തിരുവനന്തപുരം: കരിമണൽ ലോബിയോട് ഏറ്റുമുട്ടി കുറച്ചുകാലം രാഷ്ട്രീയ വനവാസത്തിലായിരുന്ന വി എം സുധീരൻ ഇപ്പോൾ സുശക്തനാണ്. പഴയതൊന്നും മറക്കാതെ എന്നാൽ ഒന്നിനും പ്രതികാരം ചെയ്യാതെ അഴിമതി വിരുദ്ധമുഖവുമായി ഇന്ന് ജനങ്ങൾക്കിടയിൽ സജീവമാണ് അദ്ദേഹം. 35 വർഷത്തെ സജീവ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം തോൽവിയറിഞ്ഞത് 2004ൽ സ്വന്തം തട്ടകമെന്ന് കരുതിയ ആലപ്പുഴയിൽ.

കരിമണൽലോബിക്കെതിരെ സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ചതോടെയാണ് അദ്ദേഹത്തിനു ആദ്യ തോൽവി ഏറ്റുവാങ്ങേണ്ടിവന്നത്. ശത്രുക്കൾ തന്റെ മുന്നണിക്കുള്ളിൽ തന്നെയാണെന്ന് വിളിച്ചുപറയാനുള്ള ധൈര്യവും അദ്ദേഹം കാണിച്ചു. കുഞ്ഞാലിക്കുട്ടിയാണ് തന്റെ തോൽവിക്കു പിന്നിലെന്ന് അദ്ദേഹം പറയാതെ പറഞ്ഞു. വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയും കരിമണൽ ലോബിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് തന്റെ പരാജയത്തിനു പിന്നിലെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു.

അതിനൊക്കെ പകരംവീട്ടാനുള്ള അവസരമായാണ് മലബാർ സിമന്റ്‌സ് അഴിമതി സംബന്ധിച്ച് വീണ്ടും ഇയരുന്ന വിവാദത്തെ സുധീരൻ സമീപിക്കുന്നത്. യുഡിഎഫ് ഭരണകാലത്താണ് മലബാർ സിമന്റ്‌സിൽ കൂടുതൽ അഴിമതികൾ നടന്നത്. കൂടുതൽ വിജിലൻസ് കേസുകൾ നിലനിൽക്കുന്നതും ഈ കാലഘട്ടത്തിലാണ്. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് കൂടുതൽ കേസുകൾ ഉണ്ടായിട്ടുള്ളതെന്നതും സുധീരനു ആവേശം പകരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ ബിനാമിയെന്ന് അറിയപ്പെടുന്ന വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണൻ എന്ന വി എം രാധാകൃഷ്ണൻ മുൻ വ്യവസായ മന്ത്രി എളമരം കരീമിന് പണം നൽകിയെന്ന മലബാർ സിമന്റ്‌സ് മുൻ എംഡി സുന്ദരമൂർത്തിയുടെ രഹസ്യമൊഴിയും അതിനോടു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പ്രതികരണവുമാണ് സുധീരൻ ഇപ്പോൾ ആയുധമാക്കിയിരിക്കുന്നത്. ആരോപണം ഉയർന്ന സാഹചര്യത്തിൽ എളമരം കരീം എന്നല്ല, വി എസ് അച്യുതാനന്ദൻ ആയാലും അന്വേഷണം നേരിടണം എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

ഇത് ഏറ്റുപിടിച്ച് മലബാർ സിമന്റ്‌സിലെ എല്ലാ അഴിമതിയും സിബിഐ അന്വേഷിക്കണമെന്ന ആവശ്യമാണ് വി എം സുധീരൻ ഉന്നയിക്കുന്നത്. ഇതിലൂടെ അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത് എളമരം കരീമിനെ മാത്രമല്ല, കുഞ്ഞാലിക്കുട്ടിയെത്തന്നെയാണെന്ന് സുവ്യക്തം. എന്നാൽ ഈ കളിയെ ലീഗ് തുടക്കത്തിലേ വെട്ടിയിരിക്കുകയാണ്. ആടിയുലഞ്ഞു നിൽക്കുന്ന സർക്കാരിനെ ശക്തമായി താങ്ങി നിർത്തുന്നത് ലീഗാണ്.

ഈ സാഹചര്യത്തിൽ സിബിഐ അ്വഷണം എന്നതിനെക്കുെറിച്ച് ചിന്തിക്കാൻപോലും സർക്കാരിനെ അനുവദിക്കില്ലെന്നാണ് ലീഗ് അറിയിച്ചിരിക്കുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സിബിഐ അന്വേഷണം എന്ന ആവശ്യത്തെ നിഷ്‌കരുണം തള്ളിയത്.