്കാരും പ്രതികൾ രക്തസാക്ഷികളും ആകും-ഈ രീതിയാണ് ബിനോയിക്ക് അനുകൂലമായ പ്രചരണത്തിനും സൈബർ സഖാക്കൾ ഉപയോഗിക്കുന്നത്. എന്നാൽ നേതാക്കളുടെ മക്കൾ ദുബായിൽ കോടികളുടെ ഇടപാടുകൾ നടത്തിയത് സമ്മതിക്കേണ്ടിയും വരുന്നു. പാർട്ടി സെക്രട്ടറിയുടെ മക്കളുടെ ആഡംബര ജീവിതം പാലക്കാട് പ്ലീനത്തിന്റെ തീരുമാനത്തിന് വിരുദ്ധമാണ്. ഇത് അണികളെ തീർത്തും നിരാശരാക്കുകയും ചെയ്യുന്നു.

പൊലീസ് ക്ലിയറൻസ് സര്ടിഫിക്കെറ്റുമായി മുഖം രക്ഷിക്കാനുള്ള നീക്കമാണ് സിപിഎം നടക്കുന്നത്. പാർട്ടിക്ക് പരാതി നൽകി എന്നതായിരുന്നു കാതലായ് വിഷയം. ആ പരാതിക്കു പരിഹാരം ഉണ്ടായില്ലെങ്കിൽ കേസ് കൊടുക്കുമെന്നും കേസ് കൊടുത്താൽ മുങ്ങിയാലും ഇന്റർപോൾ പൊക്കുമെന്നതാണ് പ്രശ്‌നം. പരാതിയിൽ പറയുന്നത് സത്യമാണോ എന്നതാണ് വിഷയം. പണം തിരിച്ചു നല്കിയില്ലെങ്കിലേ കേസാവു എന്ന് വ്യക്തമാക്കിയിരുന്നു. ഇത് ഉപയോഗിച്ചാണ് കോടിയേരിയും കുടുംബവും രക്ഷപ്പെടാൻ ശ്രമിക്കുന്നത്. കാശ് കൊടുക്കാമെന്ന് രവിപിള്ള സമ്മതിച്ചതോടെ കേസും വഴക്കുമൊന്നും ഉണ്ടാകില്ലെന്നും വ്യക്തമായി. പക്ഷേ 13 കോടി ലോണെടുക്കാൻ മാത്രം സാമ്പത്തിക കരുത്ത് പിണറായിയുടെ മകൻ എങ്ങനെ നേടിയെന്ന് ഇപ്പോഴും ആർക്കും വ്യക്തതയില്ല.

ബിനോയിക്കെതിരേ സാമ്പത്തിക ഇടപാടിന്റെ പേരിൽ ഒരു കേസും ഇന്ത്യയിലൊരിടത്തും നിലവിലില്ല. തന്റെ പേരിൽ ദുബയിലും ഏതെങ്കിലും തരത്തിലുള്ള കേസോ യാത്രാവിലക്കോ നിലവിലില്ലെന്ന് ബിനോയ് തന്നെ വ്യക്തമാക്കിയതാണ്. മറിച്ചാണെന്നു തെളിയിക്കുന്ന ഒരു രേഖയും ഒരു മാധ്യമവും ഉദ്ധരിച്ചിട്ടില്ല. ദുബയിൽ നടന്ന സാമ്പത്തിക ഇടപാട് സംബന്ധിച്ചു പരാതികളുള്ളതായാണ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തത്. ഒരു വിദേശരാജ്യത്തു നടന്നുവെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടിൽ കേരള സർക്കാരിനോ കേരളത്തിലെ സിപിഎമ്മിനോ യാതൊന്നും ചെയ്യാനില്ല. ഈ വസ്തുതകൾ മറച്ചുവച്ച് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുകയും അതിന്മേൽ ചർച്ച സംഘടിപ്പിക്കുകയും ചെയ്യുന്നത് ദുരുദ്ദേശ്യപരമാണെന്ന് സിപിഎം പറയുന്നു.

പണമിടപാട് സംബന്ധിച്ച് ബിനോയിക്കെതിരേ ദുബായിൽ കേസുണ്ടെന്നും അവിടേക്ക് അദ്ദേഹത്തെ എത്തിക്കാൻ ഇന്റർപോളിനോട് ദുബായ് കോടതി നിർദ്ദേശം നൽകി എന്നുമായിരുന്നു ദുബായിലെ ജാസ് ടൂറിസം എൽ.എൽ.സിയുടെ സ്പോൺസർ ഹസ്സൻ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖി സിപിഎം. നേതൃത്വത്തിന് നൽകിയ പരാതി. പണമിടപാടിന് ഇടനിലക്കാരനായും മധ്യസ്ഥനായും നിന്ന രാകുൽ കൃഷ്ണന്റെ കമ്പനിയാണ് ജാസ് ടൂറിസം. സ്വദേശിയായ യു.എ.ഇ. പൗരനെ മുന്നിൽനിർത്തി രാകുലായിരുന്നു ഇടപാടുകളുടെ സൂത്രധാരൻ. ജാസ് ടൂറിസവുമായി തനിക്ക് ബന്ധമില്ലെന്ന് രാകുൽ പറയുന്നുണ്ടെങ്കിലും ഇയാളുടെ അടുത്തബന്ധുക്കൾ തന്നെയാണ് ഇപ്പോഴും ഓഫീസ് നിയന്ത്രിക്കുന്നത്.

ചെക്ക് മടങ്ങുകയോ പണം നൽകാതിരിക്കുകയോ ചെയ്താൽ പൊലീസ് കേസ് യു.എ.ഇയിൽ സ്വാഭാവികമായ നടപടിയാണ്. കോടതിയിൽ പിഴ ഒടുക്കി കേസിൽനിന്ന് ഒഴിവാകാനും സാധിക്കും. ഇതാണ് ക്രിമിനൽ കേസിന്റെ യു.എ.ഇ.യിലെ രീതി. ഇത് സിവിൽ കേസ് ആയി ഫയൽ ചെയ്യണമെങ്കിൽ ഉന്നയിക്കപ്പെട്ട തുകയുടെ മുപ്പത് ശതമാനം ഹർജിക്കാരൻ കെട്ടിവെക്കണം. അത്തരം സിവിൽ കേസുകളൊന്നും ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടില്ല. പക്ഷേ പണം തിരിച്ചു നൽകിയാൽ അത് വേണ്ടി വരില്ല. ഇത് മനസ്സിലാക്കിയാണ് ഒത്തുതീർപ്പ് ചർച്ചകളിലൂടെ പണം തിരികെ നൽകാൻ ധാരണയായതും.

നേതാക്കളുടെ മക്കൾ ആരോപണങ്ങൾക്ക് ഇടവരുത്തുന്ന ഇത്തരം സാഹചര്യങ്ങളിൽ നിന്നു മാറിനിൽക്കാൻ ജാഗ്രത കാണിക്കണമെന്ന വിലയിരുത്തിലൽ സിപിഎമ്മും എത്തിയിട്ടുണ്ട്. ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിക്കളഞ്ഞെങ്കിലും സംസ്ഥാന സെക്രട്ടറിയുടെ മകന്റെ ആഡംബരജീവിതം പാർട്ടി സമ്മേളനത്തിൽ ചർച്ചയായേക്കും. തെറ്റുതിരുത്തൽ രേഖ അടിസ്ഥാനാക്കിയായിരിക്കും ചർച്ചകൾ ഉയരുക. അണികളുടെ പ്രതിഷേധം പുതിയ തലത്തിലേക്ക് എത്തുന്ന തരത്തിൽ ഈ ചർച്ചകൾ മാറുമോ എന്ന ആശങ്ക നേതൃത്വത്തിനും ഉണ്ട്.